ലഖ്‌നൗ: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ഉത്തർപ്രദേശിലെ ഒരു ​ഗ്രാമം. സമരഭൂമിയിലെ കർഷകർക്ക് അവശ്യ സാധനങ്ങൾ എത്തിച്ച് കൊടുക്കുന്നതിനൊപ്പം സമരത്തെ എതിർക്കുന്നവർക്ക് ​ഗ്രാമത്തിൽ പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിരിക്കുകയാണ് ​ഗ്രാമവാസികൾ. പടിഞ്ഞാറൻ യു.പിയിലെ ഭാഗ്പത് ജില്ലയിലെ സരൂർപൂർ കല ഗ്രാമമാണ് കർഷക സമരത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗ്രാമത്തിൽ ബുധനാഴ്ച ചേർന്ന 36 ജാതി വിഭാഗങ്ങളുടെ പഞ്ചായത്ത് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കർഷക പ്രതിഷേധത്തെ പിന്തുണയ്ക്കാത്ത രാഷ്ട്രീയ പാർട്ടി, കർഷക സംഘടനാ നേതാക്കളെ പഞ്ചായത്ത് ഐക്യകണ്‌ഠേന അപലപിക്കുന്നതായും അത്തരക്കാർക്ക് ഗ്രാമത്തിലേക്ക് പ്രവേശനം വിലക്കൻ തീരുമാനിച്ചതായും യോഗത്തിൽ പങ്കെടുത്ത കർഷകൻ സുഭാഷ് നയിൻ പറഞ്ഞു. അതിജീവനത്തിനായുള്ള പോരാട്ടത്തിൽ കർഷകർക്കൊപ്പം നിൽക്കാൻ കഴിയില്ലെങ്കിൽ പിന്നെ നേതാക്കളുടെ പ്രസക്തി എന്താണെന്നും സുഭാഷ് ചോദിച്ചു.

അവശ്യ സാധനങ്ങളുമായി ജനുവരി 16ന് ഡൽഹിയിൽ പ്രതിഷേധം നയിക്കുന്ന കർഷകരെ സന്ദർശിക്കാനും ഗ്രാമത്തിലെ ഓരോ കുടുംബത്തിൽ നിന്നും അവരുടെ ജാതിയും സമുദായവും നോക്കാതെ സംഭാവനകൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഇതിനോടകം ഗ്രാമവാസികളിൽ നിന്ന് 4.5 ലക്ഷം രൂപ സംഭാവന ലഭിച്ചിട്ടുണ്ടെന്നും അവശ്യസാധനങ്ങൾ ഡൽഹിയിലെത്തിക്കാൻ ഒമ്പത് ട്രാക്ടറുകൾ ഗ്രാമവാസികൾ നൽകിയതായും കർഷക നേതാവ് വ്യക്തമാക്കി. ഒരുപാർട്ടിയുമായും തങ്ങൾക്ക് ബന്ധമില്ലെന്നും ഗ്രാമവാസികൾ പറയുന്നു.

അതിനിടെ, കാർഷികനിയമങ്ങൾ സംബന്ധിച്ച് കർഷകരും സർക്കാരുമായി ചർച്ചചെയ്യാൻ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് കർഷക നേതാവ് ഭൂപീന്ദർസിങ് മൻ പിന്മാറി. കർഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് പിന്മാറ്റമെന്ന് ഭൂപീന്ദർ സിങ് മൻ അറിയിച്ചു. കർഷകരുടെയോ പഞ്ചാബിന്റെയോ താത്പര്യങ്ങൾക്ക് വിരുദ്ധമായി നിലകൊള്ളാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ഭാരതീയ കിസാൻ യൂണിയൻ, അഖിലേന്ത്യാ കിസാൻ കോഓർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് ഭൂപീന്ദർ സിങ് മൻ.

'ഒരു കർഷകനെന്ന നിലയിലും ഒരു യൂണിയൻ നേതാവെന്ന നിലയിലും കർഷക സംഘടനകളിലും പൊതുജനങ്ങളിലും പൊതുവെ നിലനിൽക്കുന്ന വികാരങ്ങളും ആശങ്കകളും കണക്കിലെടുത്ത്, പഞ്ചാബിന്റെയും കർഷകരുടേയും താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ എനിക്ക് വാഗ്ദാനം ചെയ്ത ഏത് സ്ഥാനത്ത് നിന്നും പിന്മാമാറാൻ ഞാൻ തയ്യാറാണ്. സമിതിയിൽ നിന്ന് ഞാൻ പിന്മാറുന്നു. ഞാൻ എല്ലായ്‌പ്പോഴും എന്റെ കർഷകർക്കൊപ്പവും പഞ്ചാബിനൊപ്പവും നിൽക്കുന്നു', മൻ പ്രസ്താവനയിൽ പറഞ്ഞു.

ഇദ്ദേഹമടക്കം സുപ്രീംകോടതി രൂപീകരിച്ച സമിതിയിലെ നാല് പേരും കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന് കർഷകർ ആരോപിച്ചിരുന്നു. ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യാ ഡയറക്ടറും കാർഷിക സാമ്പത്തിക വിദഗ്ധനുമായ ഡോ. പ്രമോദ് കുമാർ ജോഷി, കാർഷിക സാമ്പത്തിക വിദഗ്ധൻ അശോക് ഗുലാത്തി, ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് അനിൽ ധാൻവാത് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

സമിതിയുമായി സഹകരിക്കില്ലെന്നും സമരംചെയ്യുന്ന കർഷക സംഘടനകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭൂപീന്ദർ സിങ് മൻ കഴിഞ്ഞമാസം ഒരു സംഘവുമായി കേന്ദ്ര കൃഷിമന്ത്രിയെ കണ്ട് ചില ഭേദഗതികളോടെ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമിതിയിലെ ഓരോ അം​ഗങ്ങളുടെയും നിലപാടുകൾ കർഷക വിരുദ്ധമാണെന്ന പ്രചാരണവും ശക്തമായിരുന്നു.