ന്യൂഡൽഹി: ജനകീയപ്രക്ഷോഭം അടിച്ചമർത്തിയതിന്റെ പേരിൽ ഇറാനെതിരെ യുഎൻ മനുഷ്യാവകാശ സമിതി കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിട്ടും ഇറാൻ പ്രതിഷേധത്തിൽ. ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ ഇന്ത്യാ സന്ദർശനം റദ്ദാക്കിയത് നയതന്ത്ര എതിർപ്പ് അറിയിക്കാൻ കൂടിയാണ്. റെയ്‌സിന ഡയലോഗ് സമ്മേളനത്തിന്റെ പ്രചാരണ വിഡിയോയിൽ ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിലാണ് ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യാ സന്ദർശനം റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്.

ഒബ്‌സർവർ റിസർച് ഫൗണ്ടേഷൻ (ഒആർഎഫ്) വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണു റെയ്‌സിന ഡയലോഗ് സംഘടിപ്പിക്കുന്നത്. വിവിധരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഉന്നതരും പങ്കെടുക്കാറുണ്ട്. പ്രചാരണ വിഡിയോയിൽ യുക്രെയ്ൻ സംഘർഷമടക്കം വിവിധ രാജ്യങ്ങളിലെ സംഭവവികാസങ്ങൾ പരാമർശിക്കുന്നതോടൊപ്പം ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ മുടി മുറിക്കുന്ന സ്ത്രീയും ചിത്രവും പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ചിത്രവും കാണിക്കുന്നുണ്ടായിരുന്നു. ഇതു നീക്കം ചെയ്യണമെന്ന് ഇറാൻ എംബസി ആവശ്യപ്പെട്ടിരുന്നു.

ഇതിന് ഇന്ത്യ തയ്യാറായില്ല. ഇതോടെയാണ് സന്ദർശനം റദ്ദാക്കിയതെന്നാണ് വിവരം. പ്രതികരിക്കാൻ വിദേശകാര്യമന്ത്രാലയം തയാറായില്ല. ഒആർഎഫിന്റെ വിശദീകരണവും ലഭ്യമല്ല. ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത മഹ്‌സ അമിനി എന്ന പെൺകുട്ടി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനു പിന്നാലെയാണ് ഇറാനിലെ സ്ത്രീകൾ മുടിമുറിച്ചും ശിരോവസ്ത്രം കത്തിച്ചും പ്രതിഷേധിച്ചത്.

പ്രതിഷേധത്തെ ലോകരാഷ്ട്രങ്ങൾ പിന്തുണച്ചപ്പോൾ ഇന്ത്യ പ്രതികരിക്കാതെ അകലം പാലിക്കുകയായിരുന്നു.ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ പ്രമേയം അവതരിപ്പിച്ചപ്പോഴും ഇന്ത്യ പങ്കെടുക്കാതെ വിട്ടുനിന്നു. ഈ നയതന്ത്ര ഇടപെടലും ഇറാൻ കണ്ടില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ ഇനി ഇറാനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചേക്കും. മാർച്ച് മൂന്ന്, നാല് തീയതികളിലാണ് ദി റയ്‌സിന ഡയലോഗ് പരിപാടിയുടെ ഭാഗമായി ഇറാൻ വിദേശകാര്യമന്ത്രി അമീറിന്റെ ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നത്.

വിദേശകാര്യ മന്ത്രാലയവും ഒബ്‌സേർവർ റിസേർച്ച് ഫൗണ്ടേഷനും (ഒആർഎഫ്) ചേർന്നു നടത്തുന്ന പരിപാടിയാണു ദി റയ്‌സിന ഡയലോഗ്. ഇവന്റുമായി ബന്ധപ്പെട്ട് ഒരു മാസം മുൻപ് പുറത്തിറക്കിയ പ്രൊമോഷണൽ വീഡിയോയിലെ ചില രംഗങ്ങളാണ് ഇറാൻ തീരുമാനത്തിനു പിന്നിൽ. പ്രതിഷേധാർഹമായി ഇറാനിയൻ വനിത മുടിമുറിക്കുന്നത് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ചിത്രത്തിന് ഒപ്പം വരുന്ന രണ്ട് സെക്കൻഡ് ദൈർഘ്യുമുള്ള ഭാഗം വീഡിയോയിലുണ്ടായിരുന്നു. ഇരുപത്തി രണ്ടുകാരിയായ മഹ്‌സ അമിനിയെ ഇറാനിയൻ പൊലീസ് കസ്റ്റഡിയിലെടുത്തതു മുതൽ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു മഹ്‌സയെ കസ്റ്റഡിയിലെടുത്തത്.

ജി 20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം മാർച്ച് ഒന്ന്, രണ്ട് തീയതികളിലാണ് നടക്കുന്നത്. ഇതിനു പിന്നാലെയാണ് ദി റയ്‌സിന ഡയലോഗ് ഇവന്റ്. ഇന്ത്യയ്ക്കും ഇറാനും നയതന്ത്രപരമായ ഉയർച്ച താഴ്ചകളുടെ നീണ്ട ചരിത്രമുണ്ട്. ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് ഉപരോധ ഭീഷണിയെത്തുടർന്ന് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിവച്ചിരുന്നു.