ന്യൂഡൽഹി: ബിജെപി ദേശീയ നേതൃത്വം പുനഃസംഘടിപ്പിച്ചു. പുതിയ മുഖങ്ങളെ ഉൾപ്പെടുത്തിയാണ് മാറ്റം. ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായി ബിഎൽ സന്തോഷ് തുടരും. കേരളത്തിൽ നിന്നും അനിൽ ആന്റണിയും ദേശീയ നേതൃത്വത്തിന്റെ ഭാഗമായി. മുൻ മുഖ്യമന്ത്രിയായ ആന്റണിയുടെ മകന് ദേശീയ സെക്രട്ടറി സ്ഥാനമാണ് നൽകുന്നത്. എപി അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്റായി തുടരും. ലക്‌നൗവിൽ നിന്നുള്ള ശിവപ്രകാശാണ് ബിജെപിയുടെ ദേശീയ സഹസംഘടനാ സെക്രട്ടറി.

13 വൈസ് പ്രസിഡന്റുമാരും 8 ജനറൽ സെക്രട്ടറിമാരും ബിജെപിക്കുണ്ടാകും. ഇതിന് പുറമേയാണ് സംഘടനാ ജനറൽ സെക്രട്ടറിയും സഹ സംഘടനാ ജനറൽ സെക്രട്ടറിയും. ആനിൽ ആന്റണി ഉൾപ്പെടെ 13 സെക്രട്ടറിമാരുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ മാറ്റങ്ങൾ. കുറച്ചു കാലം മുമ്പാണ് ആന്റണിയുടെ മകനായ അനിൽ ബിജെപിയിൽ എത്തുന്നത്. ന്യൂഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കാൻ താൽപ്പര്യമെന്ന് അനിൽ ആന്റണി സൂചന നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ബിജെപിയുടെ ദേശീയ സെക്രട്ടറിയാക്കുന്നത്.

അലിഗഢ് മുസ്ലിം സർവകലാശാല മുൻ വൈസ് ചാൻസലർ താരിഖ് മൻസൂറും പുതിയ ഉപാധ്യക്ഷന്മാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. തെലങ്കാന ബിജെപി മുൻ അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിനെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പുതിയ നിയമനങ്ങൾ നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കാര്യമായ മാറ്റങ്ങൾ ഇല്ലാതെ ബിജെപി സംഘടനാ സംവിധാനം തുടരുമെന്നാണ് പുതിയ നിയമനങ്ങൾ നൽകുന്ന സൂചന. ജനറൽ സെക്രട്ടറിമാരിൽ കേരളത്തിൽനിന്ന് ആരുമില്ല. പതിമൂന്നു ദേശീയ സെക്രട്ടറിമാരുടെ പട്ടികയിലാണ് അനിൽ ആന്റണി ഇടംപിടിച്ചത്.

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ ആന്റണി ഏപ്രിലിലാണ് ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽനിന്നാണ് അനിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചാണ് കോൺഗ്രസുമായി തെറ്റിയത്. തുടർന്ന് പദവികളെല്ലാം രാജിവച്ചാണ് ബിജെപിയിൽ ചേർന്നത്.

ബിജെപി.യിൽ അടിത്തട്ടുവരെയുള്ള ഗ്രൂപ്പുപോര് ലോക്സഭാ തിരഞ്ഞെടുപ്പുവരെ അംഗീകരിക്കില്ലെന്ന സൂചനയും കേരളത്തിന് കേന്ദ്രം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപി.യുടെ പ്രകടനം വിലയിരുത്തിയാകും കേരളത്തിലെ മാറ്റങ്ങൾ. കെ. സുരേന്ദ്രനെ പ്രസിഡന്റ്സ്ഥാനത്തുനിന്ന് മാറ്റുമെന്ന് പ്രചാരണമുണ്ടെങ്കിലും അതിന് സാധ്യതയില്ല. സംസ്ഥാനനേതൃത്വത്തിനെതിരേ ഇടയ്ക്കിടെ വെടിയുതിർക്കുന്നത് വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്മാത്രമാണ്. ശോഭയ്‌ക്കെതിരേ സംസ്ഥാനനേതൃത്വം കേന്ദ്രഘടകത്തിന് പരാതിനൽകിയെന്ന് വാർത്തയെത്തി. ഇതിലും നടപടിയുണ്ടാകില്ല.

എ.കെ. ആന്റണിയുടെ മകനെ ദേശീയ നേതൃത്വത്തിന്റെ ഭാഗമാക്കിയുള്ള പരീക്ഷണമാണ് ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിൽ ലക്ഷ്യമിടുന്നത്. ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനാണ് നീക്കം. കേരളത്തിലെ ബിജെപിയിൽ പ്രാദേശികതലംവരെ ഗ്രൂപ്പുണ്ടെന്നും അത് ശക്തമാണെന്നും നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു. സുരേന്ദ്രനെ പ്രസിഡന്റ്സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ഇപ്പോള് ആരും ഉന്നയിക്കുന്നില്ല. പാർട്ടിയിൽ അഴിച്ചുപണിയുണ്ടാകില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.