കാസർകോട്: കാസർകോട് നിന്നും കാണാതായ കുട്ടിയെ തേടി ഗുജറാത്തിലേക്ക് പോയ പൊലീസുകാരന്റെ കുറിപ്പ് വൈറലാകുന്നു. കാസർകോട് ടൗൺ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിത്ത് പരിയാച്ചേരിയുടെയും, ശ്രീജിത്ത് കാവുങ്കാലിന്റെയും

ഗുജറാത്ത് യാത്രയുടെ കുറിപ്പ് രാജ്യത്തിന്റെ വികസന പാതകളും ജനങ്ങളുടെ സ്‌നേഹവും നിയമനടപടികൾക്ക് ഇടയിലുള്ള സംഘർഷവും എല്ലാം ഒരുപോലെ കടന്നുവരുന്ന കുറിപ്പാണ്. ഷിജിത്ത് പരിയാച്ചേരിയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

മെട്രോമാൻ ഇ ശ്രീധരന്റെ എൻജിനീയറിങ് മികവിലൂടെ നിർമ്മിച്ച കൊങ്കൺ റെയിൽവേ പാതയിലൂടെ കടന്നുപോകുന്ന കുറിപ്പ് അവസാനിക്കുന്നത് മകനെ തിരിച്ചു കിട്ടിയ ഉമ്മയുടെ പൊട്ടിക്കരച്ചിലിലാണ് . നേരത്തെ തന്നെ നിരവധി എഴുത്തുകളിലൂടെ സാമൂഹ്യമാധ്യമങ്ങൾ ശ്രദ്ധേയനായ പയ്യന്നൂർ കോറോം സ്വദേശിയായ ഷിജിത്ത് പരിയാച്ചേരി 2011 ലാണ് സർവീസിൽ കയറിയത്. കർഷകരായ കരുണാകരന്റെയും സുശീലയുടെ മകനാണ് ഇദ്ദേഹം. ഗുജറാത്തിലെ അന്വേഷണത്തിന് നേതൃത്വം നൽകിയ ശ്രീജിത്ത് കാവുങ്കാൽ കാസർകോട് ചെറുവത്തുർ സ്വദേശിയാണ്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ..

മാർച്ച് മാസം എട്ടാം തീയ്യതി രാത്രി 8.50 മണിയോടെ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ജാംനഗർ എക്സ്‌പ്രസിൽ ഞാനും ശ്രീജിത്തേട്ടനും ഗുജറാത്തിലേക്ക് യാത്ര പുറപ്പെട്ടു. റിസർവേഷൻ ചെയ്തതിനാൽ അര കമ്പാർട്ട്‌മെന്റിൽ യാത്ര തുടർന്നു. ഗുജറാത്തിൽ എത്തി കാസർഗോഡ് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി തിരികെ കൊണ്ട് വരികയായിരുന്നു ലക്ഷ്യം. നേത്രാവതിപ്പാലവും കഴിഞ്ഞ് വണ്ടി യാത്ര തുടർന്നു.

കൊങ്കൺ റെയിൽവെയിലേക്ക് കയറി. കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് കൊങ്കൺ കടന്നുപോകുന്നത്. കർണ്ണാടകത്തിലെ മംഗലാപുരത്തെയും മഹാരാഷ്ട്രയിലെ റോഹയെയും തമ്മിൽബന്ധിപ്പിക്കുന്ന റെയിൽപ്പാതയാണ് കൊങ്കൺ റെയിൽവേ. ആദ്യമായാണ് ഞാൻ കൊങ്കൺ പാതയിലൂടെ സഞ്ചരിക്കുന്നത്. അതിന്റെ ആവേശവുമായി ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. രാത്രിയുടെ അന്ത്യയാമങ്ങളിൽ കൂടുതൽ ഒന്നും കാണാൻ സാധിച്ചില്ല.

