ലണ്ടൻ: ബ്രിട്ടണിലെ രാഷ്ട്രീയം അനിശ്ചിതത്വത്തിലാണ്. രാഷ്ട്രീയ, സാമ്പത്തിക നില അൽപം മെച്ചമായപ്പോൾ പൊതു തിരഞ്ഞെടുപ്പ് അൽപം നേരത്തെ ആക്കിയാലോ എന്ന ടോറികളുടെ പഴയ ചിന്ത ഇപ്പോഴില്ല. ജനങ്ങൾ ജീവിത പ്രയാസം നേരിടുന്ന സാഹചര്യത്തിൽ മുൻ ധാരണ അനുസരിച്ചു മെയ് മാസത്തിൽ തിരഞ്ഞെടുപ്പിലേക്ക് പോയാൽ വമ്പൻ പരാജയം ഉറപ്പെന്ന വിലയിരുത്തലിൽ അടുത്ത ഊഴം ഒക്ടോബറിലേക്കാണ്. ഈ സൂചന പങ്കുവയ്ക്കുന്നതും ടോറി നേതാവ് ഋഷി സുനക് തന്നെ.

അടിക്കടി ഉയർന്ന പലിശ നിരക്കിൽ ഭവന വിപണിയും നിർമ്മാണ മേഖലയും ഒന്നുപോലെ പതറിയപ്പോൾ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കനിഞ്ഞാൽ പലിശ നിരക്ക് കുറയ്ക്കാനാകുകയും അത് വിപണിയിൽ ചലനം സൃഷ്ടിച്ചു സർക്കാരിന് അനുകൂല സാഹചര്യം സൃഷ്ടിക്കും എന്നുമൊക്കെയുള്ള വിലയിരുത്തലിലാണ് മെയ് മാസത്തിൽ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാം എന്ന് കഴിഞ്ഞ വർഷം ടോറികൾ ധാരണ പരുവപ്പെടുത്തിയത്.

എന്നാൽ കഴിഞ്ഞ മൂന്നു തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് താഴ്‌ത്താൻ തയ്യാറാകാത്ത സാഹചര്യത്തിൽ മറ്റു വഴികളിൽ സർക്കാരിന് അനുകൂല പിന്തുണ സാധ്യമാക്കാനാകുമോ എന്നാണ് ഇപ്പോൾ ഋഷിയും ടീമും ആലോചിക്കുന്നത്. കടും പിടുത്തകാരനായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി ആകട്ടെ ഈ വർഷം അവസാനത്തോടെ മാത്രം പലിശ നിരക്ക് താഴ്‌ത്താം എന്ന ചിന്താഗതിക്കാരനുമാണ്.

അല്ലെങ്കിൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി നടത്തിയ കഠിന ശ്രമങ്ങൾ വൃഥാവിൽ ആകുമെന്നും വീണ്ടും നാണയപ്പെരുപ്പം ഉയരാൻ കാരണമാകും എന്ന പക്ഷക്കാരനുമാണ് അദ്ദേഹം. എന്നാൽ വർഷാവസാനത്തോടെ പലിശ നിരക്ക് താഴ്‌ത്തിയാൽ അതിന്റെ പ്രയോജനം സർക്കാരിന് ലഭിക്കില്ല എന്ന ചിന്തയിലാണ് ഇപ്പോൾ ടോറികൾ വിജയ പ്രതീക്ഷയ്ക്കായി മറുവഴികൾ തേടുന്നത്.

