ഇസ്‌ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന്‍ 700 കോടി ഡോളറിന്റെ വായ്പകരാര്‍ ഒപ്പിട്ടതായി അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് പാക്കിസ്ഥാന്‍ വീണ്ടും വായ്പ്പ എടുക്കുന്നത്.

രാഷ്ട്രീയ അരാജകത്വം, 2022ലെ മണ്‍സൂണ്‍ പ്രളയം, ആഗോള സാമ്പത്തിക മാന്ദ്യം എന്നിവയ്ക്കിടയില്‍ പാകിസ്താന്‍ സമ്പദ്വ്യവസ്ഥ അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഉയര്‍ന്ന പണപ്പെരുപ്പവും പൊതു കടങ്ങളും കൊണ്ട് പാകിസ്താന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായി തുടരുകയാണ്.

പുതിയ മൂന്ന് വര്‍ഷത്തെ കരാറിന് ഐ.എം.എഫ് എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ അംഗീകാരം ആവശ്യമാണെന്നും സാമ്പത്തിക സ്ഥിരത ഉറപ്പിക്കുന്നതിനും ശക്തവും കൂടുതല്‍ പ്രതിരോധശേഷിയുള്ളതുമായ വളര്‍ച്ചയ്ക്കുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ പാകിസ്ഥാനെ കരാര്‍ പ്രാപ്തമാക്കുമെന്നും ഐ.എം.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

പാകിസ്താന്‍ അധികൃതര്‍ ഐ.എം.എഫുമായി മാസങ്ങളോളം ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് വായ്പ ലഭ്യമായത്. ഐ.എം.എഫിന്റെ ആവശ്യം പരിഗണിച്ച്, വരും വര്‍ഷത്തില്‍ ധനക്കമ്മി 1.5 ശതമാനം മുതല്‍ 5.9 ശതമാനം വരെ കുറക്കാനും പാകിസ്താന്‍ ലക്ഷ്യമിടുന്നു. എന്നാല്‍ പാകിസ്താനിലെ സാമ്പത്തിക വിദഗ്ധര്‍ കരാറിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

അടുത്തിടെ തന്ത്രപ്രധാനമല്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വില്‍ക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചിരുന്നു. നഷ്ടത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച സമിതിയുടെ യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രാജ്യാന്തരനാണ്യനിധിയില്‍ നിന്ന് പുതിയ വായ്പയ്ക്ക് ചര്‍ച്ച നടക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം കൈകകൊണ്ടതും.

നഷ്ടമോ ലാഭമോ എന്നു നോക്കാതെ തന്ത്രപ്രധാനമല്ലാത്ത മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും 2029 നുള്ളില്‍ വിറ്റൊഴിവാക്കുമെന്നാണ് പാക് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പകുതിയിലേറെയും നഷ്ടത്തിലാണ്. പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സും (പിഐഎ) അവര്‍ക്ക് ന്യൂയോര്‍ക്കിലെ മന്‍ഹാറ്റനിലുള്ള റൂസ്‌വെല്‍റ്റ് ഹോട്ടലും വില്‍ക്കുന്നവയില്‍പെടും. പിഐഎ വില്‍പനയുടെ നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാവും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന്‍ ഐഎംഎഫില്‍ നിന്ന് 300 കോടി ഡോളര്‍ വായ്പയെടുത്താണ് പിടിച്ചുനില്‍ക്കുന്നത്.