ലണ്ടൻ: യുദ്ധത്തിൽ പ്രതീക്ഷിച്ച വിജയം നേടാനാകാതെ വന്നതോടെ വ്ളാഡിമിർ പുടിൻ കടുത്ത നിരാശയിലാണെന്ന വാർത്തകൾ നേരത്തേ പുറത്തു വന്നിരുന്നു. നിരാശ മൂത്ത് ഏത് കടുംകൈക്കും പുടിൻ മുതിർന്നേക്കും എന്ന ആശങ്കയും പാശ്ചാത്യ രാജ്യങ്ങൾക്കുണ്ട്. യുക്രെയിന് ശക്തമായ പിന്തുണ നൽകുന്ന ബ്രിട്ടന് ദുരിതങ്ങൾ നൽകുവാൻ യു കെയ്ക്കും നോർവേയ്ക്കും ഇടയിലുള്ള ഗ്യാസ് പൈപ്പ്ലൈനിൽ റഷ്യ അട്ടിമറി നടത്തിയേക്കുമെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. പുതുതായി ചുമതലയേറ്റ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ സംബന്ധിച്ചും വലിയ വെല്ലുവിളികളാണ് മുമ്പിലുള്ളത്.

ബാൾട്ടിക് കടലിനടിയിലൂടെയുള്ള, ഏകദേശം 1200 കിലോമീറ്റർ നീളമുള്ള ഈ കൂറ്റൻ പൈപ്പ് ലൈനിലൂടെയണ് ബ്രിട്ടന്റെ ആവശ്യത്തിനുള്ള പ്രകൃതിവാതകത്തിന്റെ അഞ്ചിലൊരു ഭാഗം എത്തുന്നത്. നേരത്തേ, യൂറോപ്പ് തങ്ങൾക്കെതിരെ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ പ്രതികരിക്കുന്നതിനായി യൂറോപ്പിലേക്ക് ഊർജ്ജ വിതരണം നടത്തുന്ന റഷ്യൻ കമ്പനികളെ പുടിൻ ആയുധമാക്കിയ്ഹിരുന്നു.

ജർമ്മനിയിലേക്കുള്ള നോർഡ് സ്ട്രീം 1, 2 പൈപ്പ്ലൈനുകൾ ഉൾപ്പടെ ബാൾട്ടിക് സമുദ്രത്തിനടിയിലൂടെയുള്ള ചില പൈപ്പുകളിൽ ചോർച്ച സംഭവിച്ചത് തികച്ചുമ്ൻ അസ്വാഭാവികമാണെന്നാണ് കരുതപ്പെടുന്നത്. അതിനു പിന്നിൽ റഷ്യയുടെ കൈകളാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. ബ്രിട്ടന്റെ എനർജി ഇൻഫ്രാസ്ട്രക്ച്ചറിനെ ആക്രമിക്കാൻ ലക്ഷ്യമിടുകയാണെങ്കിൽ, റഷ്യയുടെ അടുത്ത പടി അട്ടിമറി ആയിരിക്കുമെന്ന് ഒരു നാറ്റോ വക്താവ് പറയുന്നു.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള പ്രകൃതി വാതക കയറ്റുമതിക്ക് നിയന്ത്രണങ്ങൾ വന്നപ്പോൾ, ഇന്ന് യൂറോപ്പിൽ ഏറ്റവുമധികം പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയിരിക്കുകയാണ് നോർവേ. നേരത്തേ സൂചിപ്പിച്ചതുപോലൊരു അട്ടിമറിക്ക് റഷ്യ തുനിഞ്ഞാൽ, പ്രധാന ലക്ഷ്യം നോർവ്വീജിയൻ പൈപ്പ് ലൈനുകളായിരികും എന്ന് നോർവീജിയൻ നേവൽ അക്കാഡമിയിലെ ഒരു വിദഗ്ധനും പറയുന്നു.

നോർവേയിലെ പല എനർജി ഇൻസ്റ്റാലേഷനുകൾക്ക് മുകളിലും ഡ്രോണുകൾ പറക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. മാത്രമല്ല, കഴിഞ്ഞ ഒരു മസത്തിനുള്ളിൽ ഡ്രോൺ ഉപകരണങ്ങളുമായി ഏഴ് റഷ്യാക്കാരാണ് നോർവേയിൽ അറസ്റ്റിലായത്. കൊടും തണുപ്പ് കാലത്ത് പൈപ്പ്ലൈനുകളിൽ അട്ടിമറി നടത്തി ബ്രിട്ടനിലേക്കുള്ള വാതക വിതരണം തടസ്സപ്പെടുത്താനായിരിക്കും റഷ്യ ശ്രമിക്കുക എന്ന് ഒരു നോർവീജിയൻ സർക്കാർ വക്താവ് പറയുന്നു.

ഊർജ്ജ ക്ഷാമത്തിൽ തണുത്ത് വിറക്കുന്ന ജൻങ്ങൾ സർക്കാരിനെതിരെ തിരിയുമെന്നും, യുക്രെയിനിനെ സഹായിക്കുന്നതിൽ നിന്നും പിന്മാറാൻ ആവശ്യപ്പെടുമെന്നും റഷ്യ കണക്കുകൂട്ടുന്നു. ജനാധിപത്യ രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങൾ പലപ്പോഴും ഭരണകൂടങ്ങളുടെ തീരുമാനങ്ങളെ മാറ്റിമറിച്ച ചരിത്രങ്ങൾ ഉള്ളതിനൽ, ഇവിടെ ബ്രിട്ടനും യുക്രെയിനിനെ സഹായിക്കുന്നതിൽ നിന്നും പുറകോട്ട് പോകേണ്ടി വരുമെന്നും അവർ പ്രതീക്ഷിക്കുന്നു.