തിരുവനന്തപുരം: ട്രോളിങ്ങ് നിരോധന സമയത്ത് കടലിൽ പോകാതെ വറുതിയുടെ കഥ പറയുന്ന കടൽത്തീരത്തെ പോലെ ലോക്ഡൗൺ കാരണം സാമ്പത്തീക ഞെരുക്കത്തിന്റെ കഥയാണ് പൊതുസമൂഹം പറയുന്നത്. എന്നാൽ സർക്കാരകട്ടെ ട്രോളിങ്ങ് കാലത്തും മത്സ്യബന്ധനം നടത്തുന്നവരെപ്പോലെ ചാകരയുടെ കഥയാണ് പറയുന്നത്. കാരണം സാമ്പത്തിക പ്രതിസന്ധയിൽപ്പെട്ട് ഉഴലുന്ന ജനതയെ പിഴിഞ്ഞ് ഈ ലോക്ഡൗൺ കാലത്ത് പിഴയിനത്തിൽ ഈടാക്കിയത് 35 കോടി രൂപ.ലോക്ഡൗണ് ലംഘനത്തിന്റെ പേരിൽ പൊലീസ് ഈടാക്കുന്ന പിഴയിൽ നിന്നാണ് ഇത്രയും തുക ലഭിച്ചത്.

ജനുവരി മുതൽ ഈ മാസം 8 വരെ പിഴ ഇനത്തിൽ ആകെ 35,17,57,048 രൂപ ഖജനാവിന് ലഭിച്ചു. ഈ കാലയളവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 82,630 പേർക്കെതിരെയാണു കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 500 മുതൽ 5000 രൂപ വരെയാണു പിഴ. ആദ്യഘട്ട ലോക്്ഡൗണില് പോലും ഇത്രയും തുക ഈടാക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല. ഇതുവരെയുണ്ടായ പിഴയിനത്തിലെ ഏറ്റവും വലിയ തുക കൂടിയാണ് ഇത്.

കഴിഞ്ഞ മാസം 14 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 1,96,31,100 രൂപയാണ് കിട്ടിയത്. മാനദണ്ഡങ്ങൾ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, മാനദണ്ഡം ലംഘിച്ചുള്ള വിവാഹം, മറ്റു ചടങ്ങുകൾ എന്നിവയ്ക്ക് 5000 രൂപയാണു ചുമത്തുന്നത്. അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങിയാൽ 2000 രൂപ. മാസ്‌ക് ധരിച്ചില്ലെങ്കിൽ 500 രൂപ.

മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്നു പിഴ അടയ്ക്കാൻ വേണ്ടി മാത്രം എല്ലാ ജില്ലകളിലും പ്രത്യേക അക്കൗണ്ട് തുടങ്ങിയിരുന്നു. ഇതെല്ലാം സാമ്പത്തിക പ്രതിസന്ധികാലത്ത് സർക്കാരിന് തുണയാണ്.