ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിലെ പ്രസിഡന്റ് പദം രാജിവെക്കാൻ നിർദ്ദേശം നൽകി സിപിഎം ജില്ലാ കമ്മിറ്റി. തൃപ്പെരുന്തുറ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ നേടിയ പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്നാണ് സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നിർദ്ദേശം.

സംസ്ഥാന കമ്മറ്റി തീരുമാനത്തിന് വിരുദ്ധമായുള്ള നിലപാട് സംസ്ഥാനത്തൊട്ടാകെ പാർട്ടിക്കെതിരായ വികാരം ഉണ്ടാക്കുന്നതായി കമ്മറ്റി വിലയിരുത്തി. പാർട്ടി നയത്തിന് വിരുദ്ധമായ പ്രാദേശിക കൂട്ടുകെട്ടുകൾ തിരുത്തപ്പെടണം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ഇത് പ്രചരണ ആയുധമാക്കാൻ ശ്രമിക്കുന്നതായും ജില്ലാ കമ്മിറ്റി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജി ആവശ്യപ്പെട്ടത്.

ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിൽ എൽഡിഎഫിന് നിരുപാധിക പിന്തുണ നൽകാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി തീരുമാനിക്കുകയായിരുന്നു. ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റുന്നതിനാണ് യുഡിഎഫ് ഇത്തരം നിലപാടെടുത്തത്. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. യുഡിഎഫിൽ നിന്നും പട്ടികജാതി വനിതകളാരും ജയിച്ചില്ല. ഈ സാഹചര്യത്തിലാണ് എൽഡിഎഫിൽ നിന്നും വിജയിച്ച പട്ടികജാതി വനിതയെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചത്.

കഴി‍ഞ്ഞതവണ എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ ഇത്തവണ യുഡിഎഫിനും ബിജെപിക്കും ആറു സീറ്റ് വീതവും എൽഡിഎഫിന് അഞ്ചു സീറ്റുമാണ് കിട്ടിയത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിരിക്കുകയാണ്. ബിജെപിക്കൊപ്പം ആറു സീറ്റ് ലഭിച്ചെങ്കിലും യുഡിഎഫിൽ പട്ടിക ജാതി വനിതകളാരും ജയിച്ചിരുന്നില്ല. അതേസമയം എൽഡിഎഫിനും ബിജെപിക്കും പട്ടികജാതി വനിത പ്രതിനിധികളുണ്ടായിരുന്നു താനും. ഈ സഹാചര്യത്തിലാണ് ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്താൻ ഇരുമുന്നണികളും ധാരണയിലെത്തിയത്.