ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ. ദേശീയ തലത്തിൽ രൂപം കൊണ്ട് ഇന്ത്യാ മുന്നണിയും ജാതി സെൻസസിനെ ആയുധമാക്കാനുള്ള ബിജെപി തീരുമാനവുമെല്ലാം ഏതെല്ലാം വിധത്തിൽ ബിജെപിയെ ബാധിക്കും എന്നതിലാണ് എല്ലാവർക്കും ആകാംക്ഷയുള്ളത്. ഇതിനിടെയാണ് ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. രാജ്യത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നും കാര്യങ്ങൾ ചിലപ്പോൾ കോൺഗ്രസിന് അനുകൂലമായേക്കാമെന്നും സൂചിപ്പിക്കുന്ന സർവേ ഫലങ്ങളാണ് പുറത്തുവരുന്നത്.

കോൺഗ്രസ് ഇതുവരെ അധികാരത്തിൽ എത്താത്ത തെലുങ്കാനയിൽ അടക്കം ചിലപ്പോൾ അത്ഭുതങ്ങൾ സംഭവിച്ചേക്കാമെന്ന സൂചനകളാണ് സർവേകൾ നൽകുന്നത്. എബിപി - സി വോട്ടർ സർവേകൾ കോൺഗ്രസിന് പ്രതീക്ഷകൾ നൽകുമ്പോൾ തന്നെ ബിജെപിക്ക് ശക്തമായ മുന്നറിയിപ്പും നൽകുന്നതാണ്. കോൺഗ്രസിന് തെലങ്കാനയിലടക്കം വമ്പൻ മുന്നേറ്റമെന്നാണ് ആദ്യം പുറത്തുവന്ന സർവെ പ്രവചനമായ എ ബി പി - സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്.

മധ്യപ്രദേശിലും ഛത്തീസ്‌ഗഡിൽ പോരാട്ടം കടുക്കുമെങ്കിലും കോൺഗ്രസിനാണ് മുൻതൂക്കമെന്നാണ് എ ബി പി - സി വോട്ടർ പ്രവചനത്തിൽ പറയുന്നത്. തെലങ്കാനയിൽ കോൺഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരത്തിലേറാമെന്നാണ് പ്രവചനം. രേവന്ദ് റെഡ്ഡിയെന്ന നേതാവിന്റെ ജനപിന്തുണയിലാണ് കോൺഗ്രസ് പ്രതീക്ഷ വെക്കുന്നത്.

അങ്ങനെയെങ്കിൽ തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ നേട്ടം അന്ന് സ്വന്തമാക്കാനാകാതെ പോയതിന്റെ ക്ഷീണം കോൺഗ്രസിന് ഇക്കുറി തീർക്കാം. അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്റെ ബി ആർ എസിന് 43 മുതൽ 55 വരെ സീറ്റിലേക്ക് ഒതുങ്ങേണ്ടിവരും. വലിയ പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങുന്ന ബിജെപിക്ക് നിരാശയാകും ഫലമെന്നും എ ബി പി - സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നു. തെലങ്കാനയിൽ ബിജെപിക്ക് 5 മുതൽ 11 സീറ്റുകൾ വരെയാകും നേടാൻ സാധിക്കുക.

അതേസമയം ഛത്തീസ്‌ഗഡിൽ കോൺഗ്രസ് ഭരണതുടർച്ചയ്ക്കുള്ള സാധ്യതയാണ് എ ബി പി - സി വോട്ടർ പ്രവചനം പറയുന്നത്. ഇവിടെ ഭരണവിരുദ്ധ വികാരമില്ലെന്നെന്നാണ് സർവേയിലെ സൂചനകൾ. കടുത്ത പോരാട്ടമായിരിക്കും സംസ്ഥാനത്തെങ്കിലും കോൺഗ്രസിന് മുൻതൂക്കമുണ്ട്. കോൺഗ്രസ് 45 മുതൽ 51 വരെ സീറ്റുകൾ നേടാമെന്നും ബിജെപി 39 - 45 വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് പ്രവചനം. മറ്റുള്ളവരാകട്ടെ പരമാവധി 2 സീറ്റുകളിലേക്ക് ഒതുങ്ങും.