രാവിലെ ഉണർന്നപ്പോൾ സമയം 6.20. വണ്ടി കൂടൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് നീങ്ങിതുടങ്ങുന്നു. സൂര്യരശ്മികൾ കണ്ണിൽ കുത്തുന്നു. നമ്മുടെ നാട്ടിലെ പോലെ തന്നെ അന്തരീക്ഷം. യാത്ര കേരളത്തിലെ ഉൾഗ്രാമത്തിൽ കൂടിയുള്ള യാത്രയെ ഓർമ്മിപ്പിക്കും. ശീമചക്ക, പ്‌ളാവ്, കാച്ചിൽ, വാഴയൊക്കെ കൃഷി ചെയ്തിരിക്കുന്നു. ട്രെയിൻ ജാലകത്തിലൂടെ ഓടി മറയുന്ന ഇടറോഡുകൾ, ചെറുപുഴകൾ, കണ്ടൽക്കാടുകൾ, നെൽപ്പാടങ്ങൾ. പുഴകൾ ആവർത്തിക്കപ്പെടുന്നു. ഇതിനിടയിൽ അകലെ മലനിരകൾ ദൃശ്യമായി തുടങ്ങി.

പ്രകൃതിഭംഗി തുളുമ്പുന്ന പാതകൾ പിന്നിട്ട് എപ്പോഴോ തീവണ്ടി മലകൾക്ക് ഇടയിലൂടെയുള്ള തുരങ്കത്തിലേക്ക് കടന്നു. ഇ.ശ്രീധരൻ എന്ന എൻജിനീയറെ കൈകൂപ്പി വഴങ്ങാതെ വയ്യ ആ കൊങ്കൺ വൈഭവം കണ്ടാൽ. മലകൾക്കുള്ളിൽ നിന്നും മലകൾക്കുള്ളിലേക്കുള്ള സഞ്ചാരം. മലയിടുക്കുകൾ വലിയ വയഡക്ട് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. തൊണ്ണൂറോളം തുരങ്കങ്ങളാണു കൊങ്കൺ പാതയിലുള്ളത്. അതെല്ലാം ദുർഘടവും അസാദ്ധ്യവും എന്ന് കരുതുന്ന മലകൾക്കിടയിലൂടെ. കൊങ്കൺ റെയിൽപ്പാതയിലെ 6.5 കിലോമീറ്റർ നീളമുള്ള കർബുദ് തുരങ്കമാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം.

തുരങ്കം മാത്രമല്ല വലിയ പുഴകൾക്ക് കുറുകെ ദൃഡമായ പാലങ്ങളുമുണ്ട്. ഏതാണ്ട് 1800 ഓളം പാലങ്ങളാണ് കൊങ്കൺ റൂട്ടിലുള്ളത്. പുറത്തേക്ക് ചെറുതോടുകളും പൊന്തക്കാടുകളും അക്കേഷ്യാമരങ്ങളും ഓടി മറയുന്നു. പിന്നെ നെൽകൃഷിയും. വയലുകൾക്കിടയിലെ പുല്ലുമേഞ്ഞ വീടുകൾ. വൈക്കോൽ കൂനകൾ. കണ്ണിന് കുളിർമയേകുന്ന കാഴ്ച. തുരങ്കത്തിലൂടെ കിലോമീറ്ററുകളോളം പോകുമ്പോൾ അറിയാതെ ആശങ്ക മനസ്സിൽ കുടികൊള്ളുന്നു.

