ഇസ്ലാമബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാക്കിസ്ഥാനിൽ അദ്ദേഹത്തിന്റെ അനുയായികളുടെ വൻപ്രതിഷേധം. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അതെല്ലാം ലംഘിച്ചാണ് പ്രതിഷേധ പ്രകടനങ്ങൾ. റാവൽ പിണ്ടിയിലെ സൈനിക ആസ്ഥാനത്തും ഇമ്രാന്റെ അനുയായികൾ പ്രവേശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പലയിടത്തും കലാപസമാന അന്തരീക്ഷമാണ്. വിവിധ ഇടങ്ങളിൽ പൊലീസും പിടിഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കറാച്ചിയിൽ പ്രതിഷേധക്കാർ നിരവധി സർക്കാർ വാഹനങ്ങൾ കത്തിച്ചു. എയർഫോഴ്സ് മെമോറിയലും പ്രതിഷേധക്കാർ തകർത്തിട്ടുണ്ട്.

തനിക്കെതിരെയുള്ള നിരവധി കേസുകളിൽ ജാമ്യം എടുക്കാൻ വേണ്ടി ഇമ്രാൻ ഇസ്ലാമബാദ് ഹൈക്കോടതി വളപ്പിൽ പ്രവേശിച്ചയുടനായിരുന്നു അർദ്ധസൈനിക വിഭാഗമായ റേഞ്ചേഴ്‌സ് നാടകീയമായി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പാക്കിസ്ഥാൻ തെഹ്രികി ഇൻസാഫ് പാർട്ടി പ്രവർത്തകരുടെ ഭാഷ്യമനുസരിച്ച് കോടതിയുടെ ഗ്ലാസ് ജനാല തകർത്താണ് സേന അകത്ത് കടന്നെതെന്നും, ഇമ്രാനെ വലിച്ചിഴച്ച് പിടിച്ചുകൊണ്ടുപോയത് എന്നാണ്. ഐഎസ്‌ഐയിലെ ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥന് എതിരെ ഇമ്രാൻ ഖാൻ ആരോപണങ്ങൾ ഉന്നയിച്ചത് സൈന്യത്തെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.

ക്വാദിർ ട്രസ്റ്റ് കേസിലാണ് ഇമ്രാന്റെ അറസ്റ്റെന്ന് ഇസ്ലാമബാദ് പൊലീസ് ട്വീറ്റ് ചെയ്തു. ഇമ്രാനും ഭാര്യയുടെ ചുമതലക്കാരായ അൽ ഖ്വാദിർ ട്രസ്റ്റിസ്‌ന് ലക്ഷങ്ങൾ വിലയുള്ള ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസാണിത്. എന്നാൽ, ഈ കേസിന്റെ പേരിൽ മാത്രമാണോ അറസ്‌റ്റെന്ന് നാടകീയ സംഭവവികാസങ്ങൾ ചോദ്യമുയർത്തുന്നു.

പല തവണ നോട്ടീസ് അയച്ചിട്ടും, ഇമ്രാൻ ഖാൻ കോടതിയിൽ ഹാജരായില്ലെന്നും ദേശീയ ഖജനാവിന് നഷ്ടം വരുത്തിയതിനാണ് ദേശീയ അക്കൗണ്ടബലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തതെന്നും പാക് ആഭ്യന്ത്ര മന്ത്രി റാണ സനാവുല്ല ട്വീറ്റ് ചെയ്തു. ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള മുൻശ്രമങ്ങളെല്ലാം വിഫലമായിരുന്നു. ലാഹോറിലെ വസതിയിൽ റെയ്ഡ് നടത്തിയിട്ടുപോലും ഇമ്രാനെ പിടികൂടാനായില്ല. ഇമ്രാന്റെ അറസ്റ്റോടെ ദേശീയ തലസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, സംഭവവികാസങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിർ ഫറൂഖ് ഇസ്ലാമബാദ് പൊലീസിനെ വിമർശിച്ചു. സംഭവിച്ചത് എന്തെന്ന് വിശദീകരിക്കാൻ ഉടൻ കോടതിയിൽ ഹാജരാകാനും ആവശ്യപ്പെട്ടു. പൊലീസ് മേധാവി കോടതിയിൽ എത്തിയില്ലെങ്കിൽ താൻ പ്രധാനമന്ത്രിയെ വിളിച്ചുവരുത്തുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. എന്തിനാണ് ഇമ്രാനെ അറസ്റ്റ് ചെയ്തതെന്നും ഏതുകേസിലാണെന്നും പൊലീസ് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഖാന്റെ വീഡിയോ സന്ദേശം

ഹൈക്കോടതിയിലേക്ക് വരും വഴി ഇമ്രാൻ ഖാന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ഐഎസ്‌ഐ ഉന്നത ഉദ്യോഗസ്ഥനായ മേജർ ജനറൽ ഫൈസൽ നസീറിന് എതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വാസിരബാദിൽ തന്നെ വധിക്കാൻ ഈ ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് ഇമ്രാൻ ഉന്നയിച്ചത്. ' ഹൈക്കോടതിയിലേക്ക് തിരിക്കും മുമ്പ് ഞാൻ പറയട്ടെ ഈ സൈനിക ഉദ്യോഗസ്ഥൻ രണ്ടുവട്ടം എന്നെ കൊലപ്പെടുത്താൻ ശ്രമിച്ചു. അന്വേഷണം എപ്പോൾ നടന്നാലും, ഇയാളാണ് അതിന് പിന്നിലെന്ന് ഞാൻ തെളിയിക്കും.' ഇമ്രാൻ വീഡിയോയിൽ പറഞ്ഞു.

മുതിർന്ന മാധ്യമ പ്രവർത്തകനായ അർഷദ് ഷരീഫിന്റെ ക്രൂരകൊലപാതകത്തിലും മേജർ നസീറിന് പങ്കുണ്ടെന്ന് ഇമ്രാൻ ആരോപിച്ചിരുന്നു.'ഫൈസൽ നസീർ രണ്ടുവട്ടം എന്നെ വകവരുത്താൻ ശ്രമിച്ചു. അദ്ദേഹത്തിന് ടിവി അവതാരകൻ അർഷദ് ഷരീഫിന്റെ കൊലപാതകത്തിലും പങ്കുണ്ട്. എന്റെ പാർട്ടി അംഗമായ സെനറ്റർ അസം സ്വാതിയെ നഗ്നനാക്കി പീഡിപ്പിച്ചതും നസീറാണ്, മെയ് 7 ന് ലാഹോറിലെ റാലിയിൽ ഇമ്രാൻ ആരോപിച്ചിരുന്നു.

സൈന്യത്തെ രൂക്ഷമായി വിമർശിച്ചിരുന്ന അർഷദ് ഷെരീഫ് കഴിഞ്ഞ ഒക്ടോബറിൽ കെനിയയിൽ വച്ചാണ് കൊല്ലപ്പെട്ടത്. അതേസമയം, അർദ്ധസൈനിക വിഭാഗമായ റേഞ്ചേഴ്‌സ് കവചിത വാഹനത്തിലേക്ക് ഇമ്രാനെ ഉന്തിത്തള്ളി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇത് രാജ്യത്തെ രക്ഷിക്കാനുള്ള സമയമാണ്. നിങ്ങൾക്ക് മറ്റൊരു അവസരം ഇനി കിട്ടില്ല എന്ന അടിക്കൂറിപ്പോടെ, ഇമ്രാന്റെ പാർട്ടിയും വീഡിയോ ട്വീറ്റ് ചെയ്തു.