മൂന്നാർ: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകൾ പൊലീസുകാരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയും ഗവർണറും മുന്നാറിലെ ഉരുൾപൊട്ടൽ ദുരിതബാധിത മേഖലകൾ സന്ദർശിച്ചപ്പോൾ തടയാൻ ശ്രമിച്ചു കൊണ്ട് പെമ്പളൈ ഒരുമ നേതാവ് രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിൽ ഒരുപൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ സർക്കാർ തയ്യാറായേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ച സംഭവത്തിൽ അവിടെ ഉണ്ടായിരുന്ന എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് ഗുരുതര വീഴ്‌ച്ച സംഭവിച്ചെന്ന അന്വേഷണ റിപ്പോർട്ടാണ് മുന്നാർ ഡിവൈഎസ്‌പി എം രമേശ് കുമാർ നൽകിയിരിക്കുന്നത്.

ഇതുസംബന്ധിച്ച് റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. വി.വി.ഐ.പി.കളുടെ വാഹനങ്ങൾ തടയാൻ ശ്രമിച്ച സ്ത്രീയെ നീക്കംചെയ്യാൻ ശ്രമിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹായിക്കുന്നതിനുപകരം, ഗവർണർ, മുഖ്യമന്ത്രി എന്നിവരെ സല്യൂട്ട് ചെയ്യാനാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ശ്രമിച്ചതെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെട്ടിമുടി ദുരന്തമേഖല സന്ദർശിച്ചശേഷം മടങ്ങുകയായിരുന്ന ഗവർണർ, മുഖ്യമന്ത്രി എന്നിവരുടെ വാഹനങ്ങൾ മൂന്നാർ ടൗണിൽവച്ചാണ് ഗോമതി റോഡിൽ കുത്തിയിരുന്ന് തടയാൻ ശ്രമിച്ചത്. വാഹനവ്യൂഹം എത്തുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപാണ് ഗോമതി മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് റോഡിൽ കുത്തിയിരുന്നത്. ഈ സമയം ഇവിടെ വനിതാ പൊലീസ് ഇല്ലായിരുന്നു. സംഭവമറിഞ്ഞ് എത്തിയ വനിതാ എസ്‌ഐ., ഗോമതിയെ ഏറെ പണിപ്പെട്ടാണ് വ്യാഹനവ്യൂഹം എത്തുന്നതിന് തൊട്ടുമുൻപ് നീക്കിയത്.

വനിതാ ഉദ്യോഗസ്ഥയെ തള്ളിമാറ്റി ഗവർണറുടെയും മുഖ്യമന്ത്രിയുടെയും വാഹനങ്ങൾക്ക് മുൻപിലേക്ക് ചാടാൻ ഗോമതി ശ്രമിച്ചു. ഈ സമയം, ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വനിതാ ഉദ്യോഗസ്ഥയെ സഹായിക്കാതെ വി.വി.ഐ.പി.കളെ സല്യൂട്ട് ചെയ്യുകയായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. കട്ടപ്പന സബ് ഡിവിഷനിൽനിന്നുള്ള എസ്‌ഐ.റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ടൗണിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. വി.വി.ഐ.പി.ഡ്യൂട്ടിക്കായി അന്ന് 261 പൊലീസുകാരെയാണ് ആനച്ചാൽമുതൽ പെട്ടിമുടിവരെയുള്ള ഭാഗത്തായി നിയമിച്ചിരുന്നത്. എന്നാൽ, ടൗൺ ഉൾപ്പെടെയുള്ള മേഖലയിൽ വനിതാ പൊലീസുകാർ വളരെ കുറവായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് പെട്ടിമുടി ദുരന്ത മേഖല സന്ദർശനത്തിനു ശേഷം മടങ്ങുകയായിരുന്ന ഗവർണർ, മുഖ്യമന്ത്രി എന്നിവരുടെ വാഹനങ്ങൾ മൂന്നാർ ടൗണിൽ വച്ചാണ് ഗോമതി റോഡിൽ കുത്തിയിരുന്ന് തടയാൻ ശ്രമിച്ചത്. വാഹനവ്യൂഹം എത്തുന്നതിന് ഏതാനും മിനിറ്റുകൾക്കു മുൻപാണ് ഗോമതി മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് റോഡിൽ കുത്തിയിരുന്നത്. ഈ സമയം ഇവിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥരില്ലായിരുന്നു.സംഭവമറിഞ്ഞ് എത്തിയ വനിതാ എസ്‌ഐ തനിച്ച് ഏറെ പണിപ്പെട്ടാണ് വ്യാഹന വ്യൂഹം എത്തുന്നതിന് തൊട്ടുമുൻപ് ഗോമതിയെ നീക്കം ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

2015ൽ മൂന്നാറിൽ നടന്ന പെമ്പിളൈ ഒരുമൈ സമരത്തിന്റെ നേതാക്കളിലൊരാളായിരുന്നു ഗോമതി. ഇവർ മാസങ്ങൾക്കിപ്പുറം സിപിഎമ്മിലേക്ക് ചേക്കേറി ബ്ലോക്ക് പഞ്ചായത്ത് അംഗമായി. പിന്നീട് അസ്വാരസ്യങ്ങളെ തുടർന്ന് പാർട്ടി വിട്ടിരുന്നു. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.