ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഇന്നലെ ഡൽഹിയിൽ മുസ്ലിം നേതാക്കളുമായി ചർച്ച നടത്തിയത് ചർച്ചാവിഷയമായിരിക്കുകയാണ്. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് മോഹൻ ഭാഗവത് മുസ്ലിം നേതാക്കളുമായി ചർച്ച നടത്തുന്നത്. ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ തലവൻ ഡോ.ഉമർ അഹമ്മദ് ഇല്ല്യാസിയുമായിട്ടായിരുന്നു മുഖ്യകൂടിക്കാഴ്ച. ഡോ. ഉമർ അഹമ്മദ് ഇല്യാസിയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ കൂടിക്കാഴ്ച ഭാരത് ജോഡോ യാത്രയുടെ സ്വാധീനമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. രാജ്യത്തെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോയിൽ പങ്കുചേരാൻ ഗൗരവ് വല്ലഭ് അദ്ദേഹം ആവശ്യപ്പെട്ടു. ആർഎസ്എസ് മേധാവി ഒരു പള്ളി സന്ദർശിക്കുന്നത് ആദ്യമാണെന്നും ഇത് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സ്വാധീനമാണെന്നും ഗൗരവ് വല്ലഭ് പറഞ്ഞു.

'ഭാരത് ജോഡോ യാത്ര ആരംഭിച്ച് 15 ദിവസമേ ആയിട്ടുള്ളൂ. ഫലം പുറത്തുവന്നു തുടങ്ങി. ബിജെപി നേതാക്കൾ ചാനൽ ചർച്ചകളിൽ വിദ്വേഷ പ്രസ്താവനകൾ നടത്തി കൊണ്ടിരിക്കുമ്പോഴാണ് മോഹൻ ഭാഗവത് ഇമാമിനെ സന്ദർശിക്കുന്നത്. അടുത്തത് എന്താണ് സംഭവിക്കുന്നതെന്ന് നോക്കി കാണാം'- ഗൗരവ് വല്ലഭ് പറഞ്ഞു. 15 ദിവസത്തെ യാത്ര നിങ്ങളെ ഇത്രയും സ്വാധീനിച്ചെങ്കിൽ തീർച്ചയായും രാഹുൽ ഗാന്ധിക്കൊപ്പെം ത്രിവർണ പതാകയേന്തി ഒരു മണിക്കൂറെങ്കിലും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കണമെന്ന് ഭാഗവതിനോട് അദ്ദേഹം അഭ്യർത്ഥിച്ചു.

ഇന്നലെ ഡൽഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലെ ഒരു പള്ളി സന്ദർശിച്ച ശേഷം ഭാഗവത് പഴയ ഡൽഹിയിലെ തജ്വീദുൽ ഖുറാൻ മദ്രസ സന്ദർശിക്കുകയും അവിടെയുള്ള കുട്ടികളുമായി സംവദിക്കുകയും ചെയ്തിരുന്നു. ഒരു മണിക്കൂറോളം മദ്രസ അദ്ധ്യാപകരോടും കുട്ടികളോടും സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയതെന്ന് മദ്രസ ഡയറക്ടർ മഹ്മൂദുൽ ഹസൻ പറഞ്ഞു.

കോൺഗ്രസ് നേതാവ് പവൻ ഖേരയും സമാനമായ ട്വീറ്റുമായി രംഗത്തെത്തി. വിദ്വേഷപ്രസംഗങ്ങളുടെ പേരിൽ മന്ത്രിമാർ ഒറ്റപ്പെടുന്ന ഘട്ടത്തിലാണ് മോഹൻ ഭാഗവത് ഇമാമുമാരുമായി കൂടിക്കാഴ്ചയ്ക്കു തയാറാകുന്നതെന്ന് പവൻ ട്വീറ്റ് ചെയ്തു.