തൃശൂർ: തൃശ്ശൂരിൽ സംഘടിപ്പിച്ച മഹാജനസഭയോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളത്തിൽ തുടക്കം കുറിച്ചു കോൺഗ്രസ്. തെരഞ്ഞെടുപ്പു ഏതു സമയത്തും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട് എന്നത് മുന്നിൽ കണ്ടാണ് എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയെ പങ്കെടുപ്പിച്ചു കോൺഗ്രസ് മഹാജനസഭ സംഘടിപ്പിച്ചത്. ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളിൽ ഊന്നിയാകും കോൺഗ്രസിന്റെ പ്രചരണം എന്നു സൂചിപ്പിച്ചു കൊണ്ടാണ് ഖാർഗെയുടെ പ്രസംഗവും.

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് അധ്യക്ഷൻ തൃശ്ശൂരിൽ ഉയർത്തിയത്. ഫെഡറലിസത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ഖർഗെ കുറ്റപ്പെടുത്തി. മോദി സർക്കാരിന്റെ നയങ്ങൾ ന്യൂനപക്ഷങ്ങളെയും വനിതകളെയുമാണ് കൂടുതൽ ബാധിച്ചത്. യുവാക്കൾ തൊഴിൽ രഹിതരായി. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാൻ ഐക്യത്തോടെ മുന്നോട്ട് പോകണം. സ്വകാര്യ, പൊതു സഹകരണ മേഖലകൾ ഒന്നിച്ചു പ്രവൃത്തിക്കുന്ന സമ്പദ്ഘടനയാണ് നെഹ്‌റു വിഭാവനം ചെയ്തത്.

പൊതുമേഖലാ സ്ഥാപനങ്ങൾ ദശലക്ഷങ്ങൾക്ക് തൊഴിൽ നൽകി. പിന്നാക്ക, ദിലിത് വിഭാഗങ്ങൾക്ക് തൊഴിലിലൂടെ മുന്നോട്ടുവരാനായി.എന്നാൽ മോദി സ്വകാര്യ മേഖലയെ പരിലാളിക്കുന്നു.മറ്റ് മേഖലകളെ സ്വാഭാവിക മരണത്തിന് വിട്ടു കൊടുത്തു. പൊതുമേഖലയ്ക്ക് തളർച്ചയുണ്ടായാൽ തിരികെയെത്തിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. എന്നാൽ മോദി പൊതുമേഖലയെ തകർക്കുകയും സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഏതാനും സ്വകാര്യ മുതലാളിമാരെ പരിലാളിക്കുന്നു.പണപ്പെരുപ്പം ദിനംപ്രതി വർധിക്കുന്നു.

തൊഴിലില്ലായ്മ കൂടി കൂടുമ്പോൾ സാധാരണക്കാരുടെ ഭരണം മോദി ഭരണത്തിൽ ദുരിതപൂർണമാകുന്നു.വിലക്കയറ്റം രൂക്ഷം.പാചക വാതക വില 400 രൂപയിൽ നിന്ന് 1600 ആയി. മധ്യവർഗത്തെയും സാധാരണക്കാരെയും പണപ്പെരുപ്പം പ്രതിസന്ധിയിലാക്കി . കോർപ്പറേറ്റുകൾക്കും ധനികർക്കുമായി കോടാനുകോടി എഴുതിത്ത്ത്തള്ളുന്നു. സബ് സിഡി ധനികർക്ക് നൽകി. കോൺഗ്രസ് കൂടുതൽ തൊഴിൽ സൃഷ്ടിക്കും. എല്ലാവരെയും ഉൾക്കൊള്ളുന്ന നയമാകും കോൺഗ്രസിന്റെത്.

ബിജെപിയുടെ രാഷ്ട്രീയ തന്ത്രം തിരിച്ചറിയണം. മതത്തിന്റെ പേരിൽ വോട്ടു വാങ്ങാനെത്തുന്നവർ സ്ത്രീ വിരുദ്ധരാണെന്ന് സഹോദരിമാർ തിരിച്ചറിയണം. സ്ത്രീകൾക്കും ന്യനപക്ഷങ്ങൾക്കെതിരായ അക്രമം വർധിച്ചു.ഓരോ മണിക്കൂറിലും 51 സ്ത്രീകൾക്കെതിരെ അക്രമം നടക്കുന്നു എന്ന് കണക്കുകൾ. അക്രമികളെ സംരക്ഷിക്കുകയാണ് മോദി സർക്കാർ. മണിപ്പൂരിലെ ബലാത്സംഗങ്ങളും അക്രമങ്ങളും രാജ്യത്തെ നാണക്കേടിലേക്ക് തള്ളിവിട്ടു.കഴിഞ്ഞ 9 മാസമായി നടക്കുന്ന അക്രമം തടയുന്നതിൽ കേന്ദ്രം തയാറാവുന്നില്ല. എന്നു കൊണ്ട് പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോയില്ല?കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ പോയി.

