തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ കാലത്തെ ബാർ കോഴ ആരോപണത്തിൽ നിയമസഭയിൽ അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ നടത്തിയ പ്രസംഗങ്ങൾ ഭരണപക്ഷത്തെ ഓർമിപ്പിച്ച് പ്രതിപക്ഷം. മദ്യനയ അഴിമതി വിവാദത്തിൽ ഭരണപക്ഷത്തെ ആക്രമിച്ു കൊണ്ടാണ് റോജി എം ജോൺ പ്രസംഗിച്ചത്. സർക്കാരിന്റെ മദ്യനയത്തിൽ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ടായിരുനന്ു റോജിയുടെ പ്രസംഗം.

മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസിനും എക്സൈസ് മന്ത്രി എം.ബി. രാജേഷിനും വിമർശനമുള്ളത്. സർക്കാരിന്റെ അഴിമതിക്കും ദുർഭരണത്തിനും എതിരായി പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങൾക്ക് കരുത്തുപകരുന്ന ജനവിധിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു സഭയിൽ റോജി പ്രസംഗം ആരംഭിച്ചത്.

2015 മാർച്ച് 10-ന് സഭയിൽ വി എസ്. നടത്തിയ പ്രസംഗം വായിച്ചുകൊണ്ടാണ് റോജി വിഷയത്തിലേക്ക് കടന്നത്. 'കെ.എം. മാണിയും ഉമ്മൻ ചാണ്ടിയും പി.സി. ജോർജുമൊക്കെ വിശുദ്ധഗ്രഥം നന്നായി വായിച്ചുപഠിച്ചിട്ടുള്ളവരല്ലേ. അതിൽ മത്തായിയുടെ സുവിശേഷത്തിൽനിന്ന് ഒരു വാചകം ഉദ്ധരിക്കാം. ഒരു മനുഷ്യൻ ഈ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനമാണെന്നാണ് പറയുന്നത്. വചനം സത്യമായി അനുഭവപ്പെടുന്ന ഒരു കാലം വരും മിസ്റ്റർ മാണി. കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിൽ മാണി വീണുപോകുന്നത് എനിക്ക് ഓർക്കാൻപോലും കഴിയുന്നില്ല. കെടാത്ത തീയും ചാകാത്ത പുഴുവും...' എന്ന വി.എസിന്റെ പ്രസംഗത്തിലെ ഭാഗമാണ് റോജി ഉദ്ധരിച്ചത്.

മുഖ്യമന്ത്രിയോടും മന്ത്രിമാരായ എം.ബി. രാജേഷിനോടും മുഹമ്മദ് റിയാസിനോടും തങ്ങൾക്ക് പറയാനുള്ളത് ഇതുതന്നെയാണ്. കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിൽ നിങ്ങൾ വീണുപോകരുത്. അടുത്ത ദിവസങ്ങളിലെ ശബ്ദസന്ദേശം എങ്ങനെയാണോ പുറത്തുവന്നത്, സമാനരീതിയിൽ വന്ന ശബ്ദരേഖകളുടെയൊക്കെ അടിസ്ഥാനത്തിലാണ് കെ.എം. മാണിക്കെതിരെ ഇന്നത്തെ ഭരണപക്ഷം അന്ന് ബാർക്കോഴ ആരോപണം ഉന്നയിച്ചത്. കേരളം മുമ്പെങ്ങും കണ്ടില്ലാത്തവിധം കോലാഹലങ്ങൾക്ക് കേരളം സാക്ഷ്യംവഹിച്ചു. അന്ന് നിയമസഭപോലും തല്ലിതകർത്ത, സ്പീക്കർ ഇരിക്കുന്ന കസേരപോലും തല്ലിതകർക്കുന്ന സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവവികാസങ്ങൾക്ക് നിയമസഭ സാക്ഷ്യം വഹിച്ചത് ഈ ബാർക്കോഴ അഴിമതി ആരോപണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

'അന്ന് വി എസ്. നടത്തിയ മറ്റൊരു പ്രസ്താവനകൂടെയുണ്ട്. കോഴവാങ്ങിയ മാണി, കോഴപ്പണം എണ്ണാൻ സ്വന്തമായി യന്ത്രം സൂക്ഷിച്ചിരിക്കുന്ന മാണി, ബജറ്റ് വിറ്റ് കാശാക്കുന്ന മാണി, ഇത്രയും കൊള്ളരുതായ്മകൾക്കൊണ്ട് മുഖംവികൃതമായ മാണിയെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ല എന്നാണ് പറഞ്ഞത്. നിത്യവും ചെയ്യുന്ന കർമ്മഫലം, കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ, താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ, താന്താനനുഭവിച്ചീടുകന്നേ വരൂ, എന്നാണ് ഓർമിപ്പിക്കാനുള്ളത്', റോജി കൂട്ടിച്ചേർത്തു.

എല്ലാ തെളിവുകളും ഇവിടെയുണ്ട്. എന്തുകൊണ്ട് അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കാൻ സർക്കാർ തയ്യാറാവുന്നില്ല?പണം ആർക്ക് കൊടുക്കണമെന്ന് പോലും പറയാത്ത സന്ദേശത്തെക്കുറിച്ചാണ് ചർച്ചയെന്നാണ് മന്ത്രി സഭയിൽ പറഞ്ഞത്. മനസിലാകാത്തത് എക്സൈസ് മന്ത്രിക്കുമാത്രമാണെന്നും റോജി പരിഹസിച്ചു.

മദ്യനയുവമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. ജനുവരിയിലും മാർച്ചിലും ചീഫ് സെക്രട്ടറി യോഗം വിളിച്ചു. ടൂറിസം ഡയറക്ടർ മേയിൽ യോഗം വിളിച്ചു. സ്റ്റേക് ഹോൾഡേഴ്സുമായി ചർച്ച നടത്തിയെന്നാണ് ചീഫ് സെക്രട്ടറിയുടെ വാർത്താക്കുറിപ്പ്. മദ്യനയത്തിൽ ടൂറിസം വകുപ്പിന് എന്താണ് കാര്യം? എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് റിയാസാണോ രാജേഷാണോ എന്ന കേരളത്തിലെ ജനങ്ങൾക്ക് സംശയമുണ്ട്. വകുപ്പ് ആരുടെ കൈയിലാണെന്ന് മന്ത്രിമാരോ മുഖ്യമന്ത്രിയോ വ്യക്തമാക്കിയാൽ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

'ജനിക്കാത്ത മദ്യനയത്തിന്റെ ജാതകം ചമയ്ക്കുന്നവരോട് എന്നായിരുന്നു മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ തലക്കെട്ട്. അങ്ങയുടെ വകുപ്പിൽ കുഞ്ഞ് ജനിച്ചു, ഇനി അച്ഛനാരാണെന്ന് അന്വേഷിച്ചാൽ മതി. വേറെ ആളുകളാണ് കാര്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ...',

നോട്ടെണ്ണുന്ന മെഷീൻ ഇരിക്കുന്നത് എ.കെ.ജി. സെന്ററിലാണോ ക്ലിഫ് ഹൗസിലാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിശദമായ അന്വേഷണം വേണം. വിജിലൻസ് പരിശോധനവേണം. ജുഡീഷ്യൽ അന്വേഷണം നടക്കണമെന്നും റോജി ആവശ്യപ്പെട്ടു.