ലണ്ടൻ: ഇന്ത്യയും ബ്രിട്ടനും ഒരുപോലെ ഉറ്റുനോക്കുന്ന വ്യാപാര കരാർ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് തലവേദനയാകുന്നു. അദ്ദേഹത്തിന്റെ ഭാര്യാപിതാവിന്റെ ഇൻഫോസിസ് കമ്പനിക്ക് കരാർ വഴി നേട്ടമുണ്ടാകുമെന്ന വ്യക്തിപരമായ ആരോപണമാണ് ഋഷിക്ക് എതിരെ ഉയരുന്നത്. അടുത്ത മാസം ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലോ അതിന് മുൻപോ കരാർ സംബന്ധിച്ച് അവസാന ഘട്ടത്തിലേക്ക് എത്താനാണ് ഇന്ത്യയും ബ്രിട്ടനും ശ്രമിക്കുന്നത്.

ഇന്ത്യയിലെ ബംഗളൂരു ആസ്ഥാനമായുള്ള അന്താരാഷ്ട്ര ഐടി, കൺസൾട്ടൻസി കമ്പനിയായ ഇൻഫോസിസിൽ ഭാര്യ അക്ഷതാ മൂർത്തിയുടെ ഏകദേശം 500 മില്യൺ പൗണ്ടിന്റെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ടുള്ള 'സുതാര്യത' പ്രശ്നങ്ങളിൽ സർക്കാരിന്റെ ഉന്നത തലങ്ങളിൽ ആശങ്കയുണ്ടെന്ന് എംപിമാരും വ്യാപാര വിദഗ്ധരും പറയുന്നു.

ഏത് കരാറിന്റെയും പ്രധാന ഗുണഭോക്താവ് ഇൻഫോസിസായിരിക്കുമെന്നതിനാൽ, തന്റെ ഭാര്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളെക്കുറിച്ച് ഋഷി സുനക് കൂടുതൽ തുറന്ന് പറയണമെന്ന് ലേബർ, ഓൾ-പാർട്ടി ഹൗസ് ഓഫ് കോമൺസ് ബിസിനസ് ആൻഡ് ട്രേഡ് സെലക്ട് കമ്മിറ്റി ചെയർമാൻ ഡാരൻ ജോൺസ് ആവശ്യപ്പെട്ടു.

സെപ്റ്റംബറിൽ ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ സുനക് ഇന്ത്യയിൽ എത്തുന്നുണ്ട്. ഈ സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേക കൂടിക്കാഴ്ചയിലാണ് ഇന്തോ- ബ്രിട്ടൻ വ്യാപാര കരാർ സംബന്ധിച്ച് ഇരു പ്രധാനമന്ത്രിമാരും ചർച്ച നടത്തുക.

ബ്രിട്ടീഷ് ഗവൺമെന്റുമായും നിരവധി യുകെ കമ്പനികളുമായും കരാറുകളുള്ള ഇൻഫോസിസ്, യുകെ വിസ വ്യവസ്ഥയിലെ മാറ്റങ്ങളിലൂടെ ആയിരക്കണക്കിന് കരാർ തൊഴിലാളികൾക്ക് ഈ രാജ്യത്തേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ഘട്ടത്തിലാണ് കരാർ എന്നതും ശ്രദ്ധേയമാണ്.