ഇന്ത്യക്കാരുടെ കാര്യത്തിൽ രണ്ടു ഭാഗത്തും അങ്കലാപ്പ്

അതിനിടെ നിഷ്പ്രയാസം ജയിച്ചു കയറാം എന്ന് കരുതി മുന്നോട്ട് നീങ്ങിയ മുഖ്യ പ്രതിപക്ഷവും അൽപം അങ്കലാപ്പിലാണ്. പ്രധാന കാരണം പരമ്പരാഗതമായി പിന്തുണ നൽകിയിരുന്ന ഇന്ത്യൻ പക്ഷ വോട്ടുകൾ കൂട്ടമായി ഋഷി സുനകിലേക്ക് മറിയും എന്ന റിപ്പോർട്ടുകളാണ് ലേബറിനെ ആശങ്കപ്പെടുത്തുന്നത്. എന്നാൽ ലക്ഷക്കണക്കിന് ഇന്ത്യൻ വോട്ടുകളിൽ ഇത്തവണ വിഭജനം ഉണ്ടാകും എന്ന സൂചനയും ലേബറിന് അത്ര വലിയ പ്രതീക്ഷ നൽകുന്നില്ല. ഹിന്ദു വോട്ടുകൾക്കൊപ്പം ഇന്ത്യൻ വംശജരായ മുസ്ലിം വോട്ടുകൾ ടോറികൾക്കും ലേബറിനും കിട്ടാതെ പോകുന്ന അസാധാരണ സാഹചര്യമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഇതിനുള്ള പ്രധാന കാരണം ഫലസ്തീൻ വിഷയത്തിലെ നിലപാടുകൾ തന്നെ. ഇസ്രേയലിനു ശക്തമായ പിന്തുണ നൽകുന്ന ടോറികൾക്ക് മുസ്ലിം വോട്ടുകളിൽ പ്രതീക്ഷ ഇല്ലെങ്കിലും വിഷയത്തിൽ ലേബർ എടുത്ത നിലപാടും മുസ്ലിം വിഭാഗത്തെ കാര്യമായി ചൊടിപ്പിച്ചിട്ടുണ്ട്. അനവധി പ്രാദേശിക ലേബർ മുസ്ലിം നേതാക്കൾ രാജിവയ്ക്കുകയും എംപിമാർ അടക്കമുള്ളവർ ലേബർ നേതാവ് സ്റ്റർമാരുടെ പരസ്യ മാപ്പ് അപേക്ഷ വരെ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോൾ സമ്മർദ്ദം ലേബറിനെയും പിടികൂടിയിരിക്കുന്നത്.

കാലങ്ങളായി ഇന്ത്യൻ വോട്ടുകളുടെ കുത്തക അവകാശമാണ് ലേബർ സ്വന്തമാക്കിയിരുന്നത്. ശരാശരി 60 ശതമാനം ഇന്ത്യൻ വോട്ടുകളും സ്വന്തമാക്കിയിരുന്ന ലേബറിന് ഇത്തവണ 32 ശതമാനം വോട്ടുകളാണ് ഏറ്റവും ഒടുവിൽ എത്തുന്ന സർവേകൾ നൽകുന്നത്. ഇക്കാരണത്താൽ സാധ്യമായ എല്ലാ വഴികളും തേടുകയാണ് ലേബർ പാർട്ടി. കഴിഞ്ഞ മൂന്നു പൊതു തിരഞ്ഞെടുപ്പുകളിൽ ശരാശരി 60 ശതമാനം വോട്ടുകളും ലേബറിനെ തേടിയാണ് ഇന്ത്യൻ ഭാഗത്തും നിന്നും പോൾ ചെയ്യപ്പെട്ടത്. ശേഷിച്ച വോട്ടിൽ വെറും 25 ശതമാനം മാത്രമാണ് ടോറികൾക്ക് നേടാനായത്.

എന്നാൽ ബോറിസ് മന്ത്രിസഭ മുതൽ ഇന്ത്യൻ വംശജരുടെ കൂടി നിയന്ത്രണം ബ്രിട്ടീഷ് സർക്കാരിൽ ഉണ്ടാവുകയും ഋഷിയും പ്രീതി പട്ടേലും പ്രധാന കസേരകളിൽ എത്തുകയും ചെയ്തതോടെ സ്ഥിതി മാറി. വീണ്ടും ഋഷിയിലേക്ക് പ്രധാനമന്ത്രി കസേര കൂടി എത്തിയതോടെ ഇന്ത്യൻ വോട്ടുകൾ കൂട്ടമായി കൺസർവേറ്റീവ് പക്ഷത്തേക്ക് കൂറ് മാറുകയാണ് എന്നാണ് പ്രീ പോൾ സർവേകൾ പറയുന്നതും. ഏകദേശം മുപ്പതോളം സീറ്റുകളിലാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഏഷ്യൻ വംശജരുടെ സ്വാധീനം എന്നാൽ പോലും അവ ഏറെ നിർണായകമായ സാഹചര്യമാണിപ്പോൾ.

