ലണ്ടൻ: ഋഷി സുനാക് എന്ന ഇന്ത്യൻ വംശജന്റെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് 42 വർഷം മുൻപ് അദ്ദേഹം പിറന്നുവീണ സൗത്താംപ്ടണിലെ ജനറൽ ഹോസ്പിറ്റലിൽ നിന്നല്ല തുടങ്ങുന്നത്. അവിടെനിന്നും ഏകദേശം അര മൈൽ ദൂരെയുള്ള എ 35 ലെ തിരക്കേറിയ ഒരു റൗണ്ട് എബൗട്ടിൽ നിന്നുമാണ്. അവിടെ ഇന്നും ചുവന്ന ഇഷ്ടികകൾ കൊണ്ട് തീർത്ത ഒരു നിര കടകൾ കാണാം. ഒരു ബാർബർ ഷോപ്പ്, നെയിൽ സലൂൺ, ബേക്കറി, ഒരു ഡെന്റീഷ്യൻ എല്ലാം അവിടെയുണ്ട്. അതിനിടയിലായി എൻ എച്ച് എസിന്റെ, നീല നിറത്തിലുള്ള ഒരു ലോഗോയും കാണാം.

ഈ കട പതിറ്റാണ്ടുകളോളം അറിയപ്പെട്ടിരുന്നത് സുനക് ഫാർമസി എന്നായിരുന്നു. കഴിഞ്ഞ ഏതാനും വർഷം മുൻപ് വിരമിക്കുന്നത് വരെ ഋഷി സുനാകിന്റെ അമ്മ ഉഷ സുനക് നടത്തിയിരുന്ന ഫാർമസി ആയിരുന്നു അത്. മറ്റേതൊരു ചെറുകിട സംരംഭങ്ങളേയും പോലെ ഇതും ഒരു കുടുംബ ബിസിനസ്സ് ആയിരുന്നു. തന്റെ കൗമാര കാലത്ത് ഇന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി അവിടെ നിന്നും മരുന്നുകൾ സൈക്കിളിൽ കൊണ്ടുപോയി ഉപഭോക്താക്കൾക്ക് നൽകുമായിരുന്നു. പിന്നീട് എക്കണോമിക്സ് എ ലെവലിൽ പഠിക്കാൻ ചേർന്നപ്പോൾ മുതൽ കടയിലെ കണക്കുകൾ നോക്കുന്നതും ഋഷിയുടെ ചുമതലായായി.

ആവശ്യത്തിന് പ്രശസ്തിയും സ്വത്തും സമ്പാദിച്ച, ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാം തലമുറയിൽ പെട്ട ഋഷി ഇപ്പോൾ അധികാരവും കൈപ്പിടിയിൽ ഒതുക്കുകയാണ്. തന്റെ പിതാമഹന്മാർക്ക് അഭയം നൽകിയ ഒരു രാഷ്ട്രത്തെ തകർച്ചയിൽ നിന്നും കൈപിടിച്ച് ഉയർത്തുവാനുള്ള ദൗത്യം ഏറ്റെടുക്കുകയാണ്. രാഷ്ട്രീയത്തിൽ തലതൊട്ടപ്പന്മാർ ഇല്ലാത്ത ഋഷി സുനക്, തന്റെ നൈപുണ്യവും, രാഷ്ട്രീയ നയതന്ത്രജ്ഞതയും പിന്നെ ഏറെ ഭാഗ്യവും കൊണ്ടാണ് ഈ നിലയിൽ എത്തിയത്. അതിനൊപ്പം ഋഷിക്ക് ലഭിച്ച ഉന്നതമായ വിദ്യാഭ്യാസവും ഇതിന് അദ്ദേഹത്തെ സഹായിച്ചു.

പത്നി അക്ഷതയുടെയും മക്കൾ കൃഷ്ണയുടെയും അനൗഷ്‌കയുടെയും കൈപിടിച്ച് ഋഷി സുനാക് നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽ എത്തുമ്പോൾ ആ മുഹൂർത്തം ചരിത്രത്തിൽ രേഖപ്പെടുത്തുവാൻ നിരവധി കാരണങ്ങൾ ഉണ്ട്. ഒന്നാമത്തേത്, ഇതുപോലൊരു സാധാരണ ചെറുകിട വ്യാപാരിയുടെ മകൾ പ്രധാനമന്ത്രി ആയതിനെ ഇത് ഓർമ്മിപ്പിക്കുന്നു എന്നതാണ്. തന്റെ രാഷ്ട്രീയ ഗുരുവായി ഋഷി വിശേഷിപ്പിക്കാറുള്ള മാർഗരറ്റ് താച്ചറും ഋഷി പിന്നിട്ട വഴികളിലൂടെ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽ എത്തിയതാണ്.

