ടെൽ അവീവ്: ഹമാസിനെതിരായ പോരാട്ടം കടുപ്പിച്ച് ഗസ്സയിൽ ഇസ്രയേൽ സൈനിക നടപടിയുമായി മുന്നോട്ടു പോകുന്നതിനിടെ യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രയേൽ സന്ദർശനത്തിനെതിരെ ആരോപണവുമായി ഹമാസ്. ഫലസ്തീൻ ജനതയെ കൊന്നൊടുക്കാൻ സഹായം നൽകാനാണ് ബൈഡന്റെ സന്ദർശനമെന്നാണ് ആക്ഷേപം. ബുധനാഴ്ചയാണ് ബൈഡൻ ഇസ്രയേലിലെത്തുന്നത്. ഇസ്രയേലിന്റെ വാക്കുകളിൽ ജോ ബൈഡൻ വീണുവെന്ന് ഹമാസ് വക്താവ് ഹാസെം ഖാസെം കുറ്റപ്പെടുത്തി.

''ഗസ്സയിലെ ജനങ്ങൾക്കെതിരായ യുദ്ധത്തിൽ യുഎസും ഒരു കുറ്റവാളിയാണ്. ആക്രമണോത്സുക നിലപാടാണ് ഗസ്സയിലെ ജനങ്ങളോട് യുഎസ് സ്വീകരിക്കുന്നത്. ഫലസ്തീനിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് സാമ്പത്തികമുൾപ്പെടെയുള്ള സഹായം നൽകാനാണ് ബൈഡൻ എത്തുന്നത്. ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിലും ഗസ്സയിലെ നിരവധിപ്പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്നിൽ രണ്ടും കുട്ടികളും സ്ത്രീകളുമാണ്''. ഖാസെം പറഞ്ഞു.

എന്നാൽ ബൈഡന്റെ ഇസ്രയേൽ സന്ദർശനത്തിന് ഏറ്റവും ഉചിതമായ സമയം ഇതാണെന്ന് യു എസ് അറിയിച്ചു. ഇസ്രയേലും ജോർദാനും സന്ദർശിക്കാൻ ഇതാണ് ഏറ്റവും ഉചിതമായ സമയമെന്ന് ബൈഡൻ വിശ്വസിക്കുന്നുവെന്ന് സെക്യൂരിറ്റി കൗൺസിൽ കോഓഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബി പറഞ്ഞു.

''മറ്റു നേതാക്കന്മാരുമായി ചർച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗസ്സയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. പ്രാദേശിക നേതാക്കന്മാരുമായും ചർച്ച നടത്തി തടവിലാക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് മടക്കി അയയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. പ്രശ്‌നം കൂടുതൽ വഷളാകുന്നതിന് യുഎസ് ആഗ്രഹിക്കുന്നില്ല. ഇസ്രയേൽ നടത്തുന്ന പോരാട്ടത്തെ ഉത്തേജിപ്പിക്കുന്നതിന് യാതൊരു നീക്കവുമില്ല. ആക്രമണം തടയുന്നതിനാണ് ശ്രമിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ്, ജോർദാന് രാജാവ് എന്നിവരുമായി ഇതിനകം ചർച്ച നടത്തി. തടവുകാരായി പിടിച്ചുകൊണ്ടുപോയ യുഎസ് പൗരന്മാരെ മോചിപ്പിക്കുക എന്നത് ബൈഡന്റെ പ്രധാന ലക്ഷ്യമാണ്'' കിർബി പറഞ്ഞു.

അതേ സമയം ഗസ്സയിലെ ആശുപത്രികളിൽ 24 മണിക്കൂർകൂടി പ്രവർത്തിക്കാൻ ആവശ്യമായ ഇന്ധനം മാത്രമാണ് അവശേഷിക്കുന്നതെന്ന് യു.എൻ ഫലസ്തീൻ റെഫ്യൂജി ഏജൻസി അറിയിച്ചു. ഇതോടെ, ആശുപത്രികളിൽ കഴിയുന്ന ആയിരക്കണക്കിന് രോഗികളുടെ ജീവൻ അപകടത്തിലാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

യുദ്ധം ആരംഭിച്ചതിന് പിന്നാലെ മൃതദേഹങ്ങളാലും പരിക്കേറ്റവരാലും നിറഞ്ഞ സ്ഥിതിയാണ് ഗസ്സയിലെ ആശുപത്രികളിൽ. ഗസ്സ സിറ്റിയിലെ ദാർ അൽ ഷിഫ ആശുപത്രിയിൽ കിടക്കകളിലും ഇടനാഴികളിലും മൈതാനങ്ങളിലും പോലും രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങളാൽ മോർച്ചറിയും നിറഞ്ഞ സ്ഥിതിയാണ്. രോഗികൾ മാത്രമല്ല അൽ ഷിഫ ഹോസ്പിറ്റലിലെത്തുന്നത്. ഇസ്രയേൽ ബോംബാക്രമണങ്ങളിൽ നിന്നും അഭയം തേടുന്നതിനും ആളുകൾ ആശുപത്രിയെ ആശ്രയിക്കുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.

പ്രദേശത്തെ ഏറ്റവും മികച്ച മെഡിക്കൽ സംവിധാനങ്ങളുള്ള ആശുപത്രിയാണ് ഷിഫ. 35,000 നും 40,000 നും ഇടയിൽ ജനങ്ങൾ ഈ ആശുപത്രിയിൽ അഭയം പ്രാപിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

'ഡോക്ടർമാർ അവരുടെ കുടുംബങ്ങളെ സുരക്ഷിതത്വത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇന്നലെ രാത്രി ഞാൻ ഒരു ഓപ്പറേഷൻ റൂം ടേബിളിലാണ് ഉറങ്ങിയത്. ആശുപത്രി ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്ന് ജനങ്ങൾ കരുതുന്നു. ആയിരക്കണക്കിന് ആളുകൾ അഭയം തേടി ആശുപത്രിയിലെത്തുന്നു. ഇത് അപകടകരമാണ്. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാൻ വരെ സാധ്യതയുണ്ട്, അൽ ഷിഫ ആശുപത്രിയിലെ ഡോ ഗസ്സൻ അബു സിത്ത പറഞ്ഞതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഇസ്രയേലിൽ ഹമാസ് നടത്തിയ വിവിധ ആക്രമണങ്ങളിൽ ഇതുവരെ 1,400 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 2808 പേർ കൊല്ലപ്പെട്ടതായി ഹമാസ് മീഡിയ ഓഫിസ് അറിയിച്ചു. ഇതിൽ നാലിലൊന്നും കുട്ടികളാണ്. 10,000 പേർക്ക് പരുക്കേറ്റതായും ഹമാസ് വ്യക്തമാക്കി.