പട്‌ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലഖിംപുർ സന്ദർശനത്തെ പരിഹസിച്ച് കേന്ദ്ര ഗ്രാമീണ വികസന മന്ത്രി ഗിരിരാജ് സിങ്. രാഹുൽ ഗാന്ധിയുടെ ലഖിംപുർ സന്ദർശനം വെറും പൊളിറ്റിക്കൽ ടൂറിസമാണ്. കശ്മീരിൽ കൊല്ലപ്പെട്ടവരുടെ വീട്ടിൽ എന്താണ് രാഹുൽ സന്ദർശിക്കാത്തതെന്നും ഗിരിരാജ് സിങ് ചോദ്യം ഉന്നയിച്ചു.

'' രാഹുൽ ഗാന്ധിയുടെ ലഖിംപൂർ ഖേരി സന്ദർശനം വെറും പൊളിറ്റിക്കൽ ടൂറിസമാണ്. യഥാർഥമായ ഒരു സഹാനുഭൂതിയും അതിന് പിന്നിലില്ല. എപ്പോഴാണോ കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും ഒരു അവസരം കിട്ടുന്നത്, അപ്പോഴെല്ലാം അവർ പൊളിറ്റിക്കൽ ടൂറിസം നടപ്പാക്കും. എന്തുകൊണ്ടാണ് ആ സംഭവത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്റെ കുടുംബത്തെ രാഹുൽ സന്ദർശിക്കാത്തത്. കശ്മീരിൽ കൊല്ലപ്പെട്ടവരുടെ വീട്ടിൽ എന്താണ് സന്ദർശിക്കാത്തത്'' -ഗിരിരാജ് സിങ് പറഞ്ഞു.

പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് സംഘം ഒക്‌ടോബർ ആറിന് ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ വീട്ടിലെത്തിയിരുന്നു. ഉത്തർ പ്രദേശ് പൊലീസിന്റെ പലവിധത്തിലുള്ള വിലക്കുകൾ ലംഘിച്ചായിരുന്നു സന്ദർശനം.