ചണ്ഡീഗഡ്: പ്രതിഷേധം നടത്തിയ കർഷകർക്ക് നേരെ ഹരിയാനയിൽ വീണ്ടും പൊലീസ് അതിക്രമം. നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് ചാന്ദിനി മന്ദിർ ടോൾ പ്ലാസയിൽ പ്രതിഷേധിച്ച കർഷകർക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തി.

നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ട്രാക്ടറിലെത്തിയ പ്രതിഷേധക്കാരെ വളഞ്ഞിട്ടു തല്ലുന്ന പൊലീസിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

 

അതേസമയം, കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെയുള്ള കർഷകരുടെ പ്രക്ഷോഭം ഹരിയാനയിൽ ശക്തമായി തുടരുകയാണ്. മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിന്റെ വസതിക്ക് മുന്നിൽ ആയിരത്തോളം കർഷകർ പ്രതിഷേധവുമായെത്തി.

കർഷകരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തെ വിവിധ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കർഷകർ പ്രതിഷേധിക്കുന്നുണ്ട്. ബിജെപി എംഎൽഎമാരുടെ വസതികൾക്ക് മുന്നിലും കർഷകർ തമ്പടിച്ചിട്ടുണ്ട്.