ചണ്ഡിഗഡ്: വർഷങ്ങളോളം സ്വന്തം പെണ്ഡമക്കളെ ലൈം​ഗിക പീഡനത്തിനിരയാക്കിയയാൾ അറസ്റ്റിൽ. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. പതിനേഴുകാരിയായ മൂത്ത മകളുടെ പരാതിയെ തുടർന്നാണ് സർക്കാർ സ്ഥാപനത്തിലെ പാചകക്കാരനായ പ്രതി അറസ്റ്റിലായത്. ഏഴു വർഷത്തിലേറെയായി പിതാവിന്റെ പീഡനം സഹിക്കുന്നു എന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. പലതവണ തന്നെ ​ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും പെൺകുട്ടി വെളിപ്പെടുത്തി. തന്റെ 11 വയസ്സ് പ്രായമുള്ള സഹോദരിയെയും അച്ഛൻ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പെൺകുട്ടി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആവർത്തിച്ചുള്ള ബലാത്സംഗം, (ഐപിസി സെക്ഷൻ 376(2)), രക്ഷിതാവിൽ നിന്നുള്ള പീഡനം (313), അനുവാദമില്ലാത്ത ഗർഭഛിദ്രം (506), മനഃപൂർവമുള്ള ദോഹോപദ്രവം (323), തീവ്രമായ ലൈംഗിക പീഡനം (354എ(1)), എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിനു പുറമെ കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള പോക്സോ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഹിസാറിലെ വനിതാ പൊലീസ് സ്റ്റേഷനിലാണ് പെൺകുട്ടി പരാതി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥനായ അച്ഛൻ തന്നെ ഏഴു വർഷത്തിലേറെയായി പീഡിപ്പിക്കുകയാണെന്നാണ് കുട്ടിയുടെ പരാതി. എതിർത്തപ്പോഴെല്ലാം അച്ഛൻ ആത്മഹത്യാ ഭീഷണി മുഴക്കി. പല തവണ താൻ അച്ഛനിൽ നിന്ന് ഗർഭിണിയായെന്നും എന്നാൽ ബലം പ്രയോഗിച്ച് ഗർഭഛിദ്രം നടത്തിക്കുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനെ അറിയിച്ചു.

പരാതിക്കു പിന്നാലെ കേസെടുത്ത് പൊലീസ് കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്തതായും പൊലീസ് അറിയിച്ചു. അതേസമയം, ഇരയായ പെൺകുട്ടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ പ്രതിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല.

ഹിസാർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പാചകക്കാരനാണ് പ്രതിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. പെൺകുട്ടി പീഡനം ചെറുത്തപ്പോഴെല്ലാം കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. മൂന്ന് മാസം മുൻപും പെൺകുട്ടി ഗർഭിണിയായിരുന്നു. എന്നാൽ ഗർഭം അലസിപ്പിക്കാനായി പിതാവ് ചില മരുന്നുകൾ നൽകിയതായാണ് പെൺകുട്ടി പറയുന്നത്. ഇതിനു ശേഷം മൂത്ത സഹോദരിക്കൊപ്പം പെൺകുട്ടി താമസം മാറുകയായിരുന്നു. അപ്പോഴാണ് ഇളയ സഹോദരിയെയും അച്ഛൻ ദുരുപയോഗം ചെയ്യുന്ന വിവരം അറിഞ്ഞത്. തുടർന്ന് 17കാരി വിഷയം അമ്മയുടെ ശ്രദ്ധയിൽപ്പെടുത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നുവെന്ന് അനന്ദബസാർ പത്രിക റിപ്പോർട്ട് ചെയ്തു.