പ്രധാനമന്ത്രി രാജ്യത്തെല്ലായിടത്തും പോയി രാഷ്ട്രീയ യോഗങ്ങളിൽ പോയി പ്രസംഗിക്കാൻ സമയമുണ്ട്. ലക്ഷദ്വീപിൽ ടൂറു പോയി. മണിപ്പൂരിൽ പോകാൻ സമയമില്ലെന്നും ഖർഗെ കുറ്റപ്പെടുത്തി. കേരളത്തിലും യുവാക്കൾക്കും വിദ്യാർത്ഥികൾക്കും നേരെ അതിക്രമം വർധിക്കുന്നു. കലാലയങ്ങളിൽ ഭരണകക്ഷിയുടെ വിദ്യാർത്ഥിസംഘടനയിൽ നിന്ന് അതിക്രമം വർധിക്കുന്നു.അതിക്രമങ്ങളെ തുറന്നു കാട്ടുക കോൺഗ്രസിന്റെ കടമയാണെന്നും ഖർഗെ ചൂണ്ടിക്കാട്ടി.

അതേസമയം തൃശൂരിൽ ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിലടക്കം പൊതു അഭിപ്രായം ഉയർന്നിരുന്നു. ഇക്കുറി മത്സരിക്കാനില്ലെന്ന ചില എം പിമാരുടെ അഭിപ്രായമടക്കം തെരഞ്ഞെടുപ്പ് സമിതി യോഗം തള്ളിക്കളഞ്ഞു. സിറ്റിങ് എം പിമാർ മത്സരത്തിന് ഇറങ്ങുന്നതാണ് നല്ലതെന്നാണ് യോഗത്തിൽ ഉയർന്ന പൊതുഅഭിപ്രായം. സിറ്റിങ് എംപിമാർ മത്സരത്തിന് ഇറങ്ങേണ്ടിവരുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും വ്യക്തമാക്കിയിട്ടുണ്ട്.

കോൺഗ്രസ് മത്സരിക്കുന്നതിൽ രണ്ട് സീറ്റുകളിൽ മാത്രമാണ് ഇനി ധാരണയുണ്ടാക്കേണ്ടത്. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പിയായിട്ടുള്ള കണ്ണൂർ മണ്ഡലത്തിലും സി പി എം വിജയിച്ച ആലപ്പുഴയിലും ഒഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം സിറ്റിങ് എം പിമാർ തന്നെയാകും കളത്തിലെത്തുകയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കെ പി സി സി അധ്യക്ഷനായതിനാൽ തന്നെ സംഘടനാ ചുമതല നോക്കേണ്ടതുള്ളതിനാൽ സുധാകരൻ ഇക്കുറി ലോക്‌സഭ പോരാട്ടത്തിനുണ്ടാകില്ല.

ഇക്കുറി മത്സരിക്കാനില്ലെന്ന സുധാകരന്റെ ആവശ്യത്തിന് മാത്രമാണ് നിലവിൽ കോൺഗ്രസിൽ പച്ചകൊടി കിട്ടിയിട്ടുള്ളത്. മത്സരിക്കാൻ താത്പര്യമില്ലെന്ന കൊടിക്കുന്നിൽ സുരേഷിന്റെയടക്കം വാദം സമിതി തള്ളി. സംഘടനാ ചുമതല ഏറ്റെടുത്ത് മുന്നോട്ട് പോകാനായി ഇക്കുറി മാറിനിൽക്കാൻ അനുവദിക്കണമെന്നായിരുന്നു കൊടിക്കുന്നിൽ ആവശ്യപ്പെട്ടത്.

കണ്ണൂരിലും ആലപ്പുഴയിലും സ്ഥാനാർത്ഥിനിർണയത്തിന് ഉപ സമിതിയെ നിയോഗിക്കാൻ തൃശൂരിൽ ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കെ പി സി സി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, യു ഡി എഫ് കൺവീനർ എന്നവരാണ് ഉപ സമിതിയിലുള്ളത്. കെ സുധാകരൻ, വി ഡി സതീശൻ , എം എം ഹസ്സൻ എന്നിവരടങ്ങിയ ഈ സമിതി സിറ്റിങ് എം പിമാർ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാകും തീരുമാനമെടുക്കുക.