എന്തൊക്കെ സ്വാധീനം ചെലുത്തിയാലും പഴയ പോലെ കൂട്ടമായി ഇന്ത്യൻ വോട്ടുകൾ പിടിച്ചെടുക്കാനാകില്ല എന്ന വസ്തുത ലേബറും അംഗീകരിക്കുകയാണ്. എങ്കിലും പരമാവധി ഒഴുക്ക് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി നേതാക്കളുടെ ടീം തന്നെ ഇന്ത്യൻ വോട്ടു ബാങ്കിൽ കണ്ണുവച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ശത്രുത മനോഭാവം ലേബറിനോട് ഇന്ത്യൻ വംശജർക്ക് ഉണ്ടാകേണ്ട കാര്യം ഇല്ലെന്നാണ് നേതാകകളുടെ പക്ഷം. ഋഷിയോടുള്ള സ്നേഹം മാത്രം കൊണ്ട് ടോറികളെ കണ്ണടച്ച് വിശ്വസിക്കണോ എന്ന ചോദ്യവും ലേബർ ഉയർത്തുന്നുണ്ട്.

അതിനിടെ ലേബർ അടുത്തിടെ സ്വീകരിച്ച മുസ്ലിം വോട്ടു ബാങ്കിനോടുള്ള ചായ്വ് ആണ് ഇന്ത്യൻ പക്ഷത്തെ ചൊടിപ്പിച്ചത് എന്ന ആരോപണത്തോട് നേരിട്ട് പ്രതികരിക്കാനും ലേബർ സമയം കണ്ടെത്തുന്നില്ല. ലേബറിന്റെ ഷാഡോ മന്ത്രിമാരെ ഉൾപ്പെടുത്തി വലിയൊരു സംഘം ഇന്ത്യൻ യാത്ര നടത്തിയത് തന്നെ ചോരുന്ന വോട്ടുകൾ പിടിച്ചെടുക്കണം എന്ന വാശിയോടെയാണ്. എല്ലാ വിഭാഗം ഇന്ത്യക്കാർക്കും ലേബറിൽ സ്ഥാനം ഉണ്ടെന്ന വാഗ്ദാനം ആണ് ഇപ്പോൾ ഉയർന്ന നേതാക്കൾ പങ്കുവയ്ക്കുന്നത്. എന്നാൽ അത് അതേവിധത്തിൽ ഇന്ത്യൻ വിഭാഗത്തിലേക്ക് എത്തുന്നില്ല എന്നതാണ് വാസ്തവം.

വീടുകളിൽ ഫലസ്തീൻ പതാക തൂങ്ങിയ ലെസ്റ്റർ

ബ്രിട്ടനിൽ വംശീയ, വർഗീയ രാഷ്ട്രീയം പതുക്കെ വേരുപിടിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. പ്രധാന പാർട്ടികൾ തങ്ങളുടെ നിലപാടുകളിൽ പരസ്യ നിലപാട് പറയുന്നില്ലെങ്കിലും കുടിയേറ്റ വിഭാഗക്കാർക്ക് പാർട്ടികളിൽ ലഭിക്കുന്ന അംഗീകാരം ഇതിന്റെ സൂചനയാണ്. വർഗീയത തുറന്നു കാട്ടിയ ലെസ്റ്റർ ഒരു സൂചകമായി എടുത്താണ് ആ പ്രദേശത്തെ ജനങ്ങളെ നേരിൽ സമീപിച്ചു ഫലസ്തീൻ വിഷയം എന്ത് സ്വാധീനമാണ് സൃഷ്ടിക്കുന്നതെന്ന് ഗാർഡിയൻ പത്രം വിലയിരുത്തുന്നത്.

