കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടർമാർ നഴ്സിങ് ഓഫിസർമാരെ പരിഹസിക്കുകയും മർദിക്കുകയും സ്ത്രീത്വത്തെ അപമാനിച്ചെന്നുമുള്ള പരാതിയിൽ പൊലീസ് കേസ് എടുത്തു.

ശാരീരികമായി കയ്യേറ്റം ചെയ്ത ജൂനിയർ റസിഡന്റ് ഡോക്ടർക്കെതിരെ കേസെടുത്തെതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ 2 നഴ്സിങ് ഓഫിസർമാരാണു പരാതി നൽകിയത്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴികൾ വിശകലനം ചെയ്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.

വനിതാ കമ്മിഷനും യുവജന കമ്മിഷനും നഴ്സിങ് ഓഫിസർമാർ പരാതി നൽകി. മെയ്‌ എട്ടിനു ഡ്യൂട്ടിക്കിടെ ഡോക്ടർമാർ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് ഇരുവരുടേയും പരാതി.

സംഭവത്തിൽ മെഡിക്കൽ കോളജ് അധികൃതർക്കു പരാതി നൽകിയെങ്കിലും തുടർ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് രണ്ടു നഴ്സിങ് ഓഫിസർമാർ പൊലീസിനെ സമീപിച്ചത്. ജൂനിയർ റെസിഡന്റ് ഡോക്ടർ പരാതിക്കാരിൽ ഒരാളുടെ മുതുകിന് ഇടിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പെരുമാറിയെന്നും പരാതിയിൽ പറയുന്നു.