ന്യൂഡൽഹി: ഗുസ്തി മുൻ ജൂനിയർ ദേശീയ ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിമ്പിക്സ് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ പൊലീസ് അന്വേഷണം. സുശീൽ ഇപ്പോൾ ഒളിവിലാണെന്ന് പൊലീസ് അന്വേഷിച്ചു. ഛത്രപതി സ്റ്റേഡിയം കോംപ്ലക്സിനകത്തു വച്ച് രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഗുസ്തി താരം കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു തവണ ഒളിംപിക്സ് മെഡൽ നേടിയ ഗുസ്തി താരം സുശീൽ കുമാറും പ്രതിക്കൂട്ടിൽ. പൊലീസ് തയ്യാറാക്കിയ എഫ്ഐആറിൽ സുശീലിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ഗുസ്തി താരങ്ങൾ തന്നെയാണ് രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് കൊമ്പുകോർത്തത്. 23 കാരനായ ഗുസ്തി താരമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ രണ്ടു സുഹൃത്തുക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിന്റെ കാരണമെന്താണെന്നു വ്യക്തമല്ല.

പാർക്കിങ് ഏരിയയിൽ വച്ച് കുമാർ (സുശീൽ), അജയ്, പ്രിൻസ്, സോനു, സാഗർ, അമിത് എന്നിവരും മറ്റു ചിലരും തമ്മിലാണ് തർക്കവും തുടർന്ന് ഏറ്റുമുട്ടലും നടന്നതെന്നാണ് പൊലീസ് പറയുന്നത്. ചിലർക്കു ക്രൂരമായി മർദ്ദനവുമേറ്റിട്ടുണ്ട്. ഇതേ തുടർന്നാണ് ഇന്ത്യൻ പീനൽ കോഡ് (ഐപിസി), ആയുധനിയമം എന്നീ വകുപ്പുകൾ പ്രകാരം മോഡൽ ടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്ന അഞ്ചു വാഹനങ്ങളും പരിശോധിച്ചിരുന്നു. ലോഡ് ചെയ്ത ഡബിൾ ബാരൽ തോക്ക് ഒരു സ്‌കോർപ്പിയോയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ രണ്ടു മരത്തിന്റെ സ്റ്റിക്കുകളും സംഭവസ്ഥലത്തു നിന്നും പൊലീസിനു ലഭിച്ചു. അഞ്ചു വാഹനങ്ങളും ആയുധങ്ങളും പൊലീസ് കണ്ടുകെട്ടി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ടെന്നും അഡീഷനൽ ഡെപ്യൂട്ടി കമ്മീഷണർ ഗുരിഖ്ബാൽ സിങ് സന്ധു അറിയിച്ചു. അന്വേഷണത്തിനിടെ സാഗറന്റെ മരണം, സോനുവിന്റെ പരിക്ക് എന്നിവ സംബന്ധിച്ച് സിവിൽ ലൈനിലെ ട്രോമ കെയറിൽനിന്നാണ് വിവരം ലഭിച്ചത്. തുടർന്ന് ഐപിസിയുടെ 302, 365, 120 ബി വകുപ്പുകളും രജിസ്റ്റർ ചെയ്തതായി സന്ധു വ്യക്തമാക്കി.

അതേസമയം, ഇന്ത്യയുടെ ഒളിംപിക് യോഗ്യതാ മൽസരങ്ങൾ ബൾഗേറിയയിലെ സോഫിയയിൽ ഇന്നു മുതൽ ആരംഭിച്ചിരിക്കുകയാണ്. ആറു വെയ്റ്റ് കാറ്റഗറികളിൽ ഇന്ത്യ ഇതിനകം ഒളിംപിക്സ് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. ഇനി 12 വിഭാഗങ്ങളിലാണ് യോഗ്യത തേടി ഇന്ത്യ യോഗ്യതാ മൽസരങ്ങൾക്കിറങ്ങുക.