പിലിഭിത്: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവിനെ ആക്ഷേപിച്ചു എന്നതിന്റെ പേരിൽ രണ്ടുപേർക്കെതിരേ കേസെടുത്ത് പൊലീസ്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മഹാദേവിന്റെ പരാതിയിൽ സമാജ്വാദി പാർട്ടി നേതാക്കൾക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. സുൻഗാരി കോട്വാലി പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

സമാജ്വാദി പാർട്ടി എം.എൽ.സി രാജ്പാൽ കശ്യപ്, പിലിഭിത് ജില്ലാ യൂനിറ്റ് പ്രസിഡന്റ് യൂസഫ് കദ്രി എന്നിവർക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. എേസ്.പിയുടെ പിന്നോക്ക വിഭാഗ സെല്ലിന്റെ പ്രസിഡന്റ് കൂടിയാണ് കശ്യപ്. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പിലിഭിത് പൊലീസ് സൂപ്രണ്ട് ദിനേശ് കുമാർ പറഞ്ഞു.

അടുത്തിടെ സമാജ്വാദി പാർട്ടിക്ക് നേരെ നടത്തിയ വിമർശനത്തിൽ 'അബ്ബ ജാൻ' എന്ന് പറയുന്ന ആളുകൾ എല്ലാ റേഷനും നേരത്തെ സ്വന്തമാക്കുന്നുണ്ടായിരുന്നു എന്ന് യോഗി ആദിത്യനാഥ് പറഞ്ഞത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ബുധനാഴ്ച പിലിഭിത്തിൽ നടന്ന പിന്നാക്ക വിഭാഗ സമ്മേളനത്തിൽ ഇതിനെതിരേ സംസാരിക്കുമ്പോഴാണ് കശ്യപ് യോഗിയുടെ പിതാവിനെതിരെ പരാമർശങ്ങൾ നടത്തിയത്.

മുഖ്യമന്ത്രിയെ താൻ ഭയപ്പെടുന്നില്ലെന്നും തന്റെ പാർട്ടി നേതാവ് മുലായം സിങ് യാദവിനെതിരെ ആദിത്യനാഥ് എന്തെങ്കിലും പ്രസ്താവന നടത്തിയാൽ താൻ മിണ്ടാതിരിക്കില്ലെന്നും കശ്യപ് പറഞ്ഞതായി പരാതിയിൽ പറയുന്നു. പിന്നാക്ക വിഭാഗ സമ്മേളനത്തിൽ പങ്കെടുത്ത ആളുകളുടെ പേരിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.