തിരുവനന്തപുരം. പ്രണയ വലയെറിഞ്ഞ് തിരുവനന്തപുരം ജില്ലയിലെ പ്രമുഖ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിനിയെ കുടുക്കിയ ശേഷം പീഡിപ്പിച്ച 16 കാരൻ ഒടുവിൽ പോക്‌സോ കേസിൽ ജുവൈനൽ ഹോമിൽ അടയ്ക്കപ്പെട്ടു. കാട്ടാക്കട ഡി.വൈ എസ്‌പി ക്ക് കീഴിലെ ഒരു സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബസിൽ വെച്ച് ദിനവും കണ്ടുള്ള പരിചയത്തിൽ പ്രതി പെൺകുട്ടിയുമായി അടുക്കുകയായിരുന്നു.

സർക്കാർ ഗേൾസ് ഹൈസ്‌ക്കൂളിൽ പഠിച്ചിരുന്ന പെൺകുട്ടിയുടെ സ്‌ക്കൂളിനടുത്ത മറ്റൊരു സ്‌ക്കൂളിൽ ഒരു വർഷം സീനിയറായാണ് പ്രതി പഠിച്ചത്. യാത്രയിലെ സ്ഥിരം കണ്ടുമുട്ടലും അടുപ്പവും അകലാൻ കഴിയാത്ത പ്രണയമായി വളർന്നു. കോവിഡ് സമയത്തെ ഓൺലൈൻ ക്ലാസിന് വാങ്ങിയ ഫോണിന്റെ നമ്പരും പെൺകുട്ടി കാമുകന് കൈമാറിയിരുന്നു. പിന്നീട് ഇരുവരും തമ്മിൽ ഫോൺ വിളിയുമായി. വീഡിയോ കോൾ ഉൾപ്പടെ വിളിച്ചിരുന്നു.

പ്രതിയുടെ ഉദ്ദേശം ചൂക്ഷണമാണെന്ന് അപ്പോഴൊന്നും പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനിടെ കഴിഞ്ഞ മേയിൽ അമ്മ വീട്ടിൽ ഇല്ലാതിരുന്ന ഒരു ദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിൽ എത്തി. ആരും വീട്ടിലില്ലാതിരുന്നതിനാൽ പ്രതിയുടെ വരവിനെ പെൺകുട്ടി നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ വീട്ടിലെത്തിയ 16 കാരൻ പെൺകുട്ടിയെ ബലമായികീഴ്‌പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. അച്ഛൻ കുട്ടിക്കാലത്തെ മരിച്ചു പോയ പെൺകുട്ടിയുടെ അമ്മ വീട്ട് ജോലിയും മറ്റ് കൂലിപ്പണികളും ചെയ്താണ് മകളെ വളർത്തിയിരുന്നത്.

പിന്നീട് അമ്മയില്ലാത്ത ശനിയാഴ്ചകളിൽ പ്രതി പെൺകുട്ടിയുടെ വീട്ടിലെ സന്ദർശകനായി മാറുകയായിരുന്നു. നിരന്തര പീഡനം തുടർന്നു വരുന്നതിനിടെ പ്രതിയുടെ വരവിൽ അയൽക്കാർക്ക് പന്തികേട് തോന്നിയെങ്കിലും 16 കാരൻ നോട്ട് ബുക്ക് വാങ്ങാൻ വന്നുവെന്ന് കളവ് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. അടുത്തിടെ കൗൺലിംഗിൽ സ്‌കൂളിലെ കൗൺസിലറോട് പീഡന വിവരം പെൺകുട്ടി പറയുകയായിരുന്നു.

മുഴുവൻ വിവരങ്ങളും മനസിലാക്കിയ സ്‌ക്കൂൾ കൗൺസിലർ വിഷയം ജില്ലാ ചൈൾഡ് ലൈൻ സെക്രട്ടറിയെ വിവരം അറിയിച്ചു. ചൈൾഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിന്റെ യഥാർത്ഥ ചിത്രം പുറത്തു വരുന്നത്. കഴിഞ്ഞ മെയ്‌ മുതൽ എല്ലാ ശനിയാഴ്ചകളിലും പെൺകുട്ടിയുടെ വീട്ടിൽ എത്തി പീഡിപ്പിച്ചിരുന്നതായി പ്രതി സമ്മതിച്ചു. പ്രണയം നടിച്ചാണ് പെൺകുട്ടിയെ വശത്താക്കിയതെന്നും പ്രതി പൊലീസിനോടു സമ്മതിച്ചു.

ഇരയായ പെൺകുട്ടിയെ സുരക്ഷ പരിഗണിച്ച് മഹിളാ മന്ദിരത്തിലേക്ക് മാറ്റി. പ്രതി മൈനർ ആയതിനാൽ ജുവൈനൽ ഹോമിലടച്ചു. പ്രതി മൈനറാണെങ്കിലും പീഡന കേസിൽ പ്രതിയായാൽ അയാളുടെ ശാരീരിക ശേഷി സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് ലഭിച്ചാൽ സാധാരണ ഗതിയിലുള്ള വിചാരണയും ശിക്ഷയും ഉറപ്പാക്കാം. ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പെൺകുട്ടിയെ ചൂഷണം ചെയ്ത പ്രതിക്ക് തക്ക ശിക്ഷ ലഭിക്കണമെന്നു തന്നെയാണ് പൊലീസ് നിലപാട്.

രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ ജുവൈനൽ ഹോമിൽ നിന്നും മോചിതനാകുന്ന പ്രതിയെ വൈദ്യ പരിശോധന നടത്തിയ ശേഷം മറ്റ് പോക്‌സോ കേസുകളിലേതുപോലെ വകുപ്പുകൾ ചുമത്തും കൂടുതൽ തെളിവുകൾ ശേഖരിക്കും. പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടികളിലേയ്ക്ക് പൊലീസ് പോകും.