ലണ്ടന്‍: കീര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിയുടെ തേരോട്ടത്തില്‍ പ്രതിരോധ സെക്രട്ടറി ഗ്രാന്‍ ഷാപ്സിനും പിറകെ മറ്റൊരു വന്‍മരം കൂടി കടപുഴകി വീണു. ഋഷി സുനകിന്റെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്ന പെന്നി മോര്‍ഡൗണ്ട് പോര്‍ട്ട്‌സ്മൗത്ത് നോര്‍ത്ത് നിയോജകമണ്ഡലത്തില്‍ 3000 ഓളം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. നേരത്തെ അത്രയും തന്നെ വോട്ടുകള്‍ക്ക് വെല്‍വിന്‍ ഹാറ്റ്ഫീല്‍ഡ് മണ്ഡലത്തില്‍ ഗ്രാന്‍ ഷാപ്സ് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.

വെല്‍ഷ് സെക്രട്ടറി ഡേവിഡ് ഡേവീസ് അതിനു മുന്‍പ് തന്നെ പരാജയപ്പെട്ടിരുന്നു. ചിചെസ്റ്ററില്‍, എഡ്യൂക്കേഷന്‍ സെക്രട്ടറി ഗില്ലിയന്‍ കീഗന്‍ ലിബറല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയോടാണ് പരാജയപ്പെട്ടത്. ജസ്റ്റിസ് സെക്രട്ടറി അലക്സ് ചോക്കിനേയും പരാജയപ്പെടുത്തിയത് ലിബറല്‍ ഡെമോക്രാറ്റുകളാണ്. ജോണി മേര്‍സറേയും തെരെസെ കോഫിയേയും ലെബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോല്‍പിച്ചു. ഇതോടെ മൊത്തം 16 ക്യാബിനറ്റ് മന്ത്രിമാര്‍ ആണ് ഇതുവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചത്.

നേരത്തെ എക്സിറ്റ് പോളുകളില്‍ സൂചിപ്പിച്ചിരുന്നത് ലേബര്‍ പാര്‍ട്ടി 170 സീറ്റുകളുടെ ഭൂരിപക്ഷം നേടും എന്നതായിരുന്നെങ്കില്‍, വോട്ടെണ്ണല്‍ ഘട്ടങ്ങളില്‍ പുറത്തു വരുന്ന സൂചന അനുസരിച്ച് ലേബറിന്റെ ഭൂരിപക്ഷം 160 സീറ്റുകള്‍ മാത്രമായിരിക്കും. അതുപോലെ എക്സിറ്റ് പോളുകളില്‍ 131 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പ്രവചിച്ചിരുന്നത്. ഇത് 154 ആയി ഉയരുമെന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. നേരത്തെ 61 സീറ്റുകള്‍ പ്രവചിച്ചിരുന്ന ലിബറല്‍ ഡെമോക്രാറ്റുകള്‍ 56 സീറ്റുകളിലേക്ക് ഒതുങ്ങുമ്പോള്‍, 13 സീറ്റുകള്‍ പ്രവചിച്ചിരുന്ന റിഫോം യു കെ പരമാവധി നാല് സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ഏറ്റവും പുതിയ ട്രെന്‍ഡ് വെളിപ്പെടുത്തുന്നു.

അതിനിടയില്‍ ഹോള്‍ബോണ്‍ ആന്‍ഡ് സെയിന്റ് പാന്‍ക്രാസ് മണ്ഡലത്തില്‍ നിന്നും ലേബര്‍ പാര്‍ട്ടി നേതാവ്, സര്‍ കീര്‍ സ്റ്റാര്‍മര്‍ വീണ്ടും വിജയിച്ചെങ്കിലും, ഇടതുപക്ഷ സ്വതന്ത്രന്‍ മത്സരിച്ചത് അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തില്‍ വലിയ ഇടിവുണ്ടാക്കി. മാറ്റം ആരംഭിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുന്നതിനിടയില്‍ കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചത്.