ലെസ്റ്റർ പൊതുവിൽ ലേബറിന് പിന്തുണ നൽകുന്ന മണ്ഡലമാണ് എങ്കിലും ഫലസ്തീൻ വിഷയത്തിൽ മുഴുവൻ വോട്ടുകളും തങ്ങൾക്ക് ലഭിച്ചേക്കില്ല എന്നാണ് അവർ ഇപ്പോൾ വിലയിരുത്തുന്നതും. യുകെയിൽ മറ്റെവിടെയും അധികമായി കാണാത്ത വിധത്തിൽ ലെസ്റ്ററിൽ പല വീടുകളിലും ഫലസ്തീൻ പതാക തൂങ്ങുന്നത് എന്താണ് വരാനിരിക്കുന്നത് എന്ന് അടിവരയിട്ട് പറയുന്നുണ്ട്. ബ്രിട്ടന്റെ പൊതു നയം ഇസ്രയേലിനെ പിന്തുണയ്ക്കുക ആണെങ്കിലും അതിനെ എതിർക്കുന്നവരാണ് തങ്ങൾ എന്ന സൂചനയാണ് ഈ പതാകകൾ നൽകുന്നത്.

പിന്തുണ തേടി എംപിമാർക്ക് നൂറുകണക്കിന് കത്തുകൾ

പ്രദേശത്തെ മോസ്‌കുകളിൽ അടക്കം എത്തുന്ന വിശ്വാസികൾക്കിടയിൽ ഫലസ്തീൻ വിഷയം ചർച്ചയാകുന്നുണ്ട് എന്നാണ് ഗാർഡിയൻ വ്യക്തമാക്കുന്നത്. ഫലസ്തീൻ അനുകൂലികൾ കൂട്ടമായി പിന്തുണ തേടി തങ്ങളുടെ എംപിമാർക്ക് കത്തെഴുതുകയാണ്. പിന്തുണ നൽകാൻ തയ്യാറായില്ലെങ്കിൽ തങ്ങൾ എന്ത് നിലപട് എടുക്കും എന്ന സൂചനയും കത്തിലുണ്ട്. ഒരു പ്രദേശത്തെ എംപിയെ വേണ്ടി വന്നാൽ വിജയിപ്പിക്കാനോ തോൽപിക്കാനോ ഉള്ള വോട്ടൊക്കെ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഇക്കൂട്ടർ പറയുന്നതും.

ബ്രിട്ടനിൽ പല എംപിമാരും ജയിക്കുന്നതു ഏതാനും ആയിരം വോട്ടുകൾക്ക് ആണെന്നതിനാൽ ഇതിൽ വാസ്തവം നിറയുന്നുമുണ്ട്. എന്നാൽ ലേബറിനെ എതിർത്ത് വോട്ടു ചെയ്യുമ്പോൾ തന്നെ കൺസർവേറ്റീവിന് പിന്തുണ നൽകും എന്ന് പറയാത്തത് ഒരു സമ്മർദ്ദ തന്ത്രം എന്ന നിലയിലെ ഇപ്പോൾ പാർട്ടികൾ കരുതുന്നുള്ളൂ. എന്നാൽ പറയുന്നത് ചെയ്യാൻ കഴിയുന്ന സമ്മർദ്ദ ഗ്രൂപ്പ് എന്ന നിലയിൽ കത്തുകൾ പൂർണ രൂപത്തിൽ തള്ളിക്കളയരുതെന്നും എംപിമാർ പാർട്ടി നേതൃത്വത്തോട് പറഞ്ഞു കഴിഞ്ഞു.