രണ്ടാമത്തേത്, രാഷ്ട്രീയത്തിൽ ഋഷിയുടെ ഉയർച്ച ദർശിച്ച വേഗതയാണ്. ടോറി എം പിയായി തെരഞ്ഞെടുക്കപ്പെട്ട് വെറും ഏഴു വർഷങ്ങൾക്ക് ഇപ്പുറമാണ് അദ്ദേഹം രാജ്യത്തെ ഏറ്റവും വലിയ അധികാര സ്ഥനത്ത് എത്തുന്നത്. വംശീയത ഇപ്പോഴും ജീവനോടെയിരിക്കുന്ന ഒരു രാഷ്ട്രീയത്തിലാണ് ഋഷി ഈ നേട്ടം കൈവരിച്ചത് എന്നതുകൂടി ഒർക്കണം. ഇതോടെ വെള്ളക്കാരൻ അല്ലാത്ത ഒരാൾ ഭരിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടൻ. ഭഗവദ് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന ഒരു വ്യക്തിയെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ഒരു ജനത മുഴുവൻ.

ഋഷിയുടെ ഈ അതുല്യങ്ങളായ നേട്ടങ്ങൾക്കൊക്കെയും വലിയൊരു കാരണം ആ പൈതൃകം തന്നെയാണ്. താൻസാനിയയിലെ ഒരു വിദൂര ഗ്രാമത്തിൽ കുടിയേറിയ പഞ്ചാബി വംശജറുടെ കുടുംബത്തിൽ നിന്നും സ്രാക്ഷ എന്ന സ്ത്രീ ബ്രിട്ടനിൽ കുടിയേറുന്നതോടെയാണ് തികച്ചും അസാധാരണമായ കഥ തുടങ്ങുന്നത്. കെട്ടുതാലി പോലും വിറ്റ് താൻസാനിയയിൽ നിന്നും യു കെയിലെക്കുള്ള വിമാനടിക്കറ്റും വാങ്ങി ബ്രിട്ടനിലെത്തുമ്പോൾ ആ പഞ്ചാബി വനിതക്ക് കൂട്ടിനുണ്ടായിരുന്നത് മനോധൈര്യവും നിശ്ചയ ദാർഢ്യവും മാത്രമായിരുന്നു. തന്റെ കുടുംബത്തിന് നല്ലൊരു ജീവിതം നൽകണമെന്ന ഒടുങ്ങാത്ത ആഗ്രഹവും.

1966-ൽ ഭർത്താവിനേയും കുട്ടികളേയും താൻസാനിയയിൽ വിട്ട് ഒറ്റക്ക് യാത്രചെയ്ത് ലെസ്റ്ററിൽ എത്തിയ സ്രാക്ഷ പക്ഷെ അപ്പോൾ വിചാരിച്ചിരുന്നില്ല താൻ ഒരു ചരിത്രത്തിന് തുടക്കമിടുകയായിരുന്നു എന്ന്. അവിടെ ഒരു സ്ഥാപനത്തിൽ ബുക്ക് കീപ്പർ ആയി ജോലി ആരംഭിച്ച അവർ ഒരു വർഷത്തിനു ശേഷം കഠിനാമായി അദ്ധ്വാനിച്ചുണ്ടാക്കിയ തുകയാൽ തന്റെ കുടുംബത്തെയും ബ്രിട്ടനിൽ എത്തിച്ചു. അവരുടെ മക്കളിൽ ഒരാളാണ് ഋഷി സുനകിന്റെ അമ്മയായ ഉഷ സുനക്.

അമ്മയുടെ അതേ രക്തം ഞരമ്പിലോടുന്ന ഉഷയും അദ്ധ്വാനത്തിന്റെ കാര്യത്തിൽ ഒട്ടും പിറകിൽ അല്ലായിരുന്നു. പഠനത്തിൽ അതീവ ശ്രദ്ധ കേന്ദ്രീകരിച്ച അവർ ആസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഫർമസി കോഴ്സിൽ ബിരുദമെടുത്തു. പിന്നീട് ഒരു കുടുംബ സുഹൃത്ത് വഴിയാണ് യശ്വീർ സുനകിനെ കണ്ടു മുട്ടുന്നതും 1977-ൽ വിവാഹിതരാകുന്നതും. അവരുടെ മൂത്ത മകനാണ് ഋഷി സുനക്. രണ്ടാമത്തെ മകൻ, സഞ്ചയ് സുനക് ഒരു ക്ലിനിക്കൽസൈക്കോളജിസ്റ്റും ന്യുറോ സൈക്കോളജിസ്റ്റുമാണ്. മകൾ രാഖി ഐക്യരാഷ്ട്ര സഭയിൽ ജോലി ചെയ്യുന്നു.

