കണ്ണൂർ: കണ്ണൂർ വൈസ് ചാൻസിലറുടെ പുനർ നിയമന വിവാദത്തിന് പിന്നാലെ വി സി ഡോ. ഗോപിനാഥ് രവീന്ദ്രന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഈ സാഹചര്യത്തിൽ വി സിയുടെ സുരക്ഷയ്ക്കായി ഗൺമാനെ നിയമിച്ചു. വധഭീഷണിയുടെയും പ്രക്ഷോഭങ്ങളുടെയും സാഹചര്യത്തിലാണ് ഗൺമാനെ നിയമച്ചതെന്ന് പൊലീസ് പറഞ്ഞു.

വി സി ഡോ. ഗോപിനാഥ് രവീന്ദ്രന് നേരേ മുമ്പും വധഭീഷണി ഉയർന്നിരുന്നു. മാവോയിസ്റ്റ് കബനി ദളത്തിന്റെ പേരിലാണ് വധ ഭീഷണി കത്ത് വന്നിരുന്നത്. വിസി നിയനമത്തിൽ വഴിവിട്ട നീക്കങ്ങൾ നടത്തിയാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും, അങ്ങനെയുണ്ടാകുന്ന പക്ഷം വി സിയുടെ ശിരസ്സ് ഛേദിച്ച് സർവ്വകലാശാല ആസ്ഥാനത്ത് വെക്കുമെന്നും അടക്കം ഭീഷണിയാണ് കത്തിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നത്.

മലയാളം വാക്കുകൾ ഇംഗ്ലീഷ് അക്ഷരങ്ങളിൽ ടൈപ് ചെയ്ത കത്തായിരുന്നുവെന്ന് വിസിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. ഡിസംബർ 22നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചിരുന്നു.