തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന മത്സരത്തിൽ മുതിർന്ന നേതാവ് മല്ലികാർജ്ജുന് ഖാർഗെ വിജയിക്കുമെന്ന് തന്നെയാണ് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ അനുകൂലമായി പിച്ചൊരുക്കി നൽകി ഖാർഗെ വിജയിക്കാൻ ഒരുങ്ങുമ്പോഴും ചിലപ്പോൾ വ്യക്തപ്രഭാവം കൊണ്ട് അട്ടിമറി പോലും കണക്കുകൂട്ടിയാണ് തരൂർ രംഗത്തുള്ളത്. ഫൈനൽ റിസൽട്ട് എന്തായാലും തരൂർ ഈ കളിയിൽ വിജയിച്ചു കഴിഞ്ഞു. കാരണം മധ്യവർഗ്ഗ ഇന്ത്യയുടെ മനസ്സിൽ ഇടംപിടിക്കാൻ കെൽപ്പുള്ള മിടുക്കനായ നേതാവാണ് താനെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. പാൻ ഇന്ത്യൻ ഇമേജ് ശക്തമാക്കി കോൺഗ്രസിലെ കരുത്തന്മാരുടെ ലിസ്റ്റിലേക്കാണ് തരൂരിന്റെ പോക്ക്. വിജയിച്ചാലും ഇല്ലെങ്കിലും ഇനി അദ്ദേഹത്തെ പാർട്ടി എങ്ങനെ ഉപയോഗിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നം കോൺഗ്രസിന്റെയും രാഷ്ട്രീയ ഭാവി.

മികച്ച വോട്ട് വിഹിതത്തിലൂടെ സാന്നിധ്യമറിയിക്കുക എന്ന ലക്ഷ്യത്തോടെയാണു ശശി തരൂരിന്റെ നീക്കങ്ങൾ. ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുണ്ടെന്ന് ഉറപ്പിച്ചാണ് ഖാർഗെ കളത്തിൽ ഇറങ്ങിയത്. സംഘടനാ രംഗത്തെ അനുഭവസമ്പത്തുള്ള നേതാവാണ് അദ്ദേഹം. സംസ്ഥാന നേതാക്കളുമായി ഉറച്ച ബന്ധമാണെന്നതും പാർട്ടിയുടെ ദലിത് മുഖം എന്നതും ഖാർഗെക്ക് കാര്യങ്ങൾ അനായാസമാക്കുന്നു. എന്നാൽ. 80 വയസുള്ള നേതാവെന്നതും. ഗാന്ധി കുടുംബത്തിന്റെ 'പാവ' പ്രസിഡന്റായിരിക്കുമെന്ന ആക്ഷേപവും അദ്ദേഹത്തിന് തിരിച്ചടിയാണ്. മാത്രമല്ല, യുവാക്കളെ ആകർഷിക്കാനുള്ള പ്രതിഛായയും അദ്ദേഹത്തിനില്ല. എങ്കിലും എല്ലാ പിസിസികളിലും ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കൂ കൂട്ടൽ.

ശശി തരൂരിന് 300 വോട്ടിൽ കൂടുതൽ ലഭിക്കില്ലെന്നാണ് ഖാർഗെ പക്ഷം കണക്കുകൂട്ടുന്നത്. ആഗോള പ്രതിഛായയും മികച്ച വാഗ്മിയെന്നതും യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള കഴിവും തരൂരിന് ഗുണകരമായി മാറും. സ്വീകാര്യതയുടെ കാര്യത്തിൽ പ്രവർത്തകർക്കിടയിൽ ഖർഗയെക്കാൾ ബഹുദൂരം മുന്നിലാണ് അദ്ദേഹം. ഈ തെരഞ്ഞെടുപ്പിലൂടെ അദ്ദേഹം ഇക്കാര്യം അറക്കിട്ടുറപ്പിക്കുകയും ചെയ്തു. തരൂർ മത്സരിക്കാനായി പോയ സ്ഥലങ്ങളിലെല്ലാം വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നു. പാർട്ടിയിൽ സംഘടനാതലത്തിൽ അടിമുടി മാറ്റങ്ങൾ വരുത്താൻ സന്നദ്ധനാണെന്ന പ്രഖ്യാപനം പാർട്ടി സ്‌നേഹികളെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചു.

