ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ആരോപണങ്ങൾ ഉയർത്തി വീണ്ടും ഹാരിയും മേഗനും വെള്ളിവെളിച്ചത്തിലേക്ക് വരികയാണ്. തന്റെ മൂത്ത മകൻ, ആർച്ചിയെ ഗർഭം ധരിച്ചിരിക്കുന്ന സമയത്ത്, പ്രസവിക്കുന്ന കുഞ്ഞിന്റെ ചർമ്മത്തിന്റെ നിറം എന്തായിരിക്കുമെന്ന് രാജകുടുംബത്തിലെ ഒരംഗം ചോദിച്ചതായി നേരത്തെ മേഗൻ ഓപ്രാ വിൻഫ്രിയുമായുള്ള വിവാദ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ, രാജകുടുംബ വിശേഷങ്ങൾ എഴുതുന്ന ഓമിഡ് സ്‌കോബിയുടെ പുതിയ പുസ്തകമായ എൻഡ്ഗെയിമിൽ ഒരു പടികൂടി കടക്കുകയാണ്.

ഇത്തർത്തിൽ വംശീയ പരാമർശം നടത്തിയ രണ്ട് രാജകുടുംബാംഗങ്ങളുടെ പേരുകൾമേഗൻ വെളിപ്പിടുത്തിയിരുന്നു എന്നാണ് ആ പുസ്തകത്തിൽ പറയുന്നത്. വരുന്ന ചൊവ്വാഴ്‌ച്ച പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ പക്ഷെ ആ പേരുകൾ പരാമർശിച്ചിട്ടുണ്ടോ എന്ന് വയ്ക്തമല്ല. ദി സൺ പത്രത്തിന് ചോർന്ന് കിട്ടിയ വിവരങ്ങളിൽ പക്ഷെ പേര് പരാമർശിച്ചിട്ടില്ല. വംശീയത ആരോപിക്കപ്പെടുന്ന രണ്ടാംത്തെ വ്യക്തി രാജകുടുംബാംഗമാണോ അതോ രാജകുടുംബത്തിനു വേണ്ടി ജോലി ചെയ്യുന്നവരിൽ ആരെങ്കിലുമാണോ എന്ന കാര്യവും വ്യക്തമല്ല.

തനിക്ക് രണ്ടു പേരുടെയും പേരുകൾ അറിയാമെന്നാണ് സ്‌കോബി അവകാശപ്പെടുന്നത്. എന്നാൽ ബ്രിട്ടനിലെ നിയമങ്ങൾ പ്രകാരം തനിക്ക് ആ പേരുകൾ വെളിപ്പെടുത്താനാവില്ല എന്നും അദ്ദേഹം പറഞ്ഞു. 2021- ലെ വസന്തകാലത്ത് മേഗൻ ചാൾസ് രാജാവിന് എഴുതിയ കത്തിൽ ഈ പേരുകൾ പരാമർശിച്ചിട്ടുണ്ട് എന്നാണ് സ്‌കോബി പറയുന്നത്. ഓപ്ര അഭിമുഖ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മേഗൻ ഈ കത്ത് എഴുതിയത്.

രാജകുടുംബത്തിനകത്തെ അബോധപൂർവ്വമായ വിവേവചനവും അവഗണയുംനിയന്ത്രിക്കേണ്ടതാണെന്ന് മേഗൻ വിശ്വസിച്ചിരുന്നു എന്ന് പുസ്തകത്തിൽ പറയുന്നതായി സൺ റിപ്പോർട്ട് ചെയ്യുന്നു. അതിനു മറുപടിയായി ചാൾസ് എഴുതിയ കത്തിൽ മുൻവിധികളോ, ചീത്ത വിചാരങ്ങളോ ഉൾപ്പെട്ടിരുന്നില്ല എന്ന് പരാമർശിച്ചതായും പുസ്തകത്തിൽ പറയുന്നുണ്ട്. പരാമർശിച്ച സംഭവത്തിൽ ഒരുപാട് ഗുരുതരമായ പ്രശ്നങ്ങൾ ഇല്ല എന്നും ചാൾസ് കത്തിൽ പറഞ്ഞതായി പുസ്തകം വെളിപ്പെടുത്തുന്നു.

2021 മാർച്ചിൽ ഓപ്ര വിൻഡ്രിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മേഗൻ കൊട്ടാരത്തിനകത്തെ വംശീയതയെ കുറിച്ച് ആദ്യമായി പരാമർശിക്കുന്നു. ജനിക്കാൻ പോകുന്ന ത്വക്കിന്റെ നിറമെന്താണെന്ന് ഒന്നിലധികം തവണ ചോദിച്ചു എന്നായിരുന്നു പരാമർശം. എന്നാൽ, ഇത് ചോദിച്ച വ്യക്തികളുടെ പേര് വെളിപ്പെടുത്താൻ മേഗൻ തയ്യാറായില്ല. അതേസമയം, ഇക്കഴിഞ്ഞ ജനുവരിയിൽ, തന്റെ ഓമ്മക്കുറിപ്പുകളായ ദി സ്പെയറിന്റെ പ്രമോഷൻ സമയത്ത് ഹാരി പറഞ്ഞത് അത് അബോധപൂർവ്വമായ വിവേചനമായിരുന്നു എന്നാണ്.

മേഗന്റെ സ്തുതിപാഠകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്‌കോബി രാജകുടുംബത്തെ കുറിച്ച് എഴുതുന്ന രണ്ടാമത്തെ പുസ്തകമാണ് എൻഡ്ഗെയിം. രണ്ട് വർഷം മുൻപ് ഹാരിയുടെയും മേഗന്റെയും ജീവചരിത്രം ഫൈൻഡിങ് ഫ്രീഡം എന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഈ പുസ്തകത്തിന്റെ രചനയുമായി തങ്ങൾക്ക് ബന്ധമില്ലെന്നായിരുന്നു ഹാരിയുടെയും മേഗന്റെയും വാദം. എന്നാൽ, മേഗനെതിരെയുള്ള കേസിൽ, ഹൈക്കോടതിയിൽ പറഞ്ഞത്, പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന പല സംഭവങ്ങളും ഒരു സഹായി വഴി ഹാരിയും മേഗനും സ്‌കോബിയുടെ അറിവിൽ എത്തിച്ചതാണ് എന്നായിരുന്നു.