ലഫ്ബറോ സീറ്റിൽ ആര് ജയിക്കുമെന്ന് പറയാൻ മുസ്ലിം വോട്ടർമാർക്കാകും

ലെസ്റ്ററിൽ 3.69 ലക്ഷം മുസ്ലീങ്ങൾക്ക് വോട്ടുണ്ട് എന്ന കണക്കുകളും ഇരു പാർട്ടികളെയും സമ്മർദ്ദത്തിലാക്കുന്ന ഘടകമാണ്. ജാതി കാർഡ് ഇറങ്ങിയാൽ വിലക്കയറ്റമോ തൊഴിൽ നഷ്ടമോ പലിശ നിരക്കോ ഒന്നും വോട്ടിൽ പ്രതിഫലിക്കില്ല എന്നും രാഷ്ട്രീയ നേതൃത്വം ഭയന്ന് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലെസ്റ്ററിലെ മൂന്നു സീറ്റിലും ജയിച്ചു കയറിയത് ലേബർ പാർട്ടിയാണ്. അടുത്ത തിരഞ്ഞെടുപ്പിൽ ലെസ്റ്റർ ഈസ്റ്റിൽ വിമതയായി ലേബറിലെ മുൻ വിപ് ക്ളോഡിയ വെബ് സ്ഥാനാർത്ഥി ആകുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

ലേബർ നേതാവ് സ്റ്റർമാർ ഇസ്രയേലിനു തുറന്ന് പിന്തുണ നൽകിയ പ്രസ്താവന തിരുത്തണം എന്നാവശ്യപ്പെട്ട് ഏഴു പ്രാദേശിക മുസ്ലിം വിഭാഗക്കാരായ കൗൺസിലർമാർ കത്തെഴുതിയതും ഗാർഡിയൻ എടുത്തു പറയുന്നുണ്ട്. ഇറാക്ക് യുദ്ധ സമയത്തും ഇത്തരത്തിൽ മുസ്ലിം വിഭാഗക്കാർക്കിടയിൽ ആശങ്ക ഉണ്ടായിരുന്നെങ്കിലും അന്നത്തേതിന്റെ പല മടങ്ങ് ഇരട്ടിയാണ് ഇപ്പോൾ വോട്ടർമാരുടെ എണ്ണം എന്നും പ്രാദേശിക കൗൺസിലർമാർ മുന്നറിയിപ്പ് നൽകുന്നു.

ലോഫ്ബറോ സീറ്റിൽ ആർ ജയിക്കണമെന്നു നിശ്ചയിക്കാൻ പാകത്തിൽ ശക്തരാണ് മുസ്ലിം വിഭാഗക്കാർ എന്നതും ലേബർ നേതൃത്വവത്തിനു മുന്നിൽ എത്തിയ കണക്കുകളിലുണ്ട്. സ്റ്റർമാർ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടുന്ന മട്ടിൽ ലെസ്റ്ററിലെ രണ്ടു ലേബർ പ്രാദേശിക ഘടകങ്ങൾ രംഗത്ത് വന്നതും എതിർപ്പ് എത്ര രൂക്ഷമാണ് എന്ന സൂചന നൽകുന്നുണ്ട്. ഏതാനും ആഴ്ച മുൻപ് ഓക്സ്ഫോർഡിൽ ഒൻപതു പ്രാദേശിക കൗൺസിലർമാർ പാർട്ടി വിട്ടതും ഫലസ്തീൻ വിഷയത്തിലെ നിലപാടും ഭിന്നതയും ചൂണ്ടിക്കാട്ടിയാണ്. സാദിഖ് ഖാന് പുറമെ ആൻഡി ബേൺഹാം, മാഞ്ചസ്റ്റർ മേയർ എന്നിവരൊക്കെ സ്റ്റാർമാരുടെ നിലപാട് മാറ്റത്തിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ഫലസ്തീൻ വിഷയം ബ്രിട്ടനിൽ രാഷ്ട്രീയ ധ്രുവീകരണത്തിന് വഴി ഒരുക്കുമെന്നും വിലയിരുത്തൽ

ഫലസ്തീൻ അനുകൂല പ്രകടനം വിലക്കും എന്ന് പറയുമ്പോൾ പോരിന് തയ്യാറാണ് എന്ന് വെളിപ്പെടുത്തി ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തിയാണ് മുസ്ലിം വിഭാഗക്കാരുടെ മേൽക്കൈയിൽ ബ്രിട്ടീഷ് തെരുവുകളിൽ നടന്നു കൊണ്ടിരിക്കുന്നത്. ചില ഘട്ടങ്ങളിൽ എങ്കിലും പ്രകടനം അക്രമാസക്തം ആകുന്നുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ നാലു പൊലീസുകാർക്കാണ് പരുക്കേറ്റത്. ഈ സാഹചര്യത്തിൽ ഫലസ്തീൻ വിഷയം ബ്രിട്ടനിൽ രാഷ്ട്രീയ ചേരി തിരിവിന് കാരണമാകും എന്നുറപ്പാണ്.