മറ്റേതൊരു കുടിയേറ്റ കുടുംബത്തെയും പോലെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പൂർണ്ണമായും മനസ്സിലാക്കിയവരായിരുന്നു ഋഷിയുടെ മാതാപിതാക്കളും. അതുകൊണ്ടുതന്നെ, തങ്ങളുടെ നിലക്ക് സാധ്യമായ മികച്ച വിദ്യാഭ്യാസം മക്കൾക്ക് നൽകുവാൻ അവർ ശ്രമിച്ചിരുന്നു. സ്വകാര്യ സ്‌കൂളുകളിൽ പഠനം ആരംഭിച്ച ഋഷി ക്രിക്കറ്റിലും ഹോക്കിയിലും മികവ് കാട്ടിയിരുന്നു. എന്നും ആൾക്കൂട്ടത്തിൽ തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു ഋഷിയുടേതെന്ന് പഴയ സ്‌കൂൾ ടീച്ചർ ജ്യുഡി ഗ്രിഗറി ഒർക്കുന്നു. മാത്രമല്ല, അസാധാരണമായ നർമ്മബോധവും ഉണ്ടായിരുന്നു.

വേനലവധിയിൽ സൗത്താംപടണിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ വെയ്റ്റർ ആയും ജോലി ചെയ്തിട്ടുണ്ട് ഋഷി സുനക്. പിന്നീട് ഓക്സ്ഫോർഡിലെ പ്രശസ്തമായ ലിങ്കൻ കോളേജിൽ നിന്നും തത്വശാസ്ത്രത്തിലും, രാഷ്ട്രമീമാംസയിലും സാമ്പത്തിക ശാസ്ത്രത്തിലും ഫസ്റ്റ് ക്ലാസ് ബിരുദമെടുത്തു. മയക്കുമരുന്നോ സിഗരറ്റോ ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ല എന്ന് അഭിമാനത്തോടെ പറയുന്ന ഋഷി സുനാക്, ചായ പോലും കുടിക്കാത്ത വ്യക്തിയായിരുന്നു എന്ന് പഴയ സുഹൃത്തുക്കൾ പറയുന്നു.

ഓക്സ്ഫോർഡ് പഠനത്തിനു ശേഷം ഗോൾഡ്മാൻ സാഷിൽ ജോലിക്ക് കയറിയ ഋഷി ലണ്ടനിലേക്ക് താമസം മാറ്റി. മൂന്ന് വർഷത്തിനു ശേഷം ഫുൾബ്രൈറ്റ് സ്‌കൊളർഷിപ്പോടെ 2005 -ൽ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ എം ബി എ പഠനത്തിനെത്തുകയും ചെയ്തു. അവിടെ വച്ചാണ് ഋഷിയുടെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവുണ്ടകുന്നത്. ഇന്ത്യൻ ബിൽ ഗേയ്റ്റ്സ് എന്നറിയപ്പെടുന്ന, ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയുടെ മകൾ അക്ഷതാ മൂർത്തി ഋഷിയുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുന്നത് അവിടെവച്ചാണ്.

2000-ൽ ബാംഗ്ലൂരിൽ വെച്ച് ആഡംബരമായി നടന്ന വിവാഹ ചടങ്ങിലൂടെ അവർ പിന്നീട് ഒന്നായി മാറി. കുറച്ചു നാളുകൾക്ക് ശേഷം അവർ സാന്റാ മോണിക്കയിലേക്ക് മാറി. അവിടെയാണ് തെലെമെ പാർട്നഴ്സ് എന്ന നിക്ഷേപ കമ്പനി രൂപീകരണത്തിൽ ഋഷി സുപ്രധാന പങ്ക് വഹിച്ചത്. ഇപ്പോഴും അവർക്ക് അവിടെ ഒരു പെന്റ്ഹൗസ് സ്വന്തമായി ഉണ്ട്. ഒഴിവുകാലം ചെലവഴിക്കാൻ കുടുംബസമേതം അവർ ഇവിടെ എത്താറുമുണ്ട്.