മഹാരാഷ്ട്രയിലെ ആദ്യ സ്റ്റേഷനായ രത്‌നഗിരിയിലെത്തി. രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും 'വഡാപാവും' ചായയും കഴിച്ചു. മഹാരാഷ്ട്രക്കാരുടെ ഇഷ്ട ഭക്ഷണം 'വഡാപാവ്'. വണ്ടി നീങ്ങിത്തുടങ്ങി ഉച്ഛക്ക് രണ്ട് മണിയോടെ പൻവേലിൽ എത്തി. മുൻകൂട്ടി ബുക്ക് ചെയ്തതനുസരിച്ച് ' നായർ ഹോട്ടലിലെ കേരള ചോറ് ' എത്തിച്ച് കഴിച്ചു. സൂറത്ത്, അൻകലേശ്വർ, വഡോദര, അഹമ്മദാബാദ് എന്നീ സ്റ്റേഷനുകൾ കടന്നു ഞങ്ങളുടെ ട്രെയിൻ മുന്നോട്ട്. കാടും പുഴകളും ഗ്രാമങ്ങളും ഉറങ്ങിത്തുടങ്ങി.

ഫാക്ടറികൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതിന്റെ അടയാളമായി വെളിച്ചത്തിൽ പുകപടലമുയരുന്നുണ്ടായിരുന്നു. പുലർച്ചെ 5 മണിയോടെ ട്രെയിൻ ജാംനഗറിലെത്തി. ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ പിടിച്ച് ജാംനഗർ GSRTC ബസ്സ് സ്റ്റാന്റിലെത്തി. ബസ്സ് കണ്ടാൽ കണ്ടം ചെയ്യാൻ വച്ച വാഹനങ്ങൾ തോറ്റ് പോകും. തിക്കിതിരക്കി ബസ്സിൽ കയറി 60 കിലോമീറ്റർ ദൂരെയുള്ള ജാംകമ്പാലിയ എന്ന സ്ഥലത്തെത്തി. പോകുന്ന വഴിയിൽ മെട്രോ നഗരം എന്ന് തോന്നിക്കും വിധം കിലോമീറ്ററോളം വ്യത്യസ്ത നിറത്തിലുള്ള കടലാസിൻ പൂക്കളാൽ അലങ്കരിക്കപ്പെട്ട ഗുജറാത്തിന്റെ രാജവീഥി ശ്രദ്ധയിൽപ്പെട്ടു. വലിയ സെക്യൂരിറ്റിയോട് കൂടിയ ഇന്ത്യൻ ദേശീയപതാക കാറ്റിൽ പറന്ന് കളിക്കുന്ന റിലയൻസിന്റ ഒരു സ്വർഗ്ഗം തന്നെ അവിടെ കണ്ടു.

യാത്ര തുടർന്നു. ബസ് ഗ്രാമങ്ങളിലേക്ക് നീങ്ങുവാൻ തുടങ്ങി. സമ്പന്നന്മാർ സമ്പന്നരായും ദരിദ്രർ അതി ദരിദ്രരായും ജീവിക്കുന്ന ഉൾനാടൻ ഗ്രാമങ്ങൾ. വ്യവസായ പ്രൗഡി പുറം സംസ്ഥാനങ്ങളിൽ പേരെടുത്ത് നിൽക്കുമ്പോൾ അത് ഉൾനാടൻ ഗ്രാമങ്ങളിൽ തീരെ എത്തിയിരുന്നില്ല. എങ്ങും പൊടിപടലം നിറഞ്ഞ് റോഡ് ഗതാഗതം പോലും അസാധ്യമായ സ്ഥലം. പണ്ട് ഇരുചക്ര വാഹന രാജാവായ എസ് ടി(റെ) ഇവിടുത്തുകാർ മുചക്ര ചരക്ക് വാഹനമാക്കിയിരിക്കുന്നു. കന്നുകാലികൾ തെരുവിൽ അലയുന്നു. താമസിക്കാൻ കൂരയില്ലാത്ത ജനത. പൊടിപടലം നിറഞ്ഞ വെയിസ്റ്റ് ഇടുന്ന സ്ഥലത്ത് നിന്നും വെയിസ്റ്റ് ഭക്ഷണം കഴിക്കുന്ന കുട്ടികൾ. മനസ്സിന് ശരിക്കും വിഷമം തോന്നി. ഇതൊക്കെ കാണുമ്പോൾ ' ദൈവത്തിന്റെ സ്വന്തം നാട് ' എന്നത് കേരളത്തിന് സ്വന്തമായി തോന്നും. ഹോട്ടൽ തേടി നടന്ന് ക്ഷീണം പിടിച്ചു അവസാനം അലച്ചിലിനൊടുവിൽ സ്വാഗത് ഹോട്ടലിൽ നിന്നും 'ആലു പൊറോട്ട തൈരും അച്ചാറും ചെനമസാലയും കൂട്ടി മനസ്സില്ലാ മനസ്സോടെ ഒന്നു പിടിച്ചു.

