കണ്ണൂർ: ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ പോക്‌സോ കേസ്. ഇ ഡി ജോസഫിനെതിരെയാണ് തലശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൗൺസിലിംഗിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. പെൺകുട്ടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്.

ഒക്ടോബർ 21നാണ് സംഭവമുണ്ടായത്. മറ്റൊരു പീഡന കേസിലെ ഇര ആയ കുട്ടിയെ തലശ്ശേരി പോക്സോ കോടതിയുടെ നിർദ്ദേശ പ്രകാരം ആണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ കൗൺസിലിംഗിന് അയച്ചത്. എരഞ്ഞോളി യിൽ ഉള്ള സിഡബ്ലൂസിയുടെ ഓഫീസിൽ വെച്ച് ചെയർമാൻ ഇ.ഡി ജോസഫ് ആണ് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയത്. ഇതിനിടെ ചെയർമാൻ അപമര്യാദയായി പെരുമാറി എന്നാണ് പരാതി.

ആദ്യ കേസിൽ മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകുന്നതിനിടെ ആണ് സിഡബ്ളയുസി ചെയർമാന്റെ ഭാഗത്തു നിന്നുണ്ടായ മോശമായ ഇടപെടലിനെ കുറിച്ച് പെൺകുട്ടി മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തിയത്. തുടർന്ന് കോടതിയുടെ നിർദ്ദേശ പ്രകാരം തലശ്ശേരി സ്റ്റേഷനിലെ വനിത പൊലീസ് ഇൻസ്‌പെക്ടർ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പിന്നാലെ ആണ് ഇ.ഡി ജോസഫിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

എന്നാൽ വനിത കൗൺസിലറുടെ സാന്നിധ്യത്തിലാണ് കൗൺസിലിങ് നടത്തിയതെന്നും പരാതിയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണന്നും ഇ.ഡി ജോസഫ് പറഞ്ഞു.