ഹിരോഷിമ: വികസിത രാജ്യങ്ങളുടെ, പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളുടെ വീരനായകനായി മാറിയിരിക്കുകയാണ് യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി ഇന്ന്. അതിന്റെ പ്രതിഫലനമായിരുന്നു ഇന്നലെ ഹിരോഷിമയിലെ ജി 7 ഉച്ചകോടിയുടെ വേദിയിൽ കാണാനായത്. വീരനായക പരിവേഷത്തോടെയായിരുന്നു സമ്പന്ന രാഷ്ട്രങ്ങളുടെ നേതാക്കൾ സെലെൻസ്‌കിയെ വരവേറ്റത്. ഹിരോഷിമയിൽ ഇറങ്ങി അല്പനേരം കഴിഞ്ഞപ്പോൾ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആലിംഗനം ചെയ്തുകൊണ്ടായിരുന്നു സെലെൻസ്‌കിയെ സ്വീകരിച്ചത്.

''കാണാൻ കഴിഞ്ഞതിൽ സന്തോഷം, നിങ്ങൾ അത് സാധുച്ചു'' എന്നായിരുന്നു ഋഷി സുനകിന്റെ സ്വാഗത വചനം. ജി 7 ഉച്ചകോടിയിൽ സെലെൻസ്‌കിയെ എത്തിക്കുന്നതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആയിരുന്നു പ്രധാന പങ്ക് വഹിച്ചതെന്ന് ഇന്നലെ സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഏതാണ്ട് ഒരു മാസം മുൻപായിരുന്നു ഋഷി ഇത്തരമൊരു ആശയം സെൽസ്ൻസ്‌കിയോട് പറയുന്നത്.

പാശ്ചാത്യ രാഷ്ട്രങ്ങളുമായി ജെറ്റ് വിമാനങ്ങളുടെ കരാറിനായി ശ്രമിക്കാൻ ഈ അവസരം ഉപകരിച്ചേക്കും എന്ന് ഋഷി സെലെൻസ്‌കിയോട് പറഞ്ഞു. മാത്രമല്ല, ജി 7 ഉച്ചകോടിയിൽ ക്ഷണിതാക്കൾ ആയി എത്തുന്ന, റഷ്യൻ-യുക്രെയിൻ യുദ്ധ കാര്യത്തിൽ നിഷ്പക്ഷത പുലർത്തുന്ന ഇന്ത്യയേയും ബ്രസീലിനേയും കൂടുതൽ അടുപ്പിക്കുവാനും ഇത് സഹായിക്കുംഎന്നും ഋഷി അന്ന് സെലെൻസ്‌കിയോട് പറഞ്ഞിരുന്നു. പിന്നീടാണ്, സെലെൻസ്‌കി പങ്കെടുക്കുമെന്ന കാര്യം ആതിഥേയരായ ജപ്പാനെ ബ്രിട്ടീഷ് അധികൃതർ അറിയിച്ചതും സെലെൻസ്‌കിക്ക് ക്ഷണം പോയതും.

യുക്രെയിനിന്റെ സുഹൃത്തുക്കളും പങ്കാളികളുമായി ഗൗരവമായ ചർച്ചക്ക് വേദിയൊരുങ്ങുന്നു എന്നായിരുന്നു ഹിരോഷിമയിൽ എത്തിയ സെൽസ്ൻസ്‌കി മാധ്യമങ്ങളോട് പറഞ്ഞത്. ജി 7 നേരത്തെ ജി 8 ആയിരുന്നു എന്നും അനധികൃതമായി ക്രീമിയൻ അധിനിവേശം നടത്തിയതിനു പിന്നാലെ റഷ്യയെ പുറത്താക്കുകയായിരുന്നു എന്ന് ഋഷി സുനക് ഓർമ്മിപ്പിച്ചു. ഒൻപത് വർഷങ്ങൾക്ക് ശേഷം തന്റെ സുഹൃത്ത് ഇവിടെ എത്തി എന്നത് മറ്റൊരു ശക്തമായ സന്ദേശമാണെന്നും ഋഷി പറഞ്ഞു.

