തിരുവനന്തപുരം: കാക്കിയുടെ അധികാരത്തിന്റെ ഹുങ്ക് പാവപ്പെട്ട മൽസ്യവിൽപ്പനക്കാരിയോട് കാണിച്ച കരമന പൊലീസ് തലസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ തലവേദയും നാണക്കേടുമായി. കരമന പാലത്തിന് സമീപം ആദ്യമായി മീൻകച്ചവടത്തിനെത്തിയ വലിയതുറ സ്വദേശി മരിയാ പുഷ്പം എന്ന വൃദ്ധയ്ക്ക് നേരെയാണ് കരമന പൊലീസ് അധികാരപ്രയോഗം നടത്തിയത്.

ഇവിടെ കച്ചവടം ചെയ്യാൻ പറ്റില്ല, എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടിട്ട് പോയ പൊലീസുകാർ കുറച്ചുകഴിഞ്ഞ് തിരിച്ചെത്തി മീൻപാത്രം തട്ടിത്തെറിപ്പിക്കുകയായിരുന്നെന്ന് മേരിപുഷ്പം പറയുന്നു. ജീവിക്കാൻ വേറെ മാർഗമില്ലെന്നും അസുഖബാധിതയാണെന്നും കരഞ്ഞുപറഞ്ഞിട്ടും സ്ഥലത്തെത്തിയ രണ്ട് പൊലീസുകാരും മീൻ തട്ടിയെറിഞ്ഞെന്ന് പരാതിക്കാരി ആരോപിച്ചു. കരമന സ്റ്റേഷനിലെ എസ്‌ഐയും മറ്റൊരു പൊലീസുകാരനുമാണ് മീൻ വലിച്ചെറിഞ്ഞതെന്ന് മരിയ പുഷ്പം പറഞ്ഞു.

പൊലീസുകാരുടെ വിരട്ടലിൽ തളരാത്ത മേരിപുഷ്പം അതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങി. റോഡിന് കുറുകെ കിടന്ന് പ്രതിഷേധിച്ച മേരിപുഷ്പം തട്ടിത്തെറിപ്പിച്ച മൽസ്യത്തിന് നഷ്ടപരിഹാരം ലഭിച്ചാലെ എഴുന്നേറ്റുപോകു എന്നായി. അവർക്ക് ഐക്യദാർഢ്യവുമായി ആളുകൾ കൂടാൻ തുടങ്ങിയപ്പോൾ സംഗതി പന്തിയല്ലെന്ന് മനസിലാക്കി പൊലീസുകാർ അവിടെ നിന്നും പോകുകയായിരുന്നു. ഒടുവിൽ അനുനയവുമായി കരമന സർക്കിൾ ഇൻസ്പെക്ടർ അനീഷ് അവിടെയെത്തി.

അദ്ദേഹമെത്തിയതോടെ റോഡിൽ നിന്ന് എഴുന്നേറ്റെങ്കിലും പ്രതിഷേധം നിർത്തിപോകാൻ അവർ തയ്യാറായില്ല. തനിക്കെതിരെ മോശമായി പെരുമാറിയ പൊലീസുകാർക്കെതിരെ നടപടി ഉറപ്പുതന്നാലെ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളു എന്ന് മേരി പുഷ്പം ഉറപ്പിച്ചു പറഞ്ഞതോടെ സിഐ ആശയക്കുഴപ്പത്തിലായി. അപ്പോഴേയ്ക്ക് മേരിപുഷ്പത്തിന് ഐക്യദാർഢ്യവുമായി നിരവധിപേർ അവിടേയ്ക്കെത്തി. കരമന-കളിയിക്കാവിള ദേശീയപാതയിൽ രണ്ട് കിലോമീറ്ററോളം ദൂരം ബ്ലോക്കായി.

ഒടുവിൽ ഫോർട്ട് എസിപി എസ്. ഷാജി അവിടെയെത്തി കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കാമെന്നും നഷ്ടപ്പെട്ട മൽസ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകാമെന്നും ഉറപ്പ് നൽകിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിക്കാൻ മേരിപുഷ്പം തയ്യാറായത്. സംഭവത്തിൽ മന്ത്രി ആന്റണി രാജുവിനും അവർ പരാതി നൽകി.

ഈ കോവിഡ് കാലത്ത് അന്നന്നത്തെ ചെലവിന് പോലും പണമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ അവരെ ഉപദ്രവിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ചില പൊലീസുകാർ. രണ്ടാഴ്‌ച്ച മുമ്പ് ആറ്റിങ്ങലിലും സമാനമായ സംഭവമാണ് നടന്നത്. എന്നാൽ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതിന്റെ ഫലമായാണ് അത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത്.