മിസോറാമിൽ തൂക്കുസഭയാകുമെന്നാണ് എ ബി പി - സി വോട്ടർ പ്രവചനം പറയുന്നത്. എം എൻ എഫ് 13 മുതൽ 17 വരെ സീറ്റുകൾ നേടാം. കോൺഗ്രസിനാടക്കെ 10 മുതൽ 14 സീറ്റുകൾ വരെ ഇക്കുറി ലഭിച്ചേക്കും. ഇസെഡ് പി എം 9 - 13 സീറ്റുകളും മറ്റുള്ളവർ 0 - 3 വരെ സീറ്റുകൾ നേടിയേക്കുമെന്നും എ ബി പി - സി വോട്ടർ പ്രവചനത്തിൽ പറയുന്നു.

മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് സർവെ പറയുന്നത്. എന്നാലും കോൺഗ്രസിന് മുൻതൂക്കമുണ്ടെന്ന് കാണാം. കോൺഗ്രസ് 113 -125 വരെയും ബിജെപി 104 - 116 വരെയും ബിഎസ്‌പി 0 - 2 വരെയും മറ്റുള്ളവർ 0 - 3 വരെയും സീറ്റുകൾ മധ്യപ്രദേശിൽ നേടിയേക്കാമെന്നാണ് എ ബി പി - സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്.

കോൺഗ്രസ് എംപിമാരെ കൂറുമാറ്റി ഭരണം പിടിച്ചെടുത്ത മധ്യപ്രദേശിൽ കടുത്ത ഭരണവിരുദ്ധ വികാരം മറികടക്കാൻ കേന്ദ്രമന്ത്രിമാരെ അടക്കം കളത്തിലിറക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ശിവരാജ് സിങ് ചൗഹാൻ തന്നെയാകും ബിജെപിയുടെ മുഖമാകുക. എന്നാൽ അധികാരം കിട്ടിയാൽ അദ്ദേഹം മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

കേന്ദ്രമന്ത്രിമാരും എംപിമാരും അടക്കം മുതിർന്ന നിരവധി കേന്ദ്ര നേതാക്കളെ മധ്യപ്രദേശിൽ ജീവന്മര പോരാട്ടത്തിനിറക്കിയിരിക്കുയാണ് ബിജെപി. നിലവിലുള്ള മുഖ്യമന്ത്രിക്ക് പുറമെ ഇൻഡോർ മാൾവ മേഖലയിൽ കൈലാഷ് വിജയ്‌വർഗ്യയെയും ആദിവാസി മേഖലയിൽ ഫഗ്ഗൻ സിങ്ങ് കുലസ്‌തെയെയും ജനങ്ങൾക്കിടയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി അവതരിപ്പിക്കുകയാണ് പ്രവർത്തകർ.

മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് ചോദിക്കുമ്പോഴെല്ലാം ശിവരാജ് സിങ്ങ് ചൗഹാൻ അല്ലാതെ മറ്റൊരു നേതാവും അദ്ദേഹത്തിന്റെ പേര് പറയുന്നില്ല. ഏറ്റവുമൊടുവിൽ മുഖ്യമന്ത്രി മുഖമാരെന്ന ചോദ്യത്തിന് 'താമര'യാണ് ബിജെപിയുടെ മുഖമെന്നായിരുന്നു കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ മറുപടി. മറുഭാഗത്ത് മാധവറാവു സിന്ധ്യ കൂടൊഴിഞ്ഞതോടെ വിമത ശല്യം ഇല്ലാതാകുകയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ കമൽനാഥിന് എതിരാളികളില്ലാതാകുകയും ചെയ്തു. കമൽനാഥ് 'ഇന്ത്യ' സഖ്യ കക്ഷികളെ കൂട്ടാതെ തന്നെ മധ്യപ്രദേശിൽ ഭരണം പിടിക്കാമെന്ന അതിരു കടന്ന ആത്മ വിശ്വാസത്തിലുമാണ്. വിജയിച്ചാൽ കമൽനാഥ് മുഖ്യമന്ത്രിയെന്ന് വ്യക്തമായതു കോൺഗ്രസിന് ഗുണം ചെയ്യും.

രാജസ്ഥാനിൽ ബിജെപി

രാജസ്ഥാനിൽ ബിജെപി മുന്നേറ്റമാണ് സർവേ പ്രവചിക്കുന്നത്. 200 നിയമസഭാ സീറ്റുകളിൽ ബിജെപി 127 മുതൽ 137 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് സർക്കാർ രൂപവത്കരിക്കുന്നതിന് ആവശ്യമായ കേവല ഭൂരിപക്ഷം 101 സീറ്റുകളാണ്. കോൺഗ്രസ് 59 മുതൽ 69 സീറ്റുകളിൽ ഒതുങ്ങുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവർ ആറ് സീറ്റ് വരെ നേടുമെന്നാണ് സർവേ പ്രവചനം.