കാണാതായ കുട്ടിയെയും ഉപ്പയേയും തേടി അലയാൻ തുടങ്ങി. ഞങ്ങൾ അവിടെ എത്തിയെന്ന് അറിഞ്ഞാൽ അവർ അവിടെ നിന്നും മുങ്ങും. അങ്ങനെ പറ്റിയാൽ ഒരവസരത്തിലും അവരെ കണ്ടെത്താനാവില്ല. അവരുടെ ലൊക്കേഷൻ നോക്കിയപ്പോൾ'. അത് മാറി മാറി വരുന്നു. അതൊരു ഗള്ളിയായിരുന്നു. ദൗറോജി, അഹമ്മദിയൻസിന്റെ സാമ്രാജ്യമായിരുന്നു അത്. മയക്ക് മരുന്ന് കഞ്ചാവ് മാഫിയക്കാരുടെ വിഹാരകേന്ദ്രം. ക്രിമിനലുകളുടെ താവളം. ഗുജറാത്തിലെ ഏതൊരു കവർച്ചക്കും അവിടുന്ന് ഉള്ളവരുടെ പ്രാതിനിധ്യം ഉണ്ടാകും. അവിടം പൊലീസിന് പോലും ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥലം.പക്ഷെ നമുക്ക് കുട്ടിയെ കൊണ്ട് വരണം എന്ന ലക്ഷ്യം മാത്രം.

പരാതിക്കാരിയും മകനെയും നഷ്ടപ്പെട്ട ആ ഉമ്മക്ക് ഞങ്ങളോടുള്ള( കേരള പൊലീസിനോടുള്ള) വിശ്വാസത്തിന് ഞങ്ങൾ ഒരു മങ്ങലും ഏൽപ്പിക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. ഞങ്ങളെ അവരുടെ പ്രാർത്ഥന രക്ഷിക്കും എന്ന മുതൽകൂട്ടിൽ ഞങ്ങൾ കമ്പാലിയയിൽ നിന്നും 1500 രൂപ ടാക്‌സി വാടക മുടക്കി ദൗറോജി എന്ന 5 മണിക്കൂർ ദൂരെയുള്ള കുഗ്രാമത്തിലേക്ക് പുറപ്പെട്ടു. മോട്ടോർ വാഹനം എന്തെന്ന് ഇതുവരെ കേട്ടിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത സ്ഥലം. അവിടം ഒരു വണ്ടി വന്നാൽ വണ്ടിയുടെ പിന്നിലൂടെ പൊടി കൂമ്പാരത്താൽ രൂപപ്പെട്ട ട്രെയിൻ ചൂളമടിച്ച് ഓടിത്തുടങ്ങും. അത്രമേൽ വികസനത്തിന് പേരുകേട്ട സ്ഥലം.

