ലണ്ടന്‍: അന്താരാഷ്ട്ര ബാലിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ 18 നും 13 നും ഇടയിലുള്ള പെണ്‍കുട്ടികള്‍ക്ക് അസുലഭാവസരം ഒരുക്കുകയാണ് ബ്രിട്ടീഷ ഹൈക്കമ്മീഷന്‍. 'ഒരു ദിവസത്തേക്ക് ഹൈക്കമ്മീഷണര്‍' മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ഒരു പെണ്‍കുട്ടിക്ക് അന്താരാഷ്ട്ര ബാലികാ ദിനമായ ഒക്ടോബര്‍ 11 ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി പ്രവര്‍ത്തിക്കാന്‍ കഴിയും. 2017 മുതല്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ഈ അവസരം ഒരുക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ വിജയിയായ, ചെന്നൈയില്‍ നിന്നുള്ള ശ്രേയ ധര്‍മ്മരാജന്‍ ഒരു ദിവസത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ എന്ന നിലയില്‍ ഡല്‍ഹിലെ യുണൈറ്റഡ് നേഷന്‍സ് ഓഫീസിലെത്തി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതോടൊപ്പം ഗവേഷണ രംഗത്തെ ഇന്ത്യന്‍- ബ്രിട്ടീഷ് സഹകരണത്തെ കുറിച്ച് ഇന്ത്യന്‍ സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്രീയ ഉപദേഷ്ടാവ് പ്രൊഫസര്‍ അജയ് സൂദുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അതിനു പുറമെ ആക്സിലറേറ്റിംഗ് സ്മര്‍ട്ട് പവര്‍ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഡല്‍ഹി ഗതാഗത വകുപ്പുമായി ചേര്‍ന്ന് ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുകയും ചെയ്തു.

ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി ഇന്ത്യ സന്ദര്‍ശിച്ച അവസരത്തില്‍ ഇന്ത്യയും ബ്രിട്ടനും ചേര്‍ന്ന് സംയുക്തമായി ഒരു സാങ്കേതിക സുരക്ഷാ സംരംഭം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഈ വര്‍ഷത്തെ മത്സരത്തിന്റെ വിഷയം തീരുമാനിച്ചിരിക്കുന്നത്. മത്സരത്തിനായി അപേക്ഷിക്കേണ്ടത് ഓണ്‍ലൈന്‍ വഴിയാണ്.

'ഭാവി തലമുറകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ സാങ്കേതിക വിദ്യാ രംഗത്ത് ഇന്ത്യയ്ക്കും ബ്രിട്ടനും എങ്ങനെ യോജിച്ച് പ്രവര്‍ത്തിക്കാനാകു: എന്ന വിഷയത്തില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോ ആണ് മത്സരത്തിനായി സമര്‍പ്പിക്കേണ്ടത്. യുകെ ഇന്ത്യ എന്ന ഹാന്‍ഡിലിനെ ടാഗ് ചെയ്തുകൊണ്ട് ഈ വീഡിയിഓ എക്സ് (പഴയ ട്വിറ്റര്‍), ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അല്ലെങ്കില്‍ ലിങ്ക്ഡിന്‍ എന്നിവയില്‍ ആണ് പോസ്റ്റ് ചെയ്യേണ്ടത്. ഡേ ഓഫ് ദി ഗേള്‍ എന്ന ഹാഷ് ടാഗും ഉപയോഗിച്ചിരിക്കണം.

അതോടൊപ്പം https://forms.office.com/pages/responsepage.aspx?id=09Ci08h8Uk-7-YW9Q9lCef2Z8Ql7isFBsLDWFLFpII5UQUczMzZUS1Y3SEwwRFlNOE1QM1laVzNZOS4u എന്ന ലിങ്കിലുള്ള ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് നല്‍കുകയും വേണം. 2024 സെപ്റ്റംബര്‍ 4 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. ബ്രിട്ടീഷ് ഹൈ കമ്മീഷണര്‍ നിയമിക്കുന്ന ഒരു ജൂറിയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക. യുകെ ഇന്ത്യയുടെ സമൂഹമാധ്യമ ചാനലുകളിലൂടെയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമെ സമര്‍പ്പിക്കാന്‍ കഴിയുകയുള്ളു. ഒന്നിലധികം എന്‍ട്രികള്‍ പോസ്റ്റ് ചെയ്താല്‍ മത്സരിക്കുന്നതിന് അയോഗ്യത കല്പിക്കുന്നതാണ്.

വീഡിയോയുടെ ദൈര്‍ഘ്യം ഒരു മിനിറ്റില്‍ കൂടരുത്. ഒരു മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്ക് അയോഗ്യത കല്‍പ്പിക്കും. സ്വന്തമായി നിര്‍മ്മിച്ച വീഡിയോകളായിരിക്കണം സമര്‍പ്പിക്കേണ്ടത്. ഏതെങ്കിലും വിധത്തിലുള്ള അനുകരണങ്ങള്‍ കണ്ടെത്തിയാല്‍ വീഡിയോ സ്വീകരിക്കുന്നതല്ല. മാത്രമല്ല, മത്സരത്തിനായി സമര്‍പ്പിക്കുന്ന വീഡിയോകളുടെ പകര്‍പ്പവകാശം ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനായിരിക്കും. വീഡിയോകള്‍ക്കൊപ്പം നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കു വയ്ക്കരുത്. അത് ഓണ്‍ലൈന്‍ ഫോമില്‍ മാത്രം പൂരിപ്പിച്ച് നല്‍കുക.