ന്യൂയോർക്ക്: വിമർശനം കനത്തതോടെ ഇസ്രയേലിനെതിരായ പ്രയോഗം തിരുത്തി യു എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് രംഗത്ത്. ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായ ഒന്നല്ല എന്ന പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ പ്രയോഗത്തിൽ തിരുത്തുമായി രംഗത്തെത്തിയ യു എൻ സെക്രട്ടറി ജനറൽ, തന്റെ വാക്കുകൾ തെറ്റായാണ് പലരും വ്യാഖ്യാനിച്ചതെന്നും വിശദീകരിച്ചു. ഇസ്രയേൽ ഹമാസ് യുദ്ധം ചർച്ച ചെയ്ത യു എൻ രക്ഷാസമിതി യോഗത്തിലായിരുന്നു യു എൻ തലവൻ 'ഹമാസ് ആക്രമണം ശൂന്യതയിൽ നിന്നും ഉണ്ടായ ഒന്നല്ല' എന്ന പ്രസ്താവന നടത്തിയത്.

ഇതിന് ഹമാസ് അനുകൂല നിലപാടായി വ്യാഖ്യാനിച്ചു. ഇതിനെതിരെ ഇസ്രയേൽ രംഗത്തു വന്നു. സെക്രട്ടറി ജനറലിന്റെ രാജിയും ആവശ്യപ്പെട്ടു. ഇതോടെയാണ് തിരുത്തുമായി സെക്രട്ടറി ജനറൽ എത്തുന്നത്. ഹമാസിന്റെ ആക്രമണത്തെ താൻ ന്യായീകരിച്ചിട്ടില്ലെന്നും ഗുട്ടറസ് പറഞ്ഞു. ഹമാസിന്റെ ആക്രമണത്തിന് പകരമായി ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയെ ന്യായീകരിക്കാനാകില്ലെന്നും വിശദീകരിച്ചു. ഇസ്രയേലിന്റെ പ്രതിഷേധത്തെ തണുപ്പിക്കാനാണ് ഇത്. അമേരിക്കയും പ്രസ്താവനയിൽ പ്രതിഷേധത്തിലായിരുന്നു. ഇതോടെയാണ് തിരുത്തൽ എത്തുന്നത്.

ഫലസ്തീൻ ജനത 56 വർഷത്തെ ശ്വാസം മുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരായെന്നും യു എൻ രക്ഷാസമിതി യോഗത്തിൽ ഗുട്ടറസ് അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ ഭൂമി കയ്യേറുന്നതും വിഭജിക്കപ്പെടുന്നതും ഫലസ്തീൻ ജനത കണ്ടെന്നും കുടിയിറക്കപ്പെടുകയും അവരുടെ വീടുകൾ തകർക്കപ്പെടുകയും ചെയ്‌തെന്നും അദ്ദേഹം രക്ഷാസമിതി യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ഗസ്സയിൽ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നാണും ഗുട്ടറസ് അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം ഇസ്രയേലിനെ പ്രകോപിപ്പിച്ചു.

ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും യു എൻ തലവൻ പ്രതികരിച്ചിരുന്നു. ഇതോടെ ഇസ്രയേലും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. യു എൻ സെക്രട്ടറി ജനറൽ രാജിവെക്കണമെന്ന് ആവശ്യമാണ് ഇസ്രയേൽ മുന്നോട്ട് വച്ചത്. ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് യു എൻ തലവനോട് ഇസ്രയേൽ വിദേശകാര്യ മന്ത്രി ചോദിച്ചിരുന്നു. ഗുട്ടറസുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കുകയും ചെയ്തു. പ്രയോഗത്തിലെ തിരുത്തലും ഇസ്രയേലിനെ സന്തോഷിപ്പിക്കുന്നതല്ലെന്നതാണ് വസ്തുത.

ഹമാസ് ഭീകരാക്രമണത്തെ ന്യായീകരിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് രംഗത്ത് വന്നതിന് പിന്നാലെ കടുത്ത നടപടിയുമായി ഇസ്രയേൽ രംഗത്തു വന്നു. യുഎൻ ഉദ്യോഗസ്ഥർക്ക് വിസ നൽകുന്നത് ഇസ്രയേൽ നിർത്തിവെച്ചു. യുഎന്നിലെ ഇസ്രയേൽ പ്രതിനിധി ഗിലാദ് എർദാനാണ് വിവരം അറിയിച്ചത്. വിഷയത്തിൽ ഐക്യരാഷ്ട്രസഭ പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്നും ഗുട്ടറസിന്റെ കാഴ്‌ച്ചപ്പാടുകൾ ഭയാനകരമാണെന്നും ഇസ്രയേൽ പ്രതികരിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു പുനർ വിചിന്തനം ആവശ്യമാണെന്നും അവർ പറഞ്ഞു.

ഗസ്സയിൽ സാധാരണക്കാർ മരിച്ചുവീഴുന്നതു തടയാനും അവശ്യവസ്തുക്കൾ എത്തിക്കാനും വെടിനിർത്തലിനു ലോകനേതാക്കൾ ശ്രമം തുടരുമ്പോഴും സംഘർഷത്തിന് അയവില്ലെന്നതാണ് വസ്തുത. ഹമാസിനെതിരായ ഇസ്രയേൽ ബോംബാക്രമണം കൂടുതൽ ജനവാസകേന്ദ്രങ്ങളിലേക്കു വ്യാപിച്ചതോടെ മരണവും ഉയരുന്നു. 24 മണിക്കൂറിനിടെ ഗസ്സയിൽ 344 കുട്ടികളടക്കം 756 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19 ദിവസം പിന്നിട്ട യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 6,546 ആയി. ഇതിൽ 2,704 പേർ കുട്ടികളാണ്. വെസ്റ്റ് ബാങ്കിലും ബോംബാക്രമണം തുടരുന്നു.

ലബനനിലും സിറിയയിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. സിറിയയിലെ അലപ്പോ വിമാനത്താവളത്തിന്റെ റൺവേ തകർന്നു. ദേറാ നഗരത്തിൽ സിറിയയുടെ 8 സൈനികർ കൊല്ലപ്പെട്ടു; ലബനനിൽ ഹിസ്ബുല്ല സംഘത്തിലെ 4 പേരും കൊല്ലപ്പെട്ടു. ഹമാസിനെ ഇല്ലാതാക്കേണ്ടത് തങ്ങളുടെ അവകാശം മാത്രമല്ല ചുമതലയുമാണെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഏലി കോഹൻ ഐക്യരാഷ്ട്ര സംഘടന (യുഎൻ) രക്ഷാസമിതി യോഗത്തിൽ പറഞ്ഞിട്ടുണ്ട്.