വത്തിക്കാൻ സിറ്റി: പരമ്പര്യവാദികളായ കർദ്ദിനാൾമാർ ഫ്രാൻസിസ് മർപ്പാപ്പയുടെ രാജിക്കായി സമ്മർദ്ദം ചെലുത്താൻ തുടങ്ങിയതായ വാർത്തകൾ പുറത്തു വരുന്നു. സ്വതന്ത്രചിന്തയും പുരോഗമന മനസ്സുമുള്ള 86 കാരനായ മാർപ്പാപ്പയെ പുറത്താക്കാനുള്ള ശ്രമം ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മുൻഗാമി ബെനെഡെക്ട് പതിനാറാമന്റെ വിയോഗത്തിനു ഏതാനും ദിവസങ്ങൾക്ക് ശേഷം മാത്രമാണെന്നുള്ളത് ശ്രദ്ധേയമാണ്.

കടമകൾ നിർവഹിക്കുന്നതിന് ആരോഗ്യം തടസ്സമായാൽ താൻ പദവി ഒഴിയുമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ബെനെഡിക്ട് പതിനാറാമൻ ജീവിച്ചിരിക്കുമ്പോൾ അത് അസാധ്യമായിരുന്നു. ബെനെഡിക്ട് പോപ് ജീവിച്ചിരുന്നപ്പോൾ ഫ്രാൻസിസ് മാർപാപ്പ രാജിവെച്ചിരുന്നെങ്കിൽ മൂന്ന് മാർപ്പാപ്പമാർ വത്തിക്കാനിൽ ജീവിക്കുന്ന അസാധാരണ സാഹചര്യം ഒരുങ്ങുമായിരുന്നു. അത് ഒഴിവാക്കുവാനാണ് രാജി നീട്ടിയതെന്ന് ടെലെഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

ബെനെഡിക്ട് ആറാമന്റെ ദീർഘകാല സെക്രട്ടറിയും സംസ്‌കാര ചടങ്ങുകളിലെ പ്രമുഖ സാന്നിദ്ധ്യവുമായ ആർച്ച്ബിഷപ്പ് ജോർജ് ഗാൻസ്വെനുമായി മാർപാപ്പ കൂടിക്കാഴ്‌ച്ച നടത്തിയതിനെ തുടർന്നാണ് ഇത്തരത്തിലൊരു അഭ്യുഹത്തിന് ശക്തി വർദ്ധിച്ചത്. ഫ്രാൻസിസ് മാർപ്പാപ്പയെ തികച്ചും പരിതാപകരമായ ഒരു സാഹചര്യത്തിൽ ആക്കുന്നതായിരുന്നു ആർച്ച് ബിഷപ്പിന്റെ സ്മരണ പ്രസംഗം. എന്നാൽ തീർത്തും സ്വകാര്യമായ ചടങ്ങിൽ നടത്തിയ ഈ പ്രസംഗത്തിന്റെ വിശദാംശങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല.

പരമ്പരാഗത വാദികൾ കമ്മ്യുണിസ്റ്റ് പോപ്പിനെതിരെ നീങ്ങാൻ തയ്യാറെടുത്തു കഴിഞ്ഞു എന്ന് ഒരു കർദ്ദിനാൾ പറഞ്ഞതായി ഇറ്റാലിയൻ പത്രമായ ലാ സ്റ്റാമ്പാ റിപ്പോർട്ട് ചെയ്യുന്നു. വിവിധ ഘട്ടങ്ങളിൽ അയിട്ടായിരിക്കും ഇതിനുള്ള പദ്ധതി നടപ്പിലാക്കുക എന്നും കർദ്ദിനാൾ പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, എല്ലാ ഘട്ടങ്ങളിലും ലക്ഷ്യം വയ്ക്കുക, മാർപ്പാപ്പക്ക് മേൽസമ്മർദ്ദം ചെലുത്തി അദ്ദേഹത്തെ രാജിക്ക് നിർബന്ധിതനാക്കുവാൻ ആയിരിക്കും.