ഞങ്ങൾ അവിടെ എത്തി അവരുടെ ബന്ധുവിനെ കണ്ടെത്തി ഞങ്ങളുടെ വശത്താക്കി. അവരിൽ നിന്നും അവരുടെ ബന്ധുവായ സലായയിലെ ഒരാൾ ' ഗൾഫിൽ നിന്ന് നാളെ വരുന്നുണ്ട് എന്ന് അറിഞ്ഞു. അദ്ദേഹത്തെ ബന്ധപ്പെട്ട് കാണാതായ ആളേയും കുട്ടിയേയും സലായയിലേക്ക് വരുത്തിക്കാൻ ശ്രമം തുടങ്ങി. സലായ എന്ന് പേര് കേൾക്കുമ്പോൾ മനസ്സിൽ ഒരു പേടി കുടുങ്ങി. ഗുജറാത്തിലെ കഞ്ചാവ് മയക്ക് മരുന്ന് മാഫിയക്കാരുടെ വിഹാരകേന്ദ്രം. ഉൾനാടൻ ഗ്രാമപ്രദേശം. ക്രിമിനൽസ് നടനമാടുന്ന സ്ഥലം. അതിനൊന്നും ഭയക്കാതെ ഒറ്റ ലക്ഷ്യത്തിൽ നമ്മൾ മുന്നോട്ട് പോയി. അവസാനം ആ ശ്രമം വിജയിച്ചു.

അവരെ ദൗറോജിയിലെ അഹമ്മദിയൻസ് കോളനിയിൽ നിന്നും പുറത്തേക്ക് കൊണ്ടു വരാനുള്ള ഒരുക്കങ്ങൾ കൂട്ടി. ഞങ്ങൾ തിരിച്ച് കമ്പാലിയയിൽ എത്തി സലായയിലേക്കുള്ള വരവിനായി കാത്തിരുന്നു. അവർ വരുന്ന വഴി മുഴുവൻ സൈബർ സെല്ലിൽ നിന്നും കൃത്യമായ ലൊക്കേഷൻ തരുന്നുണ്ടായിരുന്നു. തന്ത്രത്തിനൊടുവിൽ കിലോമീറ്ററുകൾക്കിപ്പുറത്തുള്ള സലായ എന്ന സ്ഥലത്ത് കാണാതായയാളെയും കുട്ടിയേയും എത്തിച്ചു. ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കി സലായ പൊലീസിന്റെ സഹായത്തോടെ ലൊക്കേഷനിലെ വീട് സർച്ച് ചെയ്ത് അവരെ കണ്ടെത്തി.

ഒരിക്കലും എത്തിപ്പെടില്ലെന്ന് കരുതിയ കേരള പൊലീസിനെ കണ്ട അവരുടെ അന്താളിച്ച മുഖം, അതിലുപരി മകനെ തിരിച്ച് കിട്ടിയ ആ ഉമ്മ മകനെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. മകൻ തിരിച്ചും. കുറച്ച് സമയത്തിനുള്ളിൽ ആ സ്ഥലം മുഴുവൻ നാട്ടുകാരാൽ വളഞ്ഞിരുന്നു. അവരുടെ ആക്രോശം ഞങ്ങൾക്കെതിരെയായി. കയ്യാങ്കളി തുടരുന്ന വേളയിൽ സലായ പൊലീസിന് പോലും രക്ഷയില്ലാതായി. കുട്ടിയെയും എടുത്ത് ഞങ്ങൾ ഓടി പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു.

സലായയിൽ നിന്ന് കാണാതായ ആളെ കേരളത്തിലേക്ക് കൊണ്ട് വരാൻ സാധിക്കാതെ ഞങ്ങൾ എത്രയും പെട്ടെന്ന് കാണാതായ കുട്ടിയുമായി ടാക്‌സിയിൽ കമ്പാലിയയിൽ എത്തി. അവിടെ നിന്നും GSRTC ബസിൽ ജാം നഗറിലും. എത്രയും പെട്ടെന്ന് അവിടുന്ന് വിടണം'. കുട്ടിയെ കേരളത്തിൽ എത്തിക്കണം എന്ന ലക്ഷ്യത്തോടെ രാത്രി 11.30 മണിക്ക് ഏതോ ഒരു ട്രെയിനിൽ തിക്കി തിരക്കി ജനറൽ കമ്പാർട്ട് മെന്റിൽ കയറി ഉറക്കമൊഴിച്ച് പതിനൊന്നാം തീയ്യതി രാവിലെ 8 മണിയോടെ അഹമ്മദാബാദിലെത്തി. നാട്ടിലേക്ക് വണ്ടിയില്ലാത്തതിനാൽ പിറ്റേന്ന് പുലർച്ചെ വരെ വെയിറ്റ് ചെയ്തു. ഗുജറാത്തിന്റെ പ്രൗഡി വിളിച്ചോതുന്ന റെയിൽവെ സ്റ്റേഷൻ.

ആർത്തിരമ്പി വരുന്ന ജനസമുദ്രത്തിന് മുന്നിൽ ഞങ്ങൾ ഒന്ന് പതച്ചു. ഞങ്ങളോടുള്ള വിശ്വാസം ഞങ്ങൾ നിലനിർത്തി എന്ന ആത്മാഭിമാനത്തോടെ ഞങ്ങൾ അഹമ്മദാബാദിൽ നിന്നും യാത്ര തിരിച്ചു. ക്ഷീണത്തിൽ ഒന്ന് കണ്ണടച്ച് പോയി. ഉണരുമ്പോൾ ഗുജറാത്തിന്റെ അതിർത്തി സ്റ്റേഷനായ വാപി യിൽ എത്തിയിരുന്നു. ട്രെയിനിൽ ആകെ കോലാഹലമായിരുന്നു. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ അവസാനവർഷ പരീക്ഷ കഴിഞ്ഞ് കേരളത്തിലേക്ക് ആഘോഷിക്കാൻ വരുന്നു. എല്ലാവരും ജോഡികളായി പറന്ന് നടക്കുന്നു.

അതിനിടയിൽ ഞങ്ങൾ പൊലീസാണെന്ന് മനസ്സിലാക്കിയ ഗുജറാത്തി ഫാമിലി നമുക്കായി അവരുടെ നാട്ടിലെ സ്‌പെഷ്യൽ പ്രഭാത ഭക്ഷണം തയ്യാറാക്കി വച്ചിരിക്കുന്നു. ഗുജറാത്തി സ്‌റ്റൈൽ ഭക്ഷണം നമ്മൾ കഴിച്ചു വിശപ്പടക്കി. വാസി റോഡ്, പൻ വേൽ, രത്‌നഗിരി എന്നിവിടങ്ങൾ പിന്നിട്ട് വണ്ടി കൊങ്കൺ വിസ്മയത്തിലേക്ക് കയറിത്തുടങ്ങിയിരുന്നു. കൊങ്കൺ വിസ്മയത്തിലൂടെ യാത്ര തുടർന്നു. പുലർച്ചെ കാസർഗോഡ് എത്തി. ഞങ്ങൾ വണ്ടിയിറങ്ങി. ആ സമയം ആ ഉമ്മയുടെ മുഖത്തുണ്ടായിരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതായിരുന്നു. അള്ളാഹു പൊലീസിന്റെ രൂപത്തിൽ അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട അവസ്ഥ എന്ന് തോന്നും വിധമായിരുന്നു അവരുടെ ഭാവം. എന്തായാലും ആ ഉമ്മയ്ക്ക് മകനെ തിരിച്ച് നൽകാൻ സാധിച്ചു എന്നതിലൂടെ കേരള പൊലീസിനോടുള്ള വിശ്വാസം കാത്ത് സൂക്ഷിക്കാൻ സാധിച്ചു എന്നത് തന്നെയാണ് നാം കാണുന്ന മഹത്തായ കാര്യം. ഞങ്ങളെ ഈ ഉദ്യമത്തിൽ മാർഗ്ഗദർശിയായി സഹായിച്ച പ്രിയപ്പെട്ടവർക്ക് ഹൃദയത്തിൽ ചേർത്ത നന്ദിയറിയിക്കുന്നു.

ഷിജിത്ത് പരിയാച്ചേരി