കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്. ഓണം അവധി ദിവസങ്ങളിലേക്ക് കടക്കുന്നതിനാൽ, പ്രചരണത്തിന് അൽപ്പം വേഗത കൂട്ടിയിട്ടുണ്ട്. എന്നാൽ ഓണ ദിവസങ്ങളിൽ കാടടച്ച പ്രചരണം ഉണ്ടാകില്ല. ഈ ദിവസങ്ങളിൽ പരസ്യപ്രചാരണത്തിന് ഇടവേള നൽകിയിരിക്കയാണ് മുന്നണികൾ.

സെപ്റ്റംബർ മൂന്നിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം. അഞ്ചിനാണ് തെരഞ്ഞെടുപ്പ്. വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഇനി വോട്ടുപിടിക്കാൻ കിട്ടുക. അതിനുമുമ്പ് പരമാവധി ആളുകളെ കണ്ട് വോട്ടുറപ്പിക്കണം. തിരുവോണത്തോടനുബന്ധിച്ച് മൂന്ന് മുന്നണി സ്ഥാനാർത്ഥികളും പരസ്യപ്രചാരണത്തിന് ഇടവേള നൽകിയിരിക്കുകയാണ്.

യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ശനി, ഞായർ ദിവസങ്ങളിൽ പ്രചാരണം നടത്തിയിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ 41ാം ചരമദിനാചരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച തിരുവനന്തപുരത്തുമായിരുന്നു. തിങ്കളാഴ്ച മണർകാട് പഞ്ചായത്തിൽ വാഹനപര്യടനം നടത്തും. തിരുവോണത്തിന്റെ അന്ന് ഓണാഘോഷങ്ങളിൽ പങ്കെടുത്ത് വ്യക്തിപരമായി വോട്ടുതേടും. 30, 31 തീയതികളിലും പരസ്യപ്രചാരണമുണ്ടാവില്ല. 30ന് പൊതുയോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പങ്കെടുക്കും. സെപ്റ്റംബർ ഒന്നിന് എ.കെ. ആന്റണിയും രണ്ടിന് ശശി തരൂരും മണ്ഡലത്തിലെത്തും. ഒന്നിന് വാകത്താനം, രണ്ടിന് അകലക്കുന്നം പഞ്ചായത്തുകളിലാണ് സ്ഥാനാർത്ഥി പര്യടനം.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി. തോമസ് ഞായറാഴ്ച അയർക്കുന്നം, അകലക്കുന്നം, കൂരോപ്പട പഞ്ചായത്തുകളിൽ പര്യടനം നടത്തി. 28, 29 തീയതികളിൽ പൊതുപ്രചാരണം ഒഴിവാക്കും. തിരുവോണത്തിന് കോട്ടയം മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണസംരംഭത്തിൽ പങ്കാളിയാവുകയാണ് പതിവ്. ഇത്തവണയും അതു തുടരും. 30, സെപ്റ്റംബർ ഒന്ന് തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മണ്ഡലത്തിലെത്തും.

24ന് അദ്ദേഹം രണ്ട് പഞ്ചായത്തുകളിലെ പൊതുയോഗത്തിൽ പങ്കെടുത്തിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻലാൽ 29, 30, 31 തീയതികളിൽ പൊതുപ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കും. കേരളത്തിന്റെ സംഘടന ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കർ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ എന്നിവർ എൻ.ഡി.എയുടെ അവസാന ഘട്ടപ്രചാരണത്തിനെത്തും.

അതേസമയം പ്രചരണ രംഗത്ത് ആരോപണങ്ങൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ തന്നെയാണ് കോൺഗ്രസിന്റെ തുറുപ്പു ചീട്ട്. ഇതിനെ തകർക്കാർ വികസന വിഷയം ചർച്ചയാക്കാൻ സിപിഎം ശ്രമിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങളും യു.ഡി.എഫും ബിജെപിയും സഖ്യത്തിലാണെന്ന രാഷ്ട്രീയ ആരോപണവും ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു.എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആകട്ടെ, എല്ലാ വികസനങ്ങളും യു.ഡി.എഫ് തുടങ്ങിയതാണെന്നും ബിജെപിയെ പ്രതിരോധിക്കാൻ ഇന്ത്യ മുഴുവൻ നടന്നത് രാഹുൽ ഗാന്ധിയാണെന്നും തിരിച്ചടിച്ചു.

ഇതിനിടെയാണ് മൃഗാശുപത്രിയിലെ താത്കാലിക സ്വീപ്പറായിരുന്ന സതിയമ്മയ്‌ക്കെതിരായ കേസും അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപവും യു.ഡി.എഫിന് വീണുകിട്ടിയത്. സ്ത്രീ വോട്ടർമാരുടെ മനസിളക്കാൻ വിഷയം പരമാവധി ആളിക്കത്തിച്ചു. ഇത് സിപിഎം വ്യക്തി അധിക്ഷേപം നടത്തുന്നതാണ് എന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു.

ഇതിനിടെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഓണക്കിറ്റ് വിതരണം ചെയ്യരുതെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കോട്ടയം ജില്ല തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. കിറ്റ് മുടക്കുന്നത് യു.ഡി.എഫാണെന്ന പ്രചാരണം ശക്തമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കിറ്റ് വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് കമ്മിഷന് കത്തും നൽകി. ഇനി പൂഴിക്കടകൻപ്രചാരണത്തിൽ പതിനെട്ടടവും പയറ്റിയ മുന്നണികൾ ഇനി എതിരാളികളെ വെല്ലാൻ പൂഴിക്കടകനെന്ന പത്തൊമ്പതാമത്തെ അടവ് പയറ്റാനുള്ള തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ്.