അതേസമയം, ഫ്രാൻസിസ് പാപ്പയുടെ എതിർപക്ഷത്തിന് ഇപ്പോൾ വേണ്ടത്ര ആൾബലമില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. അത് അവർക്ക് അറിയുകയും ചെയ്യാം. അതുകൊണ്ടു തന്നെ ധൃതിവയ്ക്കാതെ കാത്തിരുന്ന് സമയം എത്തുമ്പോൾ ആഞ്ഞടിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്. തികഞ്ഞ യാഥാസ്ഥികനായിരുന്ന ബെനെഡിക്ട് പതിനാറാമൻ രാജിവച്ചതോടെയാണ് ഫ്രാൻസിസ് മാർപ്പാപ്പയായി ചുമതലയേറ്റെടുത്തത്. 2013-ൽ ആയിരുന്നു അദ്ദേഹം ഈ പദവിയിൽ എത്തിയത്.

അദ്ദേഹത്തിന്റെ നിയമനം കത്തോലിക്ക സഭയുടെ നയങ്ങളിലും സമീപനങ്ങളിലും വലിയ് മാറ്റങ്ങൾക്ക് നാന്ദി കുറിക്കുന്നതയിരുന്നു. മുതലാളിത്ത വ്യവസ്ഥിതിയുടെ കടുത്ത വിമർശകനായിരുന്ന മാർപ്പാപ്പ സ്വവർഗ്ഗരതി, ഗർഭം അലസിപ്പിക്ക, പുനർവിവാഹിതർക്കുള്ള ആശയ സംവേദനം, പുരോഹിതരുടെ ബ്രഹ്മചാര്യം എന്നീ വിഷയങ്ങളിൽ അന്നുവരെ സഭ പുലർത്തിയിരുന്നതിൽ നിന്നും തീർത്തും വ്യത്യസ്തമായ സമീപനങ്ങളായിരുന്നു കൈക്കൊണ്ടത്. ചില എതിരാളികൾ പരസ്യമായി പോപ്പിനെതിരെ രംഗത്ത് വരുമ്പോൾ മറ്റു ചിലർ നിഴൽ യുദ്ധം നടത്തുകയാണെന്നാണ് ലാ സ്റ്റാമ്പ് റിപ്പോർട്ടിൽ പറയുന്നത്.

നീണ്ട 19 വർഷക്കാലം ബെനെഡിക്ടിന്റെ പേഴസണൽ സെക്രട്ടറിയായി പ്രവർത്തിച്ച കർദ്ദിനാൽ ജോർജ്ജ് ഗാൻസ്വെൻ ആണ് ഫ്രൻസിസിനെതിരെയുള്ള പടനീക്കത്തിലെ ഒരു പ്രധാന വ്യക്തി. പെനെഡിക്ട് പതിനാറാമന്റെ വിയോഗത്തോടെ ആർച്ച്ബിഷപ്പിന്റെ ചുമതലകൾ ഏറെ ഒഴിഞ്ഞിരിക്കുകയാണ്. ഈ ആഴ്‌ച്ച ബെനെഡിക്ട് പതിനാറാമനൊപ്പമുള്ള ഓർമ്മകൾ ഉൾക്കൊള്ളുന്ന നത്തിങ് ബട്ട് ട്രൂത്ത്; മൈ ലൈഫ് ബിസൈഡ് പോപ്പ് ബെനെഡിക്ട് സിക്സ്റ്റീൻ എന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ് ആർച്ച്ബിഷപ്പ്

വത്തിക്കാൻ നിരീക്ഷകർ ഈ പുസ്തകത്തെ ഫ്രാൻസിസ് വിരുദ്ധ യുദ്ധത്തിന്റെ ആദ്യ വെടിയായാണ് കാണുന്നത്. പാരമ്പര്യവാദികൾ എന്നും ഗൃഹാതുരതയോടെ ഓർക്കുന്ന ബെനെഡിക്ട് പതിനാറമന്റെ ഓർമ്മകളായിരിക്കും ഫ്രാൻസിസ് മാർപ്പാപ്പക്കെതിരെയുള്ള പ്രധാന ആയുധം എന്നും നിരീക്ഷകർ വിലയിരുത്തുന്നു. ബെനെഡിക്ടിന്റെ കാലത്തെ ഇതുവരെ പുറത്തറിയാത്ത പല കാര്യങ്ങളും ഈ പുസ്തകത്തിൽ ഉണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.