ചണ്ഡിഗഢ്: വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന സൂചന നല്‍കി പീപ്പിള്‍സ് പള്‍സ് അഭിപ്രായ സര്‍വേ. കോണ്‍ഗ്രസിന് 43-48 സീറ്റ്് കിട്ടുമ്പോള്‍, ബിജെപി 34-39 സീറ്റില്‍ ജയിച്ചേക്കും. 90 അംഗ ഹരിയാന നിയമസഭയില്‍ 46 സീറ്റാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുപാര്‍ട്ടിക്ക് വേണ്ട ഭൂരിപക്ഷം.

മറ്റുള്ളവര്‍ക്ക് 3-8 വരെ സീറ്റാണ് പ്രവചിക്കുന്നത്. അക്കൂട്ടത്തില്‍ പ്രാദേശിക കക്ഷികളായ ഇന്ത്യന്‍ നാഷണല്‍ ലോക് ദളും, ജനനായക് ജനതാ പാര്‍ട്ടിയും ചെറിയ സാന്നിധ്യമുള്ള ദേശീയ പാര്‍ട്ടികളായ ബിഎസ്പിയും ആം ആദ്മി പാര്‍ട്ടിയും ഉള്‍പ്പെടുന്നു.

2019 ലെ ഹരിയാന തിരഞ്ഞെടുപ്പില്‍ ബിജെപി 40 സീറ്റിലും കോണ്‍ഗ്രസ് 31 സീറ്റിലും ജെജെപി 10 ലും, ഐഎന്‍എല്‍ഡി ഒരുസീറ്റിലുമാണ് മത്സരിച്ചത്.

വോട്ടുവിഹിതം

പീപ്പിള്‍സ് പള്‍സ് സര്‍വേയില്‍ കോണ്‍ഗ്രസിന് 44 ശതമാനം വോട്ടും, ബിജെപിക്ക് 41 ശതമാനം വോട്ടും കിട്ടുമെന്ന് പറയുന്നു. 2019 ല്‍ 28 ശതമാനം മാത്രം വോട്ടുവിഹിതം നേടിയ കോണ്‍ഗ്രസിന് ഇതുവലിയ നേട്ടമായിരിക്കും. കഴിഞ്ഞ വട്ടം 36 ശതമാനം വോട്ടുവിഹിതം നേടിയ ബിജെപിക്കും നേട്ടം തന്നെ.

ഭൂപീന്ദറിന് പിന്തുണ കൂടുതല്‍

സര്‍വേ പ്രകാരം മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കാണ് നിലവിലെ ബിജെപി മുഖ്യമന്ത്രി നായബ് സിങ് സെയ്‌നിയേക്കാള്‍ ലീഡ്. 40 ശതമാനം. നായബ് സിങ് സെയ്‌നിയുടെ പ്രതിച്ഛായ ഇടിഞ്ഞെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. സെയ്‌നിയെ പിന്തുണയ്ക്കുന്നവര്‍ 30 ശതമാനമാണ്. മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടറിനെ ഒന്‍പത് ശതമാനം പേരും കോണ്‍ഗ്രസ് വനിതാ നേതാവ് കുമാരി സെല്‍ജയെ ഏഴു ശതമാനം പേരും പിന്തുണയ്ക്കുന്നു.

തങ്ങളുടെ പരമ്പരാഗത അടിത്തറയായ ജാട്ടുകളുടെയും ദളിതരുടെയും വിശ്വാസം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 65 ശതമാനത്തോളം കര്‍ഷകരുള്ള ഗ്രാമീണമേഖലയിലും കോണ്‍ഗ്രസിനോടാണ് ചായ് വ്.

ഒബിസികള്‍ക്കിടയില്‍ ബിജെപിക്കുള്ള പിന്തുണ ഇടിഞ്ഞിരിക്കുകയാണ്. ഒബിസി വിഭാഗത്തില്‍ പെട്ടയാളെ മുഖ്യമന്ത്രിയാക്കാനുളള ബിജെപി തീരുമാനം വേണ്ട പോലെ ഫലം കണ്ടില്ലെന്ന് വേണം കരുതാന്‍.

വോട്ടര്‍മാരുടെ മുഖ്യപ്രശ്‌നം, കാര്‍ഷിക തകര്‍ച്ച, തൊഴിലില്ലായ്മ, അഗ്നിവീര്‍ പദ്ധതിയോടുള്ള എതിര്‍പ്പ്, ഉപജീവന വെല്ലുവിളികള്‍ എന്നിവയാണ്. നിലവിലെ എംഎല്‍എമാരുടെ ജനപ്രിയത അനുസരിച്ച് പ്രാദേശിക ഘടകങ്ങള്‍ വിലയിരുത്തിയാകും വോട്ടര്‍മാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക.

ഈ ചിത്രം മാറുമോ?

ബി ജെ പിക്ക് തിരിച്ചടിയേറ്റ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു. അഞ്ച് സീറ്റ് നഷ്ടമായി ബി.ജെ.പി പത്ത് സീറ്റിലൊതുങ്ങുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സര്‍വേ പ്രകാരം കോണ്‍ഗ്രസും ബിജെപിയും തമ്മിലെ വോട്ടുവിഹിത വ്യത്യാസം 3 ശതമാനം മാത്രമാണ്. സര്‍വേയില്‍ പ്രവചിച്ചതിനേക്കാള്‍ കുറച്ചുകൂടി നല്ല പ്രകടനം ബിജെപി കാഴ്ച വച്ചാല്‍ ബിജെപിക്ക് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആയേക്കും. എന്നാല്‍, കോണ്‍ഗ്രസ്-ബിജെപി വോട്ട് വിഹിതത്തില്‍ അന്തരം കൂടിയാല്‍ കോണ്‍ഗ്രസ് ചിലപ്പോള്‍ തൂത്തുവാരിയെന്നും വരാം.