1000 - 1500 വോട്ട് ലഭിച്ചാൽ തരൂർ അവഗണിക്കാൻ സാധിക്കാത്ത നേതവായി മാറും. പ്രവർത്തക സമിതി, വർക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലൊന്നിലേക്ക് അവകാശമുന്നയിക്കാം. കേരളത്തിൽ നിന്നുള്ള പ്രതീക്ഷ 100- 150 വോട്ടാണ് തരൂർ പ്രതീക്ഷിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ സംസ്ഥാന രാഷ്ട്രീയത്തിലും തരൂരിന്റെ പ്രഭാവം വർധിക്കുമെന്ന് ഉറപ്പാണ്.

വോട്ടെടുപ്പു് പത്ത് മണി മുതൽ

കോൺഗ്രസ് വോട്ടെടുപ്പിനായി എല്ലാ ഒരുക്കങ്ങലും പൂർത്തിയായിട്ടുണ്ട്. കോൺഗ്രസ് തിരഞ്ഞെടുപ്പിലെ പോളിങ് ബൂത്തായി ഇന്ന് കെപിസിസി ആസ്ഥാനം മാറും. കോൺഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഇന്നു രാവിലെ 10 മുതൽ വൈകിട്ടു നാലു വരെ നടക്കുന്ന വോട്ടെടുപ്പിന് രണ്ടു പോളിങ് ബൂത്തുകളാണു ഇന്ദിരാ ഭവനിൽ സജ്ജമാക്കിയിരിക്കുന്നത്. എഐസിസി നിയോഗിച്ച റിട്ടേണിങ് ഓഫിസർ കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയ്യയും അസി. റിട്ടേണിങ് ഓഫിസർ അറിവഴകനും ഇന്നലെ ഒരുക്കങ്ങൾ വിലയിരുത്താൻ കെപിസിസി ആസ്ഥാനത്തെത്തി.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണനും ഏതാനും നേതാക്കളും ഇന്ദിരാഭവനിൽ ഉണ്ടായിരുന്നു. ആകെ 310 വോട്ടർമാരാണ് കേരളത്തിൽ നിന്ന് ഉള്ളത്. ഇതിൽ 285 കെപിസിസി അംഗങ്ങളും 10 മുൻ പ്രസിഡന്റുമാരും 15 പാർലമെന്ററി പാർട്ടി അംഗങ്ങളുമുണ്ട്. വോട്ടർമാർക്ക് എല്ലാം പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. ഇതു വാങ്ങാത്തവർക്ക് ഇന്നും കൈപ്പറ്റി വോട്ടു ചെയ്യാം.

അതേസമയം, മറ്റു പിസിസികളിൽ റിട്ടേണിങ് ഓഫിസർമാരായ ഹൈബി ഈഡൻ (പുതുച്ചേരി), ഷാനിമോൾ ഉസ്മാൻ (ആൻഡമാൻ), രാജ്‌മോഹൻ ഉണ്ണിത്താൻ (തെലങ്കാന) എന്നിവരും അസി. റിട്ടേണിങ് ഓഫിസർമാരായ നെയ്യാറ്റിൻകര സനൽ (തമിഴ്‌നാട്), ജോൺസൺ ഏബ്രഹാം, അനിൽ തോമസ് (കർണാടക), ടി.ഡി.പ്രദീപ്കുമാർ (ആൻഡമാൻ) എന്നിവരും കേരളത്തിൽ വോട്ടു ചെയ്യില്ല. ഇവർക്കു പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ശാരീരിക അവശതകൾ ഉള്ളതിനാൽ പി.പി.തങ്കച്ചൻ, സി.വി.പത്മരാജൻ തുടങ്ങിയ നേതാക്കളും എത്തില്ല. യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയാണ് അസാന്നിധ്യം അറിയിക്കുന്ന മറ്റൊരു വോട്ടർ.

സ്ഥാനാർത്ഥിയായ മല്ലികാർജുൻ ഖർഗെയ്ക്ക് മുൻ മന്ത്രി വി എസ്.ശിവകുമാർ, എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, മുൻ എംഎൽഎ എ.എ.ഷുക്കൂർ എന്നീ 4 ഏജന്റുമാരാണ് കേരളത്തിൽ ഉള്ളത്. കേരളത്തിൽ വോട്ടുള്ള എതിർ സ്ഥാനാർത്ഥി ശശി തരൂർ എംപിയുടെ ഏജന്റുമാർ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. തരൂർ ഇന്നലെ രാത്രി വൈകി കേരളത്തിൽ എത്തിയിട്ടുണ്ട്. തനിക്ക് പാർട്ടിയിൽ പരിചയമല്ലെന്നത് അടക്കമുള്ള സുധാകരന്റെ വിമർശനത്തിലും അദ്ദേഹം മറുപടി നൽകിയിട്ടുണ്ട്.