തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതി മടങ്ങിയെത്തിയപ്പോൾ പിടിയിലായി. മടങ്ങിയെത്തിയശേഷം പഴയ ദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്തു ഭീഷണിപ്പെടുത്തിയ കുലശേഖരം ചക്രപാണി മണിയൻ കുഴി ആമ്പാടിയാനൽക്കര വീട്ടിൽ പ്രകാശിനെ (27 ) വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു . നെയ്യാറ്റിൻകര കോടതി പ്രതിയെ റിമാൻഡ് ചെയ്തു. വെള്ളറടഇൻസ്‌പെക്ടർ മൃദുൽകുമാറിന്റെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടിലെ ഒളിസങ്കേതത്തിൽ നിന്നും പ്രതിയെ പിടികൂടിയത് .

കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.

തമിഴ്‌നാട് സ്വദേശിയായ പെൺകുട്ടിയുടെ കുടുംബവും പ്രതിയുടെ കുടുംബവും 2018 ലാണ് വെള്ളറട പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസത്തിന് എത്തുന്നത്. ഇരുവീട്ടുകാരും നേരത്തെ അറിയാവുന്നവരും അടുപ്പമുള്ള വരുമായിരുന്നു .ഇത് പ്രയോജനപ്പെടുത്തിയാണ് പെൺകുട്ടിക്ക് നേരെ പ്രതി ചൂഷണം തുടങ്ങിയത്. പ്രണയം നടിച്ച് ആയിരുന്നു ചൂഷണം.

പ്രതി പീഡിപ്പിക്കുമ്പോൾ പെൺകുട്ടി സ്‌കൂളിൽ പഠിക്കുകയായിരുന്നു. 2018ൽ പെൺകുട്ടിയുടെ വീട്ടിൽ വച്ചും പിന്നീട് മറ്റൊരു വീട്ടിൽ കൊണ്ടുപോയും പ്രകാശ് പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. പീഡന ദൃശ്യങ്ങൾ പെൺകുട്ടി അറിയാതെ തന്നെ പ്രതി മൊബൈലിൽ പകർത്തിയിരുന്നു. പിന്നീട് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായ പ്രകാശ് അപ്പോഴേക്കും ഈ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

തുടർന്ന് ജോലിസംബന്ധമായി പ്രതി ഗൾഫിലേക്ക് പോവുകയും ചെയ്തു. അടുത്തിടെ മടങ്ങിയെത്തിയ പ്രകാശ് നിലവിലെ കാമുകിയുമായി തെറ്റി. കാമുകി പ്രതിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം വേറെ വിവാഹം കഴിച്ചു പോവുകയും ചെയ്തു. തുടർന്ന് നിരാശനായി നടന്ന ശേഷമാണ് പഴയ പെൺകുട്ടിയെ പ്രകാശ് സമീപിക്കുന്നത്. പഴയ വിവാഹ വാഗ്ദാനം വീണ്ടും ആവർത്തിച്ച പ്രതി പെൺകുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് ഭീഷണിയുടെ സ്വരത്തിലേക്ക് നീങ്ങിയത്.

ഈ സമയം പെൺകുട്ടിക്ക് വേറെ വിവാഹം വീട്ടുകാർ നിശ്ചയിച്ചിരുന്നു. ഇക്കാര്യങ്ങൾ പെൺകുട്ടി പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രതി പിന്മാറിയില്ല. ഒടുവിൽ കേണപേക്ഷിച്ചിട്ടും പിന്മാറാത്ത പ്രകാശ് വാട്‌സാപ്പിലൂടെ ഭീഷണി സന്ദേശങ്ങൾ അയച്ചു തുടങ്ങി. ഇതിനിടയിലാണ് താൻ പ്രായപൂർത്തിയാകാത്ത സമയത്ത് തന്നെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളും പ്രതി വാട്‌സാപ്പിലൂടെ പെൺകുട്ടിക്ക് അയച്ചുകൊടുത്തത്. അത് കൂടാതെ ഭീഷണിയും ഉണ്ടായിരുന്നു.

ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ വഴി ഇത് പ്രചരിപ്പിക്കുമെന്നും പെൺകുട്ടിയുടെ ജീവിതം തകർക്കുമെന്നുമായിരുന്നു ഭീഷണി. നവവരന് ദൃശ്യങ്ങൾ അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ വെള്ളറട പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളറട സിഐ മൃദുൽ കുമാർ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ തേടി തമിഴ്‌നാട്ടിലേക്ക് പോയി.

ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ പ്രതി ഒളിവിൽ കഴിയുന്നതായി വ്യക്തമായി. അങ്ങനെയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ പോക്‌സോ , ചൈൽഡ് പ്രോണോ ഗ്രാഫി ,വഞ്ചന ,ഭീക്ഷണിപ്പെടുത്തൽ , ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.