മോസ്‌കോ: ഭസ്മാസുരന് വരം കൊടുത്തതുപോലെ എന്ന് പറയുന്നതുപോലെയാണ് റഷ്യയിൽ നിന്നുള്ള പുതിയ സംഭവവികാസങ്ങൾ. താൻ വളർത്തിയെടുത്ത വാഗ്നർ ഗ്രൂപ്പ് എന്ന ക്രൂരന്മാരായ കൊലയാളി സംഘം, ഇപ്പോൾ റഷ്യൻ പ്രസിഡൻന്റ് വ്ളാദിമിർ പുടിനെതിരെ തന്നെ തിരിഞ്ഞിരിക്കയാണ്.

യേവ്ജിനീ പ്രിഗോശിന്റെ നേതൃത്വത്തിൽ വാഗ്നർ ഗ്രൂപ്പ് മോസ്‌കോക്ക് അടുത്തെത്തുമെന്ന് ഉറപ്പായപ്പോൾ പുടിൻ രാജ്യം വിട്ട് പോയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ അപ്പോഴും സംശയങ്ങൾ ബാക്കിയാണ്. രാജ്യം വിട്ടത് പുടിനാണോ അതോ അയാളുടെ അപരനാണോ എന്ന് അറിയില്ല.

പണ്ട് റഷ്യയിൽ സ്റ്റാലിനും, ഉഗാണ്ടയിൽ ഈദി അമീനുമൊക്കെ പരീക്ഷിച്ചപോലെ, തന്റെ അതേ രൂപത്തിലും ഭാവത്തിലുമുള്ള ഏഴ് അപരന്മാരെ റഷ്യയിൽ പുടിൻ ഉണ്ടാക്കിയിട്ടുണ്ടെന്ന്, വിദേശമാധ്യമങ്ങൾ പല തവണ എഴുതിയിട്ടുണ്ട്. റഷ്യയിൽ എവിടെയും പുടിന്റെ അതേ ഉയരുമുള്ള, രൂപ സാദൃശ്യമുള്ള ഒരാളെ കണ്ടെത്തിയാൽ പിന്നെ അയാളുടെ കഷ്ടകാലമാണ്. റഷ്യൻ രഹസ്യപ്പൊലീസ് അയാളെ പൊക്കും. ഇങ്ങനെ കിട്ടിയ നൂറുകണക്കിന് ആളുകളിൽ നിന്ന്, സക്രൂട്ടിനി ചെയ്താണ് അതീവ സാമ്യമുള്ള ഏഴുപേരെ കണ്ടെത്തുന്നത്. ഇവരെ പ്ലാസ്റ്റിക്ക് സർജറി ചെയ്തും, ഹൈട്ടക്ക് മേക്കപ്പിട്ടുമാണ് പുടിന്റെ ഡിറ്റോയാക്കി മാറ്റുന്നത്. ക്രെംലിൻ കെട്ടാരത്തിൽ തന്നെയാണ് ഈ അപരന്മാർക്കും ജോലി. പക്ഷേ ഇങ്ങനെ അഭ്യൂഹങ്ങൾ അല്ലാതെ ഇവരുടെ ഒരു ഫോട്ടോപോലും മാധ്യമങ്ങൾക്ക് കിട്ടിയിട്ടില്ല.

പുടിൻ വിതച്ചതുകൊയ്യുന്നു

എന്തായാലും പുതിയ സംഭവികാസങ്ങളിൽ പുടിൻ ഭയന്നിരിക്കുന്നുവെന്ന് ഉറപ്പാണ്. കാരണം മോസ്‌കോയിലേക്കുള്ള പാലം റഷ്യൻ സൈന്യം തന്നെ തകർത്തതായി റിപോർട്ടുകൾ ഉണ്ട്. സമാധാനത്തിന് വേണ്ടി ആണവായുധങ്ങൾ നിരുപാധികം വേണ്ടെന്ന് വെച്ച യുക്രെയിൻ ജനതയെ രണ്ട് കൊല്ലമായി നിഷ്ടൂരമായി ആക്രമിക്കയാണ് പുടിൻ. പരിഷ്‌കൃത ലോകത്ത് ആരും ചെയ്യാത്ത രീതിയിൽ ഡാം പോലും തകർത്തുപോലും പുടിൻ യുക്രെയിനെ നശിപ്പിച്ചു. ഇപ്പോൾ വിതച്ചതുകൊയ്യുകയാണ് പുടിനും.

റഷ്യയുടെ ചക്രവർത്തിയെന്ന രീതിയിലാണ് പുടിന്റെ പ്രവർത്തനം. എതിർക്കുന്നവരെയൊക്കെ പ്രത്യേക കൊലയാളി സംഘത്തെ അയച്ച് കൊന്നൊടുക്കും. പുടിനെ എതിർത്ത രണ്ട് ഡസനിലേറെ മാധ്യമ പ്രവർത്തകരാണ്, കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. അത് റഷ്യയിൽ മാത്രം കാണുന്ന പ്രത്യേക മരണമാണ്. മിക്കതും ആത്മഹത്യയായി എഴുതിത്ത്തള്ളപ്പെടുന്നു. സത്യത്തിൽ പുടിന്റെ അഴിമതിയും, ധുർത്തും, യുദ്ധക്കൊതിയും കാരണം വലഞ്ഞിരിക്കയാണ് റഷ്യൻ ജനത.

അതുകൊണ്ടുതന്നെ, അയാളെ തൂത്തെറിയാൻ റഷ്യൻ ജനത തന്നെ വാഗ്നർ ഗ്രൂപ്പിന്റെ കൂടെ തെരുവിൽ ഇറങ്ങിയാൽ ചരിത്രം ആവർത്തിക്കും. അതിനിടെ വാഗ്നർ ആർമിയെ അമേരിക്കയും നാറ്റോയും സ്വാധീനിച്ചതാണെന്ന അഭ്യൂഹവും ശക്തമാണ്, യുക്രെയിൻ ജനതയ്ക്കു വേണ്ടി അവർ അങ്ങനെ ഒരു നീക്കം നടത്തിയതായി സംശയമുണ്ടെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്.

ആണവയുദ്ധത്തിന് മുതിരുമോ?

കള്ളപ്പണത്തിന്റെയും ബിനാമി സ്വത്തുക്കളുടെയും കണക്ക് എടുക്കയാണെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ആവേണ്ടത് പുടിനാണ്. 20,000 കോടി ഡോളറിന്റെ സ്വത്തുക്കൾ, 58 സ്വകാര്യ വിമാനങ്ങൾ, 20 ഇടങ്ങളിൽ ആഡംബര സൗധങ്ങൾ, അഞ്ച് ലക്ഷം ഡോളർ വിലയുള്ള വാച്ച്, തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. പുട്ടിന്റെ മൊത്തം ആസ്തി 300 ബില്യൺ ഡോളറാണെന്നാണ് കണക്കാക്കിയിരുന്നത്. ലോകമെമ്പാടുമുള്ള നിരവധി സുന്ദരിമാർ പുടിന്റെ കാമുകിമാരായും ഉണ്ടായിരുന്നു. പക്ഷേ ഈ സമ്പത്തെല്ലാം യുക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ നാറ്റോയുടെ ഉപരോധത്തിൽ ഇല്ലാതായി. ഇനി റഷ്യയിൽ നിന്ന് പലായനം ചെയ്യേണ്ട അവസ്ഥ വന്നാൽ പുടിൻ ശരിക്കും തന്റെ സൈക്കോ സ്വഭാവം പുറത്തെടുക്കുമെന്നാണ് ആശങ്ക. അയാൾ ആണവ യുദ്ധത്തിനുപോലും മുതിരുമെന്നാണ് ആശങ്ക.

വെറും സാധാരണ ഒരു പ്രസിഡന്റല്ല പുടിൻ. കഴിഞ്ഞ എത്രയോ വർഷങ്ങളായി റഷ്യയുടെ സർവാധികാരിയാണ്. ലോകത്തിലെ തന്നെ ഏറ്റവും അധികം ആണവായുധ ശേഖരം ഉള്ള രാജ്യമായിട്ടാണ് റഷ്യയെ കരുതിപ്പോരുന്നത്. 5,977 വാർഹെഡ്സ് അവരുടെ കൈവശം ഉണ്ടെന്നാണ് കണക്ക്. 12 ഡിപ്പോകളിലായി സൂക്ഷിച്ചിരിക്കുന്ന ഇവയിൽ 1500 ഓളം എണ്ണം ഏത് സമയത്തും പ്രയോഗിക്കുവാൻ സജ്ജവുമാണ്. യുക്രെയിൻ യുദ്ധത്തിനു മുൻപായി റഷ്യയുടേ ഹൈപ്പർസോണിക് മിസൈലുകളെ പ്രതിരോധിക്കാൻ അമേരിക്കയുടെ നക്ഷത്രയുദ്ധ മിസൈൽ സിസ്റ്റത്തിന് കഴിയുകയില്ല എന്ന് പുടിൻ അവകാശപ്പെട്ടിരുന്നു.

യുക്രെയിനിലേക്കോ തൊട്ടടുത്ത മറ്റു രാജ്യങ്ങളിലേക്കോ വിടാവുന്നത്ര ചെറിയ മിസൈലുകളുടെയും വലിയ ഒരു ശേഖരം റഷ്യയുടെ കൈവശം ഉള്ളത്. പക്ഷേ ഇവ ഉപയോഗിച്ച് തന്നെ, ചുറ്റുപാടുമുള്ള രാജ്യങ്ങളിൽ അതിഭീകരമായ നാശം വിതയ്ക്കാൻ റഷ്യക്ക് കഴിയും. അടുത്തയിടെയായി സൈനിക ആയുധശേഖരത്തിൽ ചേർന്ന ഭൂണ്ഡാന്തര ബാസിസ്റ്റിക് മിസൈലുകൾ വിന്യസിച്ചിരിക്കുന്നത് സൈബീരിയൻ മേഖലയിലാണ്. ഇവയ്ക്ക് ലണ്ടനേയും വാഷിങ്ടണിനേയും ലക്ഷ്യം വച്ച് എത്താനാകും. എന്നാൽ, റഷ്യൻ ആണവായുധങ്ങൾ എത്രത്തോളം ആധുനികമാണ് എന്ന കാര്യത്തിൽ ഏറെ സംശയമുണ്ട്. അമേരിക്കയായാലും റഷ്യ ആയാലും ഒരു പതിറ്റാണ്ടു കാലമായി ആണവായുധ പരീക്ഷണം നടത്തിയിട്ടില്ല എന്നതാണ് വാസ്തവം.

പക്ഷേ ആണാവായുധം പുടിൻ പ്രയോഗിച്ചാൽ അമേരിക്കയടക്കം ഒരു ലോകരാഷ്ട്രത്തിനും പിന്നെ നോക്കിയിരിക്കാൻ ആവില്ല. അതോടെ മോസ്‌ക്കോയിലും അണുബോംബ് വീഴും. അത് ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് ആയിരിക്കും ഈ ലോകത്തെ കൊണ്ടുപോവുക. ആ രീതിയിലുള്ള ഭീതിയാണ് ഇപ്പോൾ ലോക മാധ്യമങ്ങളിലും നിറയുന്നത്.