ലണ്ടൻ: രാജാവ് എന്ന നിലയിൽ, ചാൾസ് മൂന്നാമൻ രാജാവിന്റെ ആദ്യത്തെ സ്റ്റേറ്റ് ഓപ്പണിങ് സ്പീച്ച് പുതിയ നിയമങ്ങളുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമാവുകയാണ്. എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ലൈസൻസുമായി ബന്ധപ്പെട്ട പുതിയ നടപടിക്രമങ്ങൾ ഉൾപ്പെടുന്ന പുതിയ നിയമത്തോടൊപ്പം ഫുട്ബോളിൽ നിയന്ത്രണം കൊണ്ടു വരുന്നതും, പുകവലി ഘട്ടം ഘട്ടമായി ഇല്ലാതെയാക്കുന്നതുമായി ബന്ധപ്പെട്ട നിയമവും രാജാവിന്റെ പ്രസംഗത്തിൽ ഉൾപ്പെട്ടിരുന്നു.

ഇനിയുള്ള ഒരു വർഷക്കാലത്തേക്ക് ഋഷി സുനക് സർക്കാരിന്റെ നയങ്ങളും പരിപാടികളും പ്രഖ്യാപിക്കുന്നതായിരുന്നു രാജാവ് എന്ന നിലയിൽ ചാൾസ് ർമൂന്നാമൻ ആദ്യമായി നടത്തിയ സ്റ്റേറ്റ് ഓപ്പണിങ് സ്പീച്ചിൽ ഉണ്ടായിരുന്നത്. സിംഹാസനമേറിയ ശേഷം ചാൾസ് മൂന്നാമൻ ആദ്യമായി നടത്തുന്ന ഇത്തരത്തിലുള്ള പ്രസംഗം എന്നതിനൊടോപ്പം, ഋഷി സുനക് നമ്പർ 10 ൽ എത്തിയതിന് ശേഷമുള്ള ആദ്യ സ്റ്റേറ്റ് ഓപ്പണിങ് പ്രസംഗം കൂടിയായിരുന്നു ഇത്.

മാത്രമല്ല, അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാനത്തെ സ്റ്റേറ്റ് ഓപ്പണിങ് സ്പീച്ച് കൂടിയായിരിക്കും ഇത്. രാജാവിന്റെ പ്രഖ്യാപനത്തിലൂടെ കണ്ണോടിച്ചാൽ, അടുത്ത തെരഞ്ഞെടുപ്പിൽ ക്രമസമാധാന പ്രശ്നംഒരു മുഖ്യ ചർച്ചാവിഷയമായി ഉയർത്താൻ ഋഷി സുനക് ശ്രമിക്കും എന്നതിന്റെ സൂചനയാണ് കാണുന്നത്. കൊലപാതകികൾക്കും ബലാത്സംഗികൾക്കും എതിരെ കൂടുതൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമം നൽകുന്ന സൂചന അതാണ്.

അതിനുപുറമെ സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണവും ഋഷി കൊണ്ടുവരുന്നുണ്ട്. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ബസ്സുകളും ലോറികളും,ഓട്ടോണോമസ് ആയി ഓടുവാൻ ഇത് സഹായിക്കും. അതിനൊപ്പം എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ലൈസൻസുമായി ബന്ധപ്പെട്ട ഒരു നിയമവും, ഫുട്ബോൾ രംഗത്ത് ചില നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന നിയമവും രാജാവിന്റെ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു.

അതോടൊപ്പം ഏറെ ചർച്ച ചെയ്യപ്പെട്ട, പുകവലി ഘട്ടം ഘട്ടമായി പൂർണ്ണമായും ഇല്ലാതെയാക്കുന്നതിനുള്ള ബില്ലും ഏറെ ശ്ര്ദ്ധയാകർഷിക്കുന്നുണ്ട്. ഹൗസിങ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഒരു ബില്ലും ഈ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. പുതിയ വീടുകളിൽ ലീസ് ഹോൾഡുകൾ വിലക്കാനുള്ള തീരുമാനം നേരത്തെ കൈയടി നേടിയിരുന്നു.