ലണ്ടന്‍: പതിനാലു വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് ഭരണത്തിനു അന്ത്യം കുറിച്ച് ബ്രിട്ടീഷ് ജനത. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പൂര്‍ത്തിയാകും മുന്‍പ് തന്നെ കേവല ഭൂരിപക്ഷം ഉറപ്പിച്ച ലേബര്‍ പാര്‍ട്ടി, മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കിയിട്ടുണ്ട്. പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍ ആയിരിക്കും പുതിയ പ്രധാനമന്ത്രി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ വലിയ തോല്‍വിയിലേക്ക് തള്ളിവിട്ട ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനക് പരസ്യമായി മാപ്പ് പറഞ്ഞു പടിയിറങ്ങി.

'ഞങ്ങള്‍ അത് നേടിയിരിക്കുന്നു ! മാറ്റം ഇപ്പോള്‍ മുതല്‍ ആരംഭിക്കും.' ഇതായിരുന്നു, വിജയമുറപ്പിച്ച ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മറുടെ ആദ്യ പ്രതികരണം ഇതായിരുന്നു. ജനപ്രതിനിധി സഭയെ നിയന്ത്രിക്കാന്‍ ആവശ്യമായ 325 സീറ്റുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടതോടെ സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന ഒരു റാലിയിലായിരുന്നു വിജയാഹ്‌ളാദം പ്രകടിപ്പിച്ചത്. പതിനാല് വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിന്റെ ഏട് കീറിക്കളയുവാനായിരുന്നു ബ്രിട്ടീഷ് ജനത വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

റിച്ച്‌മോണ്ട് ആന്‍ഡ് നോര്‍തല്ലെര്‍ട്ടണ്‍ നിയോജകമണ്ഡലത്തില്‍ നിന്നും ഋഷി സുനക് വീണ്ടും വിജയിച്ചെങ്കിലും തീര്‍ത്തും നിരാശനായി ലേബര്‍ പാര്‍ട്ടിയുടെ വിജയത്തെ അംഗീകരിക്കുകയായിരുന്നു അദ്ദേഹം. ജനവിധിയില്‍ നിന്നും എറെ പഠിക്കാനുണ്ടെന്നും, ഈ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ഋഷി സുനക് പറഞ്ഞു. ഗ്രാന്റ് ഷാപ്സും പെന്നി മോര്‍ഡൗണ്ടും ഉള്‍പ്പടെയുള്ള വന്‍മരങ്ങള്‍ കടപുഴകി വീണപ്പോള്‍, ഋഷി തന്റെ സുരക്ഷിതമായ മണ്ഡലത്തില്‍ കാലിടറാതെ പിടിച്ചു നില്‍ക്കുകയാണ്.

ലേബര്‍ പാര്‍ട്ടിയുടെ വിജയത്തേക്കാള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പരാജയമാണ് തെരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു ഗ്രാന്റ് ഷാപ്സിന്റെ പ്രതികരണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ജനങ്ങളില്‍ മടുപ്പുളവാക്കിയതായും അദ്ദേഹം പറഞ്ഞു. എഡ്യൂക്കേഷന്‍ സെക്രട്ടറി ഗില്ലിയന്‍ കീഗനും, ജസ്റ്റിസ് സെക്രട്ടറി അലക്സ് ചോക്കും ഉള്‍പ്പടെ ഒരു ഡസനിലധികം ക്യാബിനറ്റ് മന്ത്രിമാര്‍ പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ചപ്പോള്‍ പക്ഷെ പ്രധാനമന്ത്രിക്കൊപ്പം ചാന്‍സലര്‍ക്കും പിടിച്ചു നില്‍ക്കാനായി. മുന്‍ നേതാവ് ഇയാന്‍ ഡന്‍കന്‍ സ്മിത്തും വിജയിച്ചു.

ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ലേബര്‍ പാര്‍ട്ടിക്ക് 170 സീറ്റുകളുടെ വരെ ഭൂരിപക്ഷം നേടാനാകുമെന്നാണ് കരുതുന്നത്. കണ്‍സര്‍വേറ്റീവുകള്‍ 144 സീറ്റുകളില്‍ ഒതുങ്ങിയേക്കും. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 56 സീറ്റുകളും ഫരാജിന്റെ റിഫോം യു കെ യ്ക്ക് നാലു സീറ്റുകളും ലഭിക്കാനാണ് സാധ്യത.