ലണ്ടൻ: പിതാവിന്റെ കിരീടധാരണ ചടങ്ങിനെത്തുന്ന അനുജനുമായി സംസാരിച്ച് കാര്യങ്ങൾ രമ്യതയിലാക്കുവാൻ വില്യം രാജകുമാരൻ ഒരുക്കമല്ലെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. സംഘർഷത്തിന് അയവു വരുത്താൻ ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച ഹാരി തന്റെ പിതാവുമായി ഏറെ സംസാരിച്ചതായി രാജകുടുംബ കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നവർ പറയുന്നു. വളരെ വികാര നിർഭരമായ സംസാരത്തിൽ പക്ഷെ വില്യമുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തില്ലെന്നും അവർ പറയുന്നു. മാത്രമല്ല, ഹാരിയുടെ സന്ദർശനത്തിനിടയിൽ ഇരുവരുമായുള്ള കൂടിക്കാഴ്‌ച്ചക്ക് അവസരവും ഉണ്ടാകില്ലെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.

രാജകുടുംബാംഗങ്ങൾക്കെല്ലാം തിരക്കേറിയ ദിവസങ്ങളായിരിക്കും അതെന്നും, സഹോദരനുമായുള്ള പ്രശ്നം ഹാരി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കും എന്നുമാണ് മജസ്റ്റി മാഗസിൻ എഡിറ്റർ ഇൻഗ്രിഡ് സെവാർഡ് പറയുന്നത്. മാത്രമല്ല, ഹാരിയുടെത് ഒരു ചെറിയ സന്ദർശനം മാത്രമായിരിക്കും താനു. ഏതായാലും, രാജകുടുംബവുമായി ഒത്തു പോകുന്നത് തന്നെയാണ് ഹാരിക്ക് നല്ലതെന്നാണ് അവരും പറയുന്നത്. മറ്റ് രാജകുടുംബാംഗങ്ങളുമായി അടുത്തിടപഴകാനും ഹാരിക്ക് ബുദ്ധിമുട്ടായിരിക്കും.

എന്നാൽ, ഹാരി ചാൾസ് രാജാവുമായി സംസാരിച്ചു എന്നത്, രാജകുടുംബത്തിലെ പ്രശ്നങ്ങൾ അവസാനിച്ചേക്കും എന്നതിന്റെ ശുഭസൂചനയാണെന്ന് സെവാർഡ് പറഞ്ഞു. കിരീടധാരണ ചടങ്ങുകൾക്കിടെ മെയ്‌ ആറിന് വില്യമും ഹാരിയും നേർക്കുനേർ കണ്ടേക്കും. വില്യമിനെ ഏറെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഹാരിയുടെ ഓർമ്മക്കുറിപ്പുകൾ ഇറങ്ങിയതിനു ശേഷം ഇതാദ്യമായിട്ടായിരിക്കും ഹാരി വില്യമിനെ നേരിട്ട് കാണുന്നത്. അതിനിടയിൽ, കുടുംബം തന്നോടും മേഗനോടും ക്ഷമാപണം നടത്തണമെന്ന് ഹാരി പരസ്യമായി ആവശ്യൂപ്പെടുകയും ചെയ്തു.

ഏതായാലും ഇളയ പുത്രൻ കിരീടധാരണത്തിനെത്തും എന്ന വാർത്ത ചാൾസ് രാജാവിനെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. വില്യമിന് സഹോദരനോട് ക്ഷമിക്കാൻ ഇതുവരെ ആയിട്ടില്ലെങ്കിലും, ആ പിതൃ ഹൃദയം പുത്രനോട് ക്ഷിമിച്ചു എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഓർമ്മക്കുറിപ്പുകൾ ഇറങ്ങിയതോടെ സഹോദരന്മാർക്കിടയിലെ വിടവ് വലുതായി എന്നും, അത് നികത്താൻ കഴിയുമോ എന്നത് സംശയമാണെന്നും അവരുമായി അടുത്ത ചില ഈയിടെ സംശയം പ്രകടിപ്പിച്ചിരുന്നു.

മാത്രമല്ല, നേരത്തേ ഹാരി ആവശ്യപ്പെട്ടതുപോലെ ഒരുമിച്ചിരുന്ന് ഒരു സംഭാഷണത്തിന് വില്യം തയ്യാറാവുകയില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഹാരി മേഗനും മക്കൾക്കും ഒപ്പം എത്തിയപ്പോഴും വില്യം ഹാരിയെ കണ്ടില്ല. അതുപോലെ രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഹാരി എത്തിയപ്പോഴും വില്യം കാര്യമായൊന്നും സംസാരിച്ചില്ല.

വിൻഡ്സർ കാസിലിനു പുറത്ത് ആദരാജ്ഞലികളുമായി ഒത്തു ചേർന്ന പൊതുജനങ്ങളെ സന്ദർശിക്കാൻ തന്നോടും കെയ്റ്റിനോടും ഒപ്പം ചേരുവാൻ വില്യം ഹാരിയെയും മേഗനേയും ക്ഷണിച്ചിരുന്നു. എന്നാൽ, അതിനിടയിൽ ഇരുവരും തമ്മിൽ കാര്യമായ സംസാരമൊന്നും ഉണ്ടായില്ല. എന്നാൽ ഈ മുറിവുകൾ കുറെയെങ്കിലും ഉണക്കാൻ തന്റെ കിരീടധാരണത്തിന് കഴിഞ്ഞേക്കുമെന്ന് ചാൾസ് രാജാവ് പ്രത്യാശിക്കുന്നു. ഇതേ സാഹചര്യം ഉപയോഗിച്ച് തന്റെ ഇളയ സഹോദരൻ ആൻഡ്രൂ രാജകുമാരനെയും അടുപ്പിക്കാൻ ചാൾസ് ശ്രമിച്ചേക്കും.

ആൻഡ്രുവിന് ഒപ്പം തന്നെ താമസിക്കുന്ന മുൻ ഭാര്യ സാറയെ കിരീടധാരണ ചടങ്ങിന് ക്ഷണിച്ചിട്ടില്ല. അവർ വീട്ടിൽ ഇരുന്നു തന്നെയായിരിക്കും ചടങ്ങുകൾ വീക്ഷിക്കുക. ഇപ്പോൾ കൊട്ടാരത്തിനകത്തും രാജാവിനു ചുറ്റും ഊഷ്മളമായ ഒരു അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും രാജാവും ഇതിനോട് ബുദ്ധിപൂർവ്വം പ്രതികരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനെ ഉദ്ധരിച്ചുകൊണ്ട് ടെലെഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. നാലു സഹോദരങ്ങളും, ഈസ്റ്റർ വാരാന്ത്യം ഏതാണ്ട് ഒരുമിച്ചായിരുന്നു ചെലവഴിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.