ന്യൂഡൽഹി: വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസിനായി പ്രിയങ്കാ ഗാന്ധി മത്സരിക്കും. രാഹുൽ ഗാന്ധിയുടെ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളിയതോടെ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങി. മേൽക്കോടതിയിൽ അപ്പീൽ നൽകാൻ രാഹുലിന് അനുവദിച്ച സമയം കഴിയുന്നതു വരെ കാത്തിരിക്കുമെന്നു നേരത്തേ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ വ്യക്തമാക്കിയിരുന്നു.

മാർച്ച് 23ന് കീഴ്‌ക്കോടതി ശിക്ഷ പ്രഖ്യാപിച്ചപ്പോൾ 30 ദിവസം സമയം അനുവദിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ തീരുമാനം ഉടനുണ്ടായേക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു. എല്ലാ കാര്യങ്ങളും സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനമുണ്ടാകും. ഹൈക്കോടതിയിൽ അപ്പീൽ പോകുന്നതിനാൽ അതു കൂടി കണക്കിലെടുത്തേക്കുമെന്നും കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു. ലക്ഷദ്വീപിൽ എംപിയെ ശിക്ഷിച്ചപ്പോൾ തിരക്കിട്ടു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച് പിന്നീട് പിൻവലിക്കേണ്ടി വന്നു. ഇത് പ്രതിപക്ഷത്തിന്റെ വിമർശനത്തിനിടയാക്കിയിരുന്നു. അതായത് ഹൈക്കോടതി അപ്പീലും നിർണ്ണായകമാകും. ഇതിനിടെയാണ് തിരഞ്ഞെടുപ്പുണ്ടായാൽ പ്രിയങ്കയാകും സ്ഥാനാർത്ഥിയെന്ന സൂചന വരുന്നത്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുലിന് മത്സരിക്കാൻ കഴിയാത്ത സാഹചര്യമാണ് വിധി ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രിയങ്കയെ ഉയർത്തി ലോക്‌സഭാ മത്സരത്തിന് കോൺഗ്രസ് ഒരുങ്ങുന്നത്. പ്രിയങ്കയാകും തിരിഞ്ഞെടുപ്പ് ഉടൻ നടന്നാൽ സ്ഥാനാർത്ഥിയെന്ന സൂചന കെപിസിസിക്കും ഹൈക്കമാണ്ട് നൽകിയിട്ടുണ്ട്. രാഹുലിനേക്കാൾ മികച്ച ഭൂരിപക്ഷം പ്രിയങ്കയ്ക്ക് ഉറപ്പിക്കാനും ശ്രമിക്കും. മോദി സർക്കാരിനെതിരെ പ്രിയങ്കയുടെ വമ്പൻ വിജയം ചർച്ചയാക്കാനാണ് നീക്കം. കേരളത്തിൽ പ്രിയങ്കയ്ക്ക് മികച്ച പിന്തുണ കിട്ടുമെന്നാണ് വിലയിരുത്തൽ. ഇതിന് മുമ്പ് പ്രിയങ്ക തിരഞ്ഞെടുപ്പിലൊന്നും മത്സരിച്ചിട്ടില്ല. അടുത്ത തിരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധിയും മത്സരിക്കാൻ സാധ്യത കുറവാണ്.

അതിനിടെ വയനാട് ഉപതിരഞ്ഞെടുപ്പ് വേണമോ എന്ന ചിന്ത കമ്മീഷനുണ്ട്. അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. എന്നാൽ ആറു മാസത്തിൽ കൂടുതൽ ഒരു മണ്ഡലവും ഒഴിച്ചിടരുതെന്നാണ് ചട്ടം. എല്ലാ നിയമോപദേശവും തേടിയ ശേഷമേ ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനം എടുക്കൂ. ബിജെപിയുടെ നിലപാടും നിർണ്ണായകമാകും. വയനാട്ടിൽ ബിജെപിക്ക് വേരുകൾ കുറവാണ്. ഈ സാഹചര്യത്തിൽ പാർട്ടി എടുക്കുന്ന നിലപാട് നിർണ്ണായകമാകും. കേരളത്തിലെ പാർട്ടി നേതൃത്വം തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന അഭിപ്രായത്തിലാണ്.

നേരത്തെ ചവറ നിയമസഭായിലേക്ക് ഇതേ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് കമ്മീഷൻ തിരുമാനിച്ചിട്ടുണ്ട്. അന്ന് എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഒരു വർഷത്തോളം ചവറയ്ക്ക് എംഎൽഎ ഇല്ലാതെ കിടന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രമുള്ളതിനാൽ അന്ന് ചെലവ് കുറയ്ക്കാനായി തിരഞ്ഞെടുപ്പ് ഒഴിവാക്കി. അന്ന് കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളുടേയും അഭിപ്രായം തേടിയായിരുന്നു തീരുമാനം. വയനാട്ടിൽ അതേ രീതിയിൽ ചർച്ച നടക്കുമോ എന്ന് ആർക്കും ഒരു സൂചനയുമില്ല. തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുപക്ഷവും സ്ഥാനാർത്ഥിയെ നിർത്തും.

വയനാട് ഉപതിരഞ്ഞെടുപ്പ് ഉടനുണ്ടായേക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറയുന്നതും വോട്ടെടുപ്പ് ഒഴിവാകാനുള്ള സാധ്യതയാണ് ചൂണ്ടികാട്ടുന്നത്. ഉപതിരഞ്ഞെടുപ്പ് ഇപ്പോൾ ആലോചനയിലില്ല. തുടർനിയമ നടപടികൾ നിരീക്ഷിക്കും. ഇതിന് ശേഷം മാത്രമാകും തീരുമാനമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീല് സൂറത്ത് സെഷൻസ് കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് വയനാട് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ സജീവമായത്. മാനനഷ്ടക്കേസിൽ വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് നേതാവ് കോടതിയെ സമീപിച്ചത്. എന്നാൽ കോടതി വിധിക്ക് സ്റ്റേ നൽകിയില്ല. ഇതോടെ ലോക്സഭാംഗത്വത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും.

മോദി സമുദായത്തിനെതിരായ പരാമർശത്തിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു രാഹുൽ സൂറത്ത് ജില്ലാ കോടതിയെ സമീപിച്ചത്. അപ്പീൽ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കുകയാണ് രാഹുൽ ഗാന്ധിയുടെ മുന്നിലുള്ള അടുത്ത വഴി. ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. തുടർനടപടി സംബന്ധിച്ച് കോൺഗ്രസിലും ആലോചനകൾ തുടരുകയാണ്.