ക്രെംലിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്കു ക്ഷണിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി റഷ്യയിലെത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായുള്ള ചർച്ചയ്ക്കിടെയാണ് മോദിയെ റഷ്യയിലേക്കു ക്ഷണിക്കുന്നതായി പുട്ടിൻ അറിയിച്ചത്. ''ഞങ്ങളുടെ സുഹൃത്ത് പ്രധാനമന്ത്രി മോദിയെ റഷ്യയിൽ കാണാൻ ഏറെ സന്തോഷമുണ്ട്'' എന്ന് ജയശങ്കറിനോട് പുട്ടിൻ പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയാശംസകൾ നേരാനും പുട്ടിൻ മറന്നില്ല.

പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിക്കാൻ ഡോ ജയശങ്കറിനോട് ആവശ്യപ്പെടുകയും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയെ റഷ്യ സന്ദർശിക്കാൻ പുട്ടിൻ ക്ഷണിക്കുകയും ചെയ്തു. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ സുഹൃത്തിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നെന്ന് പുട്ടിൻ പറഞ്ഞു. ഏതു രാഷ്ട്രീയ സഖ്യം അധികാരത്തിൽ വന്നാലും ഇന്ത്യയുമായുള്ള ഊഷ്മള ബന്ധം മാറ്റമില്ലാതെ തുടരുമെന്നും പുട്ടിൻ അറിയിച്ചു. 'ഞങ്ങളുടെ സുഹൃത്തുക്കൾക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു, രാഷ്ട്രീയ ശക്തികൾ എന്തായാലും ഇന്ത്യയും റഷ്യയും തമ്മിൽ പരമ്പരാഗത ബന്ധം നിലനിൽക്കും' പുട്ടിൻ പറഞ്ഞു.

യുക്രെയ്ൻ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ എന്തും ചെയ്യാൻ മോദി തയാറാണെന്ന് തനിക്കറിയാമെന്ന് പുട്ടിൻ പറഞ്ഞു. പ്രശ്നപരിഹാരത്തിന് എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്നതു സംബന്ധിച്ച് വിവരങ്ങൾ ഇന്ത്യയുമായി പങ്കുവയ്ക്കാൻ റഷ്യ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ''നിരവധി തവണ മോദിയുമായി യുക്രെയ്നിലെ വിഷയം ചർച്ച ചെയ്തിരുന്നു. എന്തും ചെയ്യാൻ അദ്ദേഹം ഒരുക്കമാണ്. ആ സാഹചര്യത്തിൽ കൂടുതൽ ആഴത്തിൽ വിഷയത്തെ പരിഗണിച്ച് കൂടുതൽ വിവരങ്ങൾ നൽകും.'' - കൂടിക്കാഴ്ചയ്ക്കിടെ പുട്ടിൻ പറഞ്ഞു.

'ലോകമെമ്പാടും പല പ്രശ്‌നങ്ങൾ ഉണ്ടായിട്ടും, ഏഷ്യയിലെ നമ്മുടെ യഥാർത്ഥ സുഹൃത്തായ ഇന്ത്യയുമായുള്ള ബന്ധം വർദ്ധിച്ചുവരുന്നു എന്നത് ശ്രദ്ധിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. തീർച്ചയായും, ഞങ്ങളുടെ പ്രിയ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, പ്രസക്തവും സമകാലികവുമായ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാനും റഷ്യൻ-ഇന്ത്യൻ ബന്ധത്തിന്റെ സാധ്യതകളുമായി സംസാരിക്കാനും ഞങ്ങൾക്ക് കഴിയും.

അടുത്ത വർഷം ഇന്ത്യയ്ക്ക് 'തിരക്കേറിയ രാഷ്ട്രീയ ഷെഡ്യൂൾ' ഉണ്ടാകും, എന്നിരുന്നാലും ഞങ്ങൾക്ക് അദ്ദേഹത്തെ കാണണമെന്ന് പറയൂ.. പാർലമെന്റിലെ പൊതുതിരഞ്ഞെടുപ്പ് അടുത്ത വർഷമാണ്. ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അതിൽ എല്ലാ വിജയവും ആശംസിക്കുന്നു. രാഷ്ട്രീയ ശക്തികൾ എന്തായാലും, നമ്മുടെ രാജ്യങ്ങൾക്കിടയിൽ പരമ്പരാഗത സൗഹൃദ ബന്ധം നിലനിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.'-റഷ്യൻ പ്രസിഡന്റ് പുട്ടിൻ വ്യക്തമാക്കി.

റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായും ജയശങ്കർ ചർച്ച നടത്തി. അടുത്തവർഷം പുട്ടിനും മോദിയും തമ്മിൽ കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ ജയശങ്കർ പറഞ്ഞു. ഇതുവരെ ഇരുരാജ്യങ്ങളും തമ്മിൽ 21 വാർഷിക ഉച്ചകോടികൾ നടന്നു. 2021 ഡിസംബറിൽ ഡൽഹിയിലായിരുന്നു അവസാന ഉച്ചകോടി.