ലണ്ടന്‍: ബ്രിട്ടീഷ് ഹോം ഓഫീസിന്റെ കീഴിലുള്ള ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ റെയ്ഡില്‍ അനധികൃതമായി ജോലിചെയ്യുന്നു എന്ന് സംശയിക്കപ്പെടുന്ന 75 പേര്‍ അറസ്റ്റിലായി. കഴിഞ്ഞയൊരാഴ്ച 225 ല്‍ അധികം സ്ഥാപനങ്ങളിലായിരുന്നു എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയത്. പ്രധാനമായും കാര്‍ വാഷുകളെ കേന്ദ്രീകരിച്ചുള്ള റെയ്ഡില്‍ 122 സ്ഥാപനങ്ങള്‍ക്ക് അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കിയതിന് പിഴ ശിക്ഷ നല്‍കിയതായും ഹോം ഓഫീസ് അറിയിച്ചു.

മനുഷ്യക്കടത്ത് സംഘങ്ങളുമായി ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ബന്ധം പുലര്‍ത്തുന്നത് അനുവദിക്കാന്‍ ആകില്ലെന്ന് ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ പറഞ്ഞു. കുടിയേറ്റക്കാരെ, അവരുടെ ജീവന്‍ പണയം വെച്ച് യു കെയില്‍ എത്തിക്കുകയും, നിയമപരമല്ലാതെ ജോലി നല്‍കുകയും ചെയ്യുന്ന പ്രവണത ഒരു കാരണവശാലും അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. മനോഹര വാഗ്ദാനങ്ങള്‍ നല്‍കി യു കെയില്‍ അനധികൃതമായി എത്തിക്കുന്ന ഇവര്‍ മോശം സാഹചര്യങ്ങളില്‍ വളരെ കുറഞ്ഞ വേതനത്തിനാണ് ജോലി ചെയ്യുന്നത്.

ഇത് അവസാനിപ്പിക്കാനാണ് റെയ്ഡ് ആസൂത്രണം ചെയ്തതെന്നും ഹോം സെക്രട്ടറി പറഞ്ഞു. അനധികൃത കുടിയേറ്റം തടയുവാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും നിയമ ലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പു വരുത്തുമെന്നും ഹോം ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. വളരെ മോശപ്പെട്ട സാഹചര്യങ്ങളിലാണ് ഇത്തരം അനധികൃത തൊഴിലാളികള്‍ കഴിഞ്ഞു കൂടുന്നതെന്ന് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

മിനിമം വേതനത്തേക്കാള്‍ കുറവ് വേതനം നല്‍കി ഇവരെ കൊണ്ട് അധികം മണിക്കൂറുകള്‍ ജോലി ചെയ്യിപ്പിക്കുന്നു. ചില തൊഴിലുടമകള്‍ അത്യാവശ്യമായ ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നില്ല. അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ സ്ഥാപനത്തിന് ഒരു തൊഴിലാളിക്ക് 45,000 പൗണ്ട് വീതം പിഴ ഒടുക്കേണ്ടതായി വരും. ഇത് ആദ്യമായി കുറ്റം ചെയ്യുമ്പോഴാണ്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 60,000 പൗണ്ട് ആയി ഉയരും. വരും നാളുകളില്‍ കൂടുതല്‍ ഇടങ്ങളില്‍ റെയ്ഡ് നടത്തുമെന്നും ഹോം ഓഫീസ് അറിയിച്ചിട്ടുണ്ട്.