ജി 7 രാജ്യങ്ങൾ ഒന്നടങ്കം യുക്രെയിന് പിന്നിൽ ഉറച്ചു നിൽക്കുകയാണെന്ന് പറഞ്ഞ ഋഷി സുനക്, സ്വാതന്ത്ര്യത്തിനും പ്രരമാധികാരത്തിനും മീതെ ശാശ്വത വിജയം നേടിത്തരാൻ ഒരു അധിനിവേശത്തിനും കഴിയില്ല എന്നും പറഞ്ഞു. ചലഞ്ചർ ടാങ്കുകളും, ദീർഘദൂര മിസൈലുകളും നൽകി, പൈലറ്റ്മാർക്ക് പരിശീലനം നൽകി, ബ്രിട്ടൻ യുക്രെയിന് നൽകിയ പിന്തുണ ഇനിയും ശക്തമായി തുടരുമെന്നും ഋഷി ഉറപ്പിച്ചു പറഞ്ഞു.ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമായ യുക്രെയിന് അധിനിവേശത്തെ ചെറുക്കാൻ ജി 7 രാജ്യങ്ങൾ ആയുധങ്ങൾ നൽകി സഹായിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഋഷി കൂട്ടിച്ചേർത്തു.

അമേരിക്കൻ യുദ്ധവിമാനമായ എഫ് 16 യുക്രെയിന് നൽകാൻ കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അനുമതി നൽകിയിരുന്നു. ഈ ആധുനിക വിമാനം കൈവശം ഉള്ള പോളണ്ട്, ഡെന്മാർക്ക്, നെതെർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളുമായി യുക്രെയിന്റെ ചർച്ച പുരോഗമിക്കുകയുമാണ്. അതേ സമയം ഉപയോഗിക്കുന്നതിൽ ഏറെ സങ്കീർണ്ണതകൾ ഉള്ളതിനാൽ ബ്രിട്ടന്റെ ടൊർണാഡോ ജെറ്റുകൾ യുക്രെയിന് നൽകില്ല. എന്നാൽ, പാശ്ചാത്യ ലോകത്തീധുനിക ജെറ്റുകളിൽ യുക്രെയിൻ പൈലറ്റുകൾക്ക് ബ്രിട്ടൻ പരിശീലനം നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഭാഗത്ത് യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി താരമായപ്പോൾ, കൈവരിച്ച നേട്ടങ്ങളുടെ പേരിൽ മറുഭാഗത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജി 7 ൽ താരമായി. കോവിഡിന് ശേഷം ചൈനയുമായി അകന്ന സമ്പന്ന രാജ്യങ്ങളിലെ വൻ കോർപ്പറെറ്റുകൽ ഇപ്പോൾ ഉറ്റു നോക്കുന്നത് ഇന്ത്യയെയാണ്. ചൈനയിലെ പ്രവർത്തനങ്ങൾ മാറ്റി സ്ഥാപിക്കുന്നതിൽ അവർ പ്രഥമ പരിഗണന നൽകുന്നതും ഇന്ത്യക്ക് തന്നെ.

ഈ പശ്ചാത്തലത്തിൽ കൂടിയാണ് സമ്പന്ന രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിൽ മോദി താരമാകുന്നത്. സമ്മേളനത്തിനിടയിൽ യുക്രെയിൻ പ്രസിഡണ്ട് സെൽസ്ൻസ്‌കിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചകൾ നടത്തി. ഇന്നത്തെ ലോക രാഷ്ട്രീയത്തിൽ ഇന്ത്യയുടെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കിയ സെലെൻസ്‌കി നരേന്ദ്ര മോദിയെ യുക്രെയിൻ സന്ദർശനത്തിന് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും നേരിട്ട് കാണുന്നത്.

നേരത്തെ ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചയോടെ ആയിരുന്നു നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശനം ആരംഭിച്ചത്. ഹിരോഷിമയിൽ, മഹാത്മാഗാന്ധിയുടെ ഒരു അർദ്ധകായ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിലും മോദി പങ്കെടുത്തു. അമേരിക്ക, ആസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നീ നാലു രാജ്യങ്ങളുടെ സൈനിക സഖ്യമായ ക്വാഡ് സഖ്യത്തിലെ അംഗരാഷ്ട്ര തലവന്മാരുമായും മോദി പ്രത്യേക ചർച്ചകൾ നടത്തും.