പാരീസ്: ഫ്രാൻസിൽ കുതിരകളെ കൊലപ്പെടുത്തുന്നത് സാത്താൻ സേവയുടെ ഭാ​ഗമായെന്ന അഭ്യൂഹം ശക്തമാകുന്നു. എന്നാൽ, ഇത് സംബന്ധിച്ച യാതൊരു തെളിവുകളും ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 2018 ഡിസംബർ അവസാനത്തോടെയാണ് അജ്ഞാതർ കുതിരകളെ കൊലപ്പെടുത്താൻ ആരംഭിച്ചത്. നിലവിൽ ഇത്തരത്തിലുള്ള 153 കേസുകളാണ് ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുതിരകളെ ക്രൂരമായി കൊലപ്പെടുത്തി അവയവങ്ങൾ ശേഖരിക്കന്നത് 'സാത്താൻ സേവ' പോലുള്ള ആചാരത്തിന്റെ ഭാഗമാണെന്നാണ് ഉടമകൾ ആരോപിക്കുന്നത്. എന്നാൽ ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഒരേ രീതിയിലുള്ള കൊലപാക രീതി ഉപയോഗിക്കുന്നതിനാലാണ് ഉടമകൾ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കത്തി പോലുള്ള മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുതിരകൾ അക്രമിക്കപ്പെട്ടത്. ചത്ത കുതിരകളുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലാണ്. ചെവികളും മറ്റ് അവയവങ്ങളും മുറിച്ചു മാറ്റിയിട്ടുണ്ട്. ചില കുതിരകളുടെ രക്തം ഊറ്റിയെടുത്തിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. ചില കുതിരകളെ ജീവനോടെ കണ്ടെത്തിയെങ്കിലും അപകടകരമാം വിധം മുറിവേൽപ്പിക്കപ്പെട്ട നിലയിലാണ്. തുടർച്ചയായി കുതികൾ കൊല്ലപ്പെടുന്നതിൽ ഭയചകിതരാണ് ഫ്രാൻസിലെ ജനങ്ങളും. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് കുതിരകൾ ചത്തത് എന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഓഗസ്റ്റ് അവസാനത്തോടെ കുതിരകളെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ബർഗണ്ടിയിൽ പിടിയിലായ അമ്പതുകാരനെ ചോദ്യം ചെയ്തെങ്കിലും നിരപരാധിയാമെന്നു കണ്ട് വിട്ടയച്ചിരുന്നുവെന്ന് ലേ പാരീസിയൻ പത്രം റിപ്പോർട്ട് ചെയ്തു. തുടർച്ച കൊലപാതകങ്ങൾ നടക്കുന്നതിനാൽ വീടിനു ചുറ്റും നൈറ്റ് വിഷൻ ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ് പ്രദേശവാസികൾ. ഡ്രോൺ, പൊലീസ് പട്രോളിങ്, ഹെലികോപ്റ്റർ തുടങ്ങിയ സംവിധാനങ്ങളും നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. തുടർച്ചയായി മുപ്പതോളം കുതിരകൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഫ്രാൻസിലെ ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ. കുതിരകളുടെ ഉടമകൾ നിയമം കയ്യിലെടുക്കരുത് എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഫെബ്രുവരിയിലാണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ കുറേ ആഴ്ചകളായി കൊല്ലപ്പെടുന്ന കുതിരകളുടെ എണ്ണം കൂടിവന്നതോടെയാണ് സംഭവത്തെ ഫ്രഞ്ച് ഭരണകൂടം അതീവ ഗൗരവപരമായി പരിഗണിച്ച്‌ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടത്. ഫ്രാൻസിലെ ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രം കേന്ദ്രീകരിച്ചല്ല കുതിരകൾക്ക് നേരെ പൈശാചികമായ ഈ ആക്രമണങ്ങൾ നടന്നിരിക്കുന്നത് എന്നതാണ് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.

ജൂറാ പർവതനിരകൾ മുതൽ അറ്റ്‌ലാന്റിക് തീരപ്രദേശങ്ങൾ വരെയുള്ള രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്കൻ പ്രദേശങ്ങളിലെല്ലാം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരാണ് ആക്രമങ്ങൾക്ക് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും ഒരു വലിയ സംഘത്തിന്റെ നേതൃത്വത്തിലാണ് കുതിരകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടക്കുന്നതെന്ന് പൊലീസ് പറയുന്നു.

ജസ്റ്റിസ് ഫോർ ഔർ ഹോഴ്സ്

കൊല്ലപ്പെട്ട കുതിരയുടെ ഉടമയായ പൗളീൻ സാറസിൻ ആരംഭിച്ച ഫേസ്‌ബുക്ക് ഗ്രൂപ്പാണ് "ജസ്റ്റിസ് ഫോർ ഔർ ഹോഴ്സ്." രാജ്യത്തെ എല്ലാ കുതിര ഉടമകൾക്കും മുന്നറിയിപ്പ് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് ആരംഭിച്ചത് എന്ന് അവ‍ർ പറഞ്ഞു. ഈ ക്രൂരത എവിടെ വേണമെങ്കിലും ആവ‍ർത്തിക്കപ്പെടാം എന്നാണ് പൗളീൻ പറയുന്നത്. ഒരുപാട് കുതിരകൾ ഉള്ളവരെ മാത്രമല്ല ഇത് ബാധിക്കുക. ഒരു കുതിര മാത്രം ഉണ്ടായിരുന്ന തന്നെപ്പോലുള്ളവരേയും കുതിര കൊലയാളി തേടിയെത്തിയെന്നും അവ‍ർ പറയുന്നു.