തിരുവനന്തപുരം: പൊരി വെയിലും മഴയും മഞ്ഞും വകവയ്ക്കാതെ പിഎസ്‌സി പൊലീസ് റാങ്ക് പട്ടികയിലുള്ളവർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരം 33 ദിനം പിന്നിട്ടു.

അർഹമായ ജോലിയുടെ കാര്യത്തിൽ വ്യക്തതയുള്ള ഉറപ്പ് ലഭിക്കും വരെ സമരം തുടരും എന്നാണ് ഇവരുടെ നിലപാട്. തിരഞ്ഞെടുപ്പു കാലത്തും സമരത്തിന് ഇടവേളയില്ല. രാഷ്ട്രീയ കക്ഷികളെല്ലാം പ്രചാരണ തിരക്കിലായതോടെ സമര വേദിയിൽ പഴയ സന്ദർശക തിരക്കില്ല. ഫോറസ്റ്റ് ഗാർഡ് റാങ്ക് പട്ടികയിലുള്ളവരും സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം തുടരുന്നു.

തങ്ങളുടെ സമരം തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാവുമെന്ന് ഇവർ പറയുന്നു. കൂലിപ്പണിക്കു പോയി കുടുംബം പോറ്റുന്ന ചെറുപ്പക്കാർ അടക്കമുണ്ട് സമരം ചെയ്യുന്ന പൊലീസ് ഉദ്യോഗാർഥികളുടെ കൂട്ടത്തിൽ. യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിൽ ഉൾപ്പെട്ട എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും പിഎസ്‌സിയുടെ പൊലീസ് പരീക്ഷയിൽ ക്രമക്കേട് നടത്തി ഉന്നത റാങ്ക് നേടിയതായി ബോധ്യപ്പെട്ടതോടെയാണ് നാലു മാസത്തോളം ഇവരുടെ പട്ടിക മരവിപ്പിച്ചത്.

മറ്റൊരു റാങ്ക് പട്ടികയ്ക്കുമില്ലാത്ത പ്രതിസന്ധിയായിരുന്നു അത്. എന്നിട്ടും ഒരു വർഷം മാത്രം കാലാവധിയുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ സർക്കാർ തയാറായില്ല. പരീക്ഷാ ക്രമക്കേട് നടത്തിയ നേതാക്കൾ ജയിലിൽ നിന്നിറങ്ങി പുറത്തു സസുഖം കഴിയുമ്പോഴാണു പരീക്ഷയും ശാരീരിക പരീക്ഷയുമെല്ലാം വിജയിച്ച് ജോലി കാത്തിരുന്ന യുവാക്കൾ രാവും പകലും റോഡിൽ കഴിയുന്നത്