നിലവിൽ മുഖ്യ കക്ഷികളായ ടോറികളും ലേബറും നിലപാടുകളിൽ ബ്രിട്ടീഷ് ദേശീയതയ്ക്ക് ആണ് പ്രാധാന്യം നൽകുന്നത്. മുസ്ലിം ജനത പ്രത്യേകിച്ചും കുടിയേറ്റ സമൂഹം പൊതുവെയും വോട്ട് ബാങ്ക് ആയി വളരുന്നത് ഇരു പാർട്ടികളും ശ്രദ്ധിക്കുന്നുണ്ടെങ്കിലും തുറന്ന ചങ്ങാത്തം എന്ന നിലയിൽ ഇതുവരെ പാർട്ടികൾ പ്രതികരിച്ചിട്ടില്ല. കുടിയേറ്റ വിഭാഗങ്ങൾക്കായി പ്രത്യേക പാർട്ടി ഉണ്ടാകാത്തതും ഒരു പരിധി വരെ ബ്രിട്ടീഷ് രാഷ്ട്രീയത്തെ മതത്തിൽ നിന്നും മോചിപ്പിച്ചു നിർത്തുന്ന ഘടകമാണ്.

മുസ്ലിം വിഭാഗത്തിൽ പെട്ട നേതാക്കൾ ഉയർന്നു വരുമ്പോൾ

എന്നാൽ ലണ്ടനിൽ മുസ്ലിം വംശജനായ സാദിഖ് ഖാൻ മേയർ വന്നപ്പോൾ അതേവിഭാഗക്കാരനായ സജിത് ജാവേദിനും നദീം സവാഹിക്കും പ്രധാന മന്ത്രിസ്ഥാനം നൽകിയാണ് ടോറികൾ തിരിച്ചടി നൽകിയത്. സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ആയും ഇപ്പോൾ മുസ്ലിം വിഭാഗത്തിൽ പെട്ട ഹംസ യൂസഫ് കരുത്തു കാട്ടുമ്പോൾ അടുത്ത പൊതു തിരഞ്ഞെടുപ്പ് നിർണായകമാകുകയാണ്. നിലവിൽ ഉള്ള പാർലിമെന്റിൽ എക്കാലത്തെയും ഉയർന്ന നിലയിലാണ് മുസ്ലിം വിഭാഗക്കാരായ എംപിമാരുടെ എണ്ണം. അത് വരും വർഷങ്ങളിലും ഉയരും എന്ന് വ്യക്തം.

വെറും 34 ലക്ഷം വോട്ടർമാരുള്ള മുസ്ലിം വിഭാഗത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ജനപ്രതിനിധികൾ മറ്റു കുടിയേറ്റക്കാരെ അപേക്ഷിച്ചു നിർണായക സ്ഥാനങ്ങളിൽ എത്തുന്നതും എന്നതും പുതിയ സാഹചര്യങ്ങളിൽ കൂട്ടിവായിക്കപ്പെടുകയാണ്. നിലവിലെ മന്ത്രി സഭയിൽ പ്രധാനമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും ഇന്ത്യൻ വംശജർ ആണെന്നതാണ് ഇതിനെ ചോദ്യം ചെയ്യുന്നവരുടെ തുറുപ്പ് ചീട്ട്. അവർ പക്ഷെ രാഷ്ട്രീയത്തിൽ ഉയർന്നത് ഏതെങ്കിലും വോട്ട് ബാങ്കിന്റെ മറപിടിച്ചല്ല എന്ന് ടോറി പക്ഷവും വാദിക്കുന്നുണ്ട്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി 33 മുസ്ലിം വിഭാഗക്കാരായവർക്ക് സ്ഥാനാർത്ഥിത്വം നൽകിയപ്പോൾ ടോറികൾ 22 മുസ്ലിം വംശജരെയാണ് അണിനിരത്തിയത്.