കോഴിക്കോട്: ലോക്ക് ഡൗൺ ലംഘിച്ച് ചുറ്റിയടിക്കാനെത്തിയ യുവാക്കളുടെ ബൈക്കുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോവിഡ് 19 നിയന്ത്രണങ്ങൾ ലംഘിച്ച് കക്കാടംപോയിൽ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയവരുടെ പതിനഞ്ചോളം ഇരുചക്ര വാഹനങ്ങളാണ് പൊലീസ് പിടികൂടിയത്. നിയന്ത്രണങ്ങൾ ലംഘിച്ച് ജില്ലയിൽ നിന്നും പുറത്ത് നിന്നും നിരവധിയാളുകളാണ് മലയോര മേഖലയിലെ വിനോദ സഞ്ചാരത്തിനെത്തുന്നത്.

തിരുവമ്പാടി പൊലീസിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പരിശോധന നടക്കുന്നതിനിടെയാണ് വാഹനങ്ങൾ കണ്ടെത്തി പിടികൂടിയത്. വെള്ളിയാഴ്ച പിടികൂടിയ വാഹനങ്ങളധികവും മലപ്പുറം ജില്ലയിൽ നിന്നുള്ളവയാണ്. വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് തിരുവമ്പാടി പൊലിസ് ഐ.പി ഓഫിസർ സുമിത്ത് കുമാർ പറഞ്ഞു.