ലണ്ടൻ: ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലേക്ക് എത്തുന്ന അഭയാർഥികളുടെ എണ്ണം ദിനംതോറും വർധിച്ചുവരികയാണ്. അഭയാർഥികൾക്കായി വലിയൊരു തുക തന്നെ ബ്രിട്ടീഷ് ഭരണകൂടം ചെലവാക്കുന്നുമുണ്ട്. 202223 കാലഘട്ടത്തിൽ യുകെയിൽ അഭയം തേടിയെത്തുന്നവർക്കായി ഹോം ഓഫീസ് ചെലവ് 3.97 ബില്യൺ പൗണ്ടായിരുന്നു, 2021-22 ലെ 2.12 ബില്യൺ പൗണ്ടിന്റെ ഇരട്ടിയോളം വർധനവാണ് ചിലവൽ വന്നതെന്ന് സർക്കാർ കണക്കുകളിൽ നിന്ന് വ്യക്തം.

പത്ത് വർഷങ്ങൾക്ക് മുൻപ് 2012/13 ൽ, മൊത്തം ചെലവ് 500.2 മില്യൺ പൗണ്ട് മാത്രം ആയിരുന്നു. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ഇപ്പോൾ പുറത്ത് വരുന്ന ഒരു സംഭവം ബ്രിട്ടീഷ് നികുതിദായകരുടെ ഉദാരതയെ അഭയാർത്ഥികൾ ചൂഷണം ചെയ്യുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലെത്തിയ ഒരു അഭയാർഥി ഇപ്പോൾ താമസക്കുന്നത് ആഡംബര ഹോട്ടലിലാണ്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഫ്രാൻസിലൂടെ ട്രെയിൻ യാത്രയും പിന്നെ ഫെറിയിൽ കയറി ഡോവറിലേക്കും. എത്തിയ ഉടൻ രാഷ്ട്രീയ അഭയം നേടുകയും ദിവസം 241 പൗണ്ട് നിരക്കുള്ള ഹീത്രൂവിലെ ഒരു ഫോർ സ്റ്റാർ ഹോട്ടലിൽ താമസിക്കുകയാണ് റാഹത് പോപ്പൽ എന്ന യുവാവ്. 2019ൽ പ്രവർത്തനം ആരംഭിച്ച ഈ ആഡംബര ഹോട്ടൽ കഴിഞ്ഞ വേനൽക്കാലത്താണ് അഭയാർഥികളെ താമസപ്പിക്കാനായി സർക്കാർ കരാറിൽ എടുത്തത്. ബ്രിട്ടീഷുകാരുടെ നികുതി പണം ഉപയോഗിച്ചാണ് ഇവർക്ക് താമസിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുന്നത്.

573 ആഡംബര മുറികളാണ് തങ്ങൾക്കുള്ളതെന്ന് ഹോട്ടൽ ഗ്രൂപ്പിന്റെ വെബ്സൈറ്റിൽ വ്യക്തം. ആധുനികതയുടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്ന ഹോട്ടലിൽ ആണ് വലിയ നിരക്ക് നൽകി അഭയാർഥികളെ പാർപ്പിക്കുന്നത്.ഹോം ഓഫീസ് ഹോട്ടൽ മുഴുവൻ ബില്ലും അടയ്ക്കുന്ന ഈ ക്രമീകരണത്തിന്റെ നിബന്ധനകൾ പരസ്യമാക്കിയിട്ടില്ലെങ്കിലും, മാർക്കറ്റ് നിരക്കിൽ ഇതിന് ഓരോ ദിവസവും 70,000 പൗണ്ടിലധികം ചെലവാകും - അല്ലെങ്കിൽ പ്രതിവർഷം 76 മില്യൺ പൗണ്ട്.

അഭയാർത്ഥികളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ബ്രിട്ടൻ. ഈ വർഷം ജൂൺ വരെയുള്ള കണക്കനുസരിച്ച് 78,000 പേർ ഇതിനോടകം എത്തിയിട്ടുണ്ട്. ഇതോടെ മൊത്തം അപേക്ഷകളുടെ എണ്ണം 1,75,000 ആയി ഉയർന്നു. 2022 ജൂണിനെ അപേക്ഷിച്ച് 44 ശതമാനം വർധനവുണ്ട്. 2010ൽ കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയത് മുതലുള്ള ഏറ്റവും വലിയ വർധനവാണിത്.

അതേസമയം ആഡംബര ഹോട്ടലിലെ എല്ലാവിധ സൗകര്യങ്ങളും അഭയാർഥികൾക്ക് ലഭ്യമാണോ എന്ന കാര്യത്തിൽ ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇല്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അഭയാർഥികളെ എത്തിക്കുന്നതിന് മുൻപുള്ള താമസ സൗകര്യം മാത്രമാണ് ഹോട്ടലുകളിൽ നൽകുന്നതെന്നാണ് ലഭ്യമായിട്ടുള്ള വിവരത്തിൽ അധികൃതർ സൂചിപ്പിക്കുന്നത്.