ലക്‌നൗ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യമുണ്ടാകുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. ഇതിനിടെയിലും ഐക്യത്തിനായുള്ള നീക്കുപോക്കുകൾ നടക്കുന്നുണ്ട് താനും. പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനുള്ള സൂത്രവാക്യം അടക്കം തയ്യാറാക്കി സമാജ് വാദി പാർട്ടി രംഗത്തുണ്ട്. ഉത്തർപ്രദേശിലെ എൺപതിടത്തും ബിജെപിയെ തോൽപ്പിക്കണമെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. അതിനായി ശക്തിയുള്ള പാർട്ടികളുടെ പിന്തുണയും അദ്ദേഹം തേടുന്നു.

ബിജെപിയെ തോൽക്കാൻ 'പിഡിഎ' എന്നതാണു അഖിലേഷിന്റെ ഫോർമുല. പിച്ച്ലെ (പിന്നാക്കക്കാർ), ദലിത്, അൽപാസൻക്യാക് (ന്യൂനപക്ഷങ്ങൾ) എന്നതിന്റെ ചുരുക്കെഴുത്താണു പിഡിഎ. കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയെ പിഡിഎയ്ക്കു തോൽപ്പിക്കാനാകുമെന്നു ദേശീയ മാധ്യമത്തിന്റെ പരിപാടിയിലാണ് അഖിലേഷ് അഭിപ്രായപ്പെട്ടത്. വിശാല പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'ഉത്തർപ്രദേശിലെ എൺപതിടത്തും തോൽപ്പിക്കുക, ബിജെപിയെ ഒഴിവാക്കുക' എന്നതാണു തന്റെ ഏക മുദ്രാവാക്യമെന്നും അഖിലേഷ് വ്യക്തമാക്കി.

''വലിയ ദേശീയ പാർട്ടികൾ ഞങ്ങളെ പിന്തുണയ്ക്കുകയാണെങ്കിൽ, ഉത്തർപ്രദേശിലെ 80 ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിയെ തോൽപ്പിക്കാനാകും. പ്രതിപക്ഷ സഖ്യം രൂപീകരിക്കുമ്പോൾ, ഓരോ സംസ്ഥാനത്തെയും ശക്തിയും സ്വാധീനവും അനുസരിച്ച് പാർട്ടികൾക്കു സീറ്റ് വിഭജിച്ചു നൽകണമെന്നതു മനസ്സിലുണ്ടാകണം. സമാജ്വാദി പാർട്ടി സഖ്യത്തിലേർപ്പെടുമ്പോൾ സീറ്റിന്റെ പേരിൽ തർക്കമുണ്ടായെന്നതു കേട്ടിട്ടുണ്ടോ'' അഖിലേഷ് ചോദിച്ചു.

സംസ്ഥാന, ദേശീയ തെരഞ്ഞെടുപ്പുകളിൽ മുമ്പ് കോൺഗ്രസുമായും മായാവതിയുടെ ബി.എസ്‌പിയുമായും സഖ്യമുണ്ടാക്കിയിരുന്നു. സഖ്യകക്ഷികളുമായി ഏറ്റവും വിശ്വസ്തതയോടെയാണ് സമാജ് വാദി പാർട്ടി പ്രവർത്തിക്കാറുള്ളത്. സഖ്യത്തിൽ ആരു തന്നെയായാലും സീറ്റിന്റെ കാര്യത്തിൽ ഞങ്ങൾ തർക്കിക്കാറില്ല-അഖിലേഷ് യാദവ് തുറന്നു പറഞ്ഞു.

അതിനിടെ കോൺഗ്രസിന് മുന്നിൽ ഉപാധിവച്ച് ആം ആദ്മിയും രംഗത്തുവന്നതോടെ പ്രതിപക്ഷ ഐക്യത്തിൽ കല്ലുകടി ഉടലെടുത്തിട്ടണ്ട്. ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസ് മൽസരിച്ചില്ലെങ്കിൽ രാജസ്ഥാനിലും മധ്യപ്രദേശിലും എഎപി മൽസരരംഗത്ത് ഉണ്ടാകില്ലെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പുകളിൽ സഹകരണത്തിനില്ലെന്നും പാർട്ടിയെ ദുർബലപ്പെടുത്തുന്ന നടപടികളിലേക്ക് പോകില്ലെന്നുമാണ് കോൺഗ്രസ് നിലപാട്. ഇരു പാർട്ടികളുടെയും നിലപാട് പ്രതിപക്ഷ ഐക്യനീക്കങ്ങളിൽ കല്ലുകടിയായേക്കും.

എല്ലാ സംസ്ഥാനങ്ങളിലും അടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന കോൺഗ്രസിനെ തർക്കുന്ന ഉപാധിയാണ് ആം ആദ്മി പാർട്ടിമുന്നോട്ട് വച്ചിട്ടുള്ളത്. നേരത്തെ ഭരണത്തിലുണ്ടായിരുന്ന ഡൽഹിയിലും പഞ്ചാബിലും മത്സരിക്കാതിരിക്കുന്നത് പാർട്ടിയെ തുടച്ച് നീക്കുന്നതിന് തുല്യമാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. സമാന ആവശ്യം കൂടുതൽ പാർട്ടികൾ ഉന്നയിച്ചേക്കും. മാറിനിൽക്കൽ ബിജെപിയെ വളർത്തലാകും.

രാജസ്ഥാനിലും മധ്യപ്രദേശിലും എഎപി മാറി നിന്നതുകൊണ്ട് കോൺഗ്രസിന് പ്രയോജനമില്ലെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നു. കോൺഗ്രസിന്റെ നിലപാടിനെതിരെ എഎപി ഉറച്ച് നിന്നാൽ പ്രതിപക്ഷ ഐക്യനിരയുടെ തുടർ നീക്കത്തെ ബാധിക്കും. കേന്ദ്ര ഓർഡിനൻസിനെതിരായ ഡൽഹി സർക്കാരിന്റെ പോരാട്ടത്തെ കോൺഗ്രസ് പിന്തുണക്കാത്തതിലും മുഖ്യമന്ത്രി അരവിന്ദ് കെ്ര്രജിവാളുമായി മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ചക്ക് തയ്യാറാകാത്തതിലും എഎപിക്ക് വലിയ അതൃപ